അനായാസം ഓസീസ്; വിന്‍ഡീസിനെ തകര്‍ത്തു, ഒന്നാം ടെസ്റ്റില്‍ പത്ത് വിക്കറ്റ് ജയം

ഓപ്പണര്‍ ഉസ്മാന്‍ ഖവാജ റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയിരുന്നു. താരം 9 റണ്‍സെടുത്തു. കളി അവസാനിക്കുമ്പോള്‍ 11 റണ്‍സുമായി സ്റ്റീവ് സ്മിത്തും ഒരു റണ്ണുമായി മര്‍നസ് ലബുഷെയ്‌നുമായിരുന്നു ക്രീസില്‍
ചിത്രം: ട്വിറ്റർ
ചിത്രം: ട്വിറ്റർ

അഡ്ലെയ്ഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയ അനായാസ വിജയം. പത്ത് വിക്കറ്റിനാണ് ഓസ്‌ട്രേലിയ വിജയിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ ഓസീസിനു ജയിക്കാന്‍ 26 റണ്‍സ് മാത്രം മതിയായിരുന്നു. വിക്കറ്റ് നഷ്ടമില്ലാതെ തന്നെ അവര്‍ ലക്ഷ്യം കണ്ടു. 

ഓപ്പണര്‍ ഉസ്മാന്‍ ഖവാജ റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയിരുന്നു. താരം 9 റണ്‍സെടുത്തു. കളി അവസാനിക്കുമ്പോള്‍ 11 റണ്‍സുമായി സ്റ്റീവ് സ്മിത്തും ഒരു റണ്ണുമായി മര്‍നസ് ലബുഷെയ്‌നുമായിരുന്നു ക്രീസില്‍.  

ഒന്നാം ഇന്നിങ്സില്‍ 188 റണ്‍സില്‍ ഓള്‍ ഔട്ടായ വിന്‍ഡീസ് പക്ഷേ ഓസീസിനെ 283 റണ്‍സില്‍ ഒതുക്കി. രണ്ടാം ഇന്നിങ്സില്‍ വിന്‍ഡീസ് 120 റണ്‍സില്‍ പുറത്തായി. ഇതോടെ ഓസീസ് ലക്ഷ്യം 26 റണ്‍സായി. 

26 റണ്‍സെടുത്ത കിര്‍ക് മക്കെന്‍സിയാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. ജസ്റ്റിന്‍ ഗ്രീവ്‌സ് 24 റണ്‍സെടുത്തു. ജോഷ്വ ഡാ സില്‍വ (18), അല്‍സാരി ജോസഫ് (16), ഷമര്‍ ജോസഫ് (15) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. 11 റണ്‍സുമായി കെമര്‍ റോച്ച് പുറത്താകാതെ നിന്നു. 

ഓസീസിനായി ജോഷ് ഹെയ്‌സല്‍വുഡ് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്ക്, നതാന്‍ ലിയോണ്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി. 

നേരത്തെ ഒന്നാം ഇന്നിങ്സില്‍ പതറിയ ഓസീസിനെ 119 റണ്‍സുമായി പൊരുതിയ ട്രാവിസ് ഹെഡ്ഡിന്റെ സെഞ്ച്വറിയാണ് കരകയറ്റിയത്. ഉസ്മാന്‍ ഖവാജ 45 റണ്‍സെടുത്തു. നതാന്‍ ലിയോണ്‍ 24 റണ്‍സും കണ്ടെത്തി. ഡേവിഡ് വാര്‍ണര്‍ വിരമിച്ചതോടെ സ്റ്റീവ് സ്മിത്താണ് ഖവാജയ്ക്കൊപ്പം ഓപ്പണറായത്. പക്ഷേ തിളങ്ങിയില്ല. 

അരങ്ങേറ്റക്കാരന്‍ ഷമര്‍ ജോസഫിന്റെ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ അവിസ്മരണീയ ബൗളിങാണ് ഓസീസിന്റെ 300 കടക്കാനുള്ള മോഹം കെടുത്തിയത്. കെമര്‍ രോച്, ജസ്റ്റിന്‍ ഗ്രീവ്സ് എന്നിവര്‍ രണ്ട് വിക്കറ്റുകളും അല്‍സാരി ജോസഫ് ഒരു വിക്കറ്റുമെടുത്തു. 

കിര്‍ക് മെക്കന്‍സിയുടെ (50) അര്‍ധ സെഞ്ച്വറിയും അവസാന ബാറ്റര്‍ ഷമര്‍ ജോസഫിന്റെ 36 റണ്‍സുമാണ് വിന്‍ഡീസിനെ ഒന്നാം ഇന്നിങ്സില്‍ തുണച്ചത്. 

ഒന്നാം ഇന്നിങ്സില്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയസല്‍വുഡ് എന്നിവരുടെ ബൗളിങാണ് കരീബിയന്‍സിനെ വീഴ്ത്തിയത്. ഇരുവരും നാല് വീതം വിക്കറ്റുകളെടുത്തു. മിച്ചല്‍ സ്റ്റാര്‍ക്ക്, നതാന്‍ ലിയോണ്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com