'ബാറ്റിങ് കാണാൻ കൂട്ടുകാരെ വിളിച്ചു, തുടരെ 2 ഗോൾഡൻ ഡക്കുകൾ; മൂന്നാം കളിക്ക് വിളിച്ചില്ല അന്ന് ആദ്യമായി 1 റണ്‍സെടുത്തു!'

ഗല്ലി ക്രിക്കറ്റ് അനുഭവങ്ങള്‍ പങ്കിട്ട് സച്ചിന്‍ ടെണ്ടുല്‍ക്കര്‍
സച്ചിന്‍
സച്ചിന്‍പിടിഐ

മുംബൈ: ക്രിക്കറ്റ് എന്ന കളിയുടെ തന്നെ തലവര മാറ്റിയ ഇതിഹാസങ്ങളില്‍ ഒരാളാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഇപ്പോള്‍ തന്റെ ക്രിക്കറ്റ് യാത്രയുടെ തുടക്കത്തെക്കുറിച്ചു പറയുകയാണ് സച്ചിന്‍. ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീ​ഗ് (ഐഎസ്പിഎൽ) പോരാട്ടങ്ങളുടെ ഭാ​ഗമായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവേയാണ് ​ഗല്ലി ക്രിക്കറ്റ് അനുഭവങ്ങൾ അദ്ദേഹം പങ്കിട്ടത്.

ഗല്ലി ക്രിക്കറ്റ് കളിക്കാന്‍ ആദ്യമായി ഇറങ്ങിയ അനുഭവം അദ്ദേഹം പറയുന്നു. ആദ്യ രണ്ട് മത്സരങ്ങളിലും കൂട്ടുകാരെയൊക്കെ തന്റെ ബാറ്റിങ് കാണാന്‍ വിളിച്ചിരുന്നതായി സച്ചിന്‍ പറയുന്നു. ആദ്യ രണ്ട് തവണയും പൂജ്യത്തിനു പുറത്തായതോടെ കൂട്ടുകാര്‍ക്ക് നിരാശയായിരുന്നു. തനിക്കും. എന്നാല്‍ മൂന്നാം പോരില്‍ കൂട്ടുകാരെയൊന്നും വിളിച്ചില്ല. ആ മത്സരത്തിലും പരാജയമായി. മൂന്നാം വട്ടം പക്ഷേ ഒരു റണ്‍സ് കണ്ടെത്തി. അതില്‍ തനിക്കു സന്തോഷം തോന്നിയെന്നും സച്ചിന്‍.

'എന്റെ ജീവിതത്തിലെ ആദ്യ മത്സരം കാണാന്‍ സാഹിത്യ സഹവാസിലെ എന്റെ സുഹൃത്തുക്കളെ ഞാന്‍ വിളിച്ചു. കോളനിയിലെ പ്രധാന ബാറ്റര്‍ ഞാനായിരുന്നു. എന്റെ ബാറ്റിങ് കാണാന്‍ സുഹൃത്തുക്കളൊക്കെ വന്നു. എന്നാല്‍ ആദ്യ പന്തില്‍ തന്നെ ഞാന്‍ ഗോള്‍ഡന്‍ ഡക്കായി.'

സച്ചിന്‍
7 വിക്കറ്റുകള്‍! ഓസ്‌ട്രേലിയയെ തകര്‍ത്തു, ഇന്ത്യയെ വീഴ്ത്തി; ഷമര്‍ ജോസഫിനും ടോം ഹാര്‍ട്‌ലിക്കും റാങ്കിങില്‍ നേട്ടം

'ഗല്ലി ക്രിക്കറ്റിലെ ചില മുടന്തന്‍ ന്യായങ്ങളൊക്കെ പറഞ്ഞൊപ്പിച്ച് ഞാന്‍ ആ നിരാശ അവരുടെ സമീപത്ത് പ്രകടിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിച്ചു. പന്ത് താഴ്ന്നു വന്നതാണ് പ്രശ്‌നമായതെന്നു ഞാന്‍. അടുത്ത മത്സരത്തിലും അവരെ വിളിച്ചു. എന്നാല്‍ അപ്പോഴും ആദ്യ പന്തില്‍ തന്നെ പുറത്ത്. ഇത്തവണയും ഞാന്‍ മുട്ടാപ്പോക്ക് ന്യായങ്ങള്‍ നിരത്തി. പന്ത് ഉയര്‍ന്നു വന്നതിനാല്‍ കളിക്കാനായില്ല. പിച്ച് ശരിയായിരുന്നില്ല തുടങ്ങിയ ഒഴിവുകഴിവുകളാണ് നിരത്തിയത്.'

'മൂന്നാം പോരാട്ടത്തില്‍ പക്ഷേ ഞാന്‍ ബാറ്റിങ് കാണാന്‍ ആരെയും വിളിച്ചില്ല. അന്ന് ഞാന്‍ 56 പന്തുകള്‍ പ്രതിരോധിച്ചു നേടിയത് ഒരു റണ്‍. ഒരു റണ്‍ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചതോടെ മത്സരം കഴിഞ്ഞ് ഞാന്‍ ശിവാജി പാര്‍ക്കില്‍ നിന്നു ബന്ദ്രയിലേക്കു പോയത് സന്തോഷത്തോടെയാണ്. അന്ന് എനിക്കൊരു കാര്യം കൂടി മനസിലായി. നാം നേടുന്നത് ഒരു റണ്‍ ആണെങ്കിലും അത് അത്രയും വിലപ്പെട്ടതാണ്. ഒരു റണ്‍ ചിലപ്പോള്‍ വിജയവും പരാജയവും നിര്‍ണയിക്കാന്‍ പര്യാപ്തമാണെന്നു പലരും എന്നെ ഉപദേശിച്ചു. ആ ഒറ്റ റണ്‍ എന്റെ മാനസികാവസ്ഥ തന്നെ മാറ്റി.'

സച്ചിന്‍
'കോഹ്‌ലി ക്യാപ്റ്റനായിരുന്നെങ്കില്‍ ഇന്ത്യ തോല്‍ക്കില്ലായിരുന്നു'- രോഹിതിനെ 'കൊട്ടി' മൈക്കല്‍ വോണ്‍

'ഗല്ലി ക്രിക്കറ്റ് എന്റെ കരിയറിനെ വികസിപ്പിക്കാന്‍ നിര്‍ണായകമായിട്ടുണ്ട്. സ്‌ട്രെയ്റ്റ് ഡ്രൈവ് വികസിപ്പിച്ച് അതില്‍ പ്രിയപ്പെട്ട ഷോട്ടുകള്‍ കളിക്കാന്‍ ഗള്ളി ക്രിക്കറ്റ് ഒരുപാട് സഹായിച്ചു. ആദ്യ കോച്ച് രമാകാന്ത് അച്ചരേക്കര്‍ മെച്ചപ്പെട്ട രീതിയില്‍ ആ ഷോട്ട് കളിക്കാന്‍ തന്ത്രങ്ങള്‍ പഠിപ്പിച്ചു.'

വീട്ടില്‍ സ്ഥല പരിമിതിയുണ്ടായിരുന്നുവെന്നും അതിനനുസരിച്ചാണ് താന്‍ അന്നു വീട്ടില്‍ കളിക്കുമ്പോള്‍ ഷോട്ടുകള്‍ സെറ്റ് ചെയ്തിരുന്നതെന്നും ടെണ്ടുല്‍ക്കര്‍ വ്യക്തമാക്കി. ടെന്നീസ് പന്തില്‍ ആദ്യ കാലങ്ങളില്‍ കളിച്ചതും അദ്ദേഹം ഓര്‍ക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com