ഡെന്‍മാര്‍ക്ക് പുറത്ത്, ക്രൊയേഷ്യ ക്വാര്‍ട്ടറിലേക്ക് 

ഡാനീഷ് ഗോളി ഷ്മിഷേലും ക്രൊയേഷ്യന്‍ ഗോള്‍ കീപ്പര്‍ സുബാസിച്ചും നേര്‍ക്കു നേര്‍ നിന്ന മത്സരത്തില്‍ ഒടുവില്‍ വിജയം സുബാസിച്ചിനൊപ്പം നിന്നു
ഡെന്‍മാര്‍ക്ക് പുറത്ത്, ക്രൊയേഷ്യ ക്വാര്‍ട്ടറിലേക്ക് 

മോസ്‌കോ: റഷ്യന്‍ ലോകകപ്പില്‍ പ്രീക്വാര്‍ട്ടറിലെ രണ്ടാം മത്സരത്തിലും വിധിയെഴുതിയത് ഷൂട്ടൗട്ട്. നിശ്ചിത സമയത്തില്‍ ഓരോ ഗോളുകള്‍ നേടി ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്ന കളിയില്‍ എക്‌സ്ട്രാ ടൈമില്‍ ലഭിച്ച അവസരം ക്രൊയേഷ്യന്‍ താരം പാഴാക്കിയത് കളിയെ ഷൂട്ടൗട്ടിലേക്കെത്തിച്ചു. ഒടുവില്‍ ഡെന്‍മാര്‍ക്കിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ക്രൊയേഷ്യ ക്വാര്‍ട്ടറില്‍ കടന്നു. 

കളിയുടെ ആദ്യ നാലുമിനിറ്റില്‍ രണ്ടു ഗോളുകള്‍ പിറന്ന മത്സരം ആവേശകരമായിരിക്കുമെന്ന് തോന്നിച്ചെങ്കിലും പിന്നീടങ്ങോട്ട് ഇഴഞ്ഞുനീങ്ങി. മാത്യാസ് ജോര്‍ഗന്‍സന്‍ നേടിയ ആദ്യ ഗോള്‍ ഡെന്‍മാര്‍ക്കിനെ മുന്നിലെത്തിച്ചെങ്കിലും ആ ലീഡ് മൂന്ന് മിനിറ്റുകള്‍ക്കപ്പുറം നീണ്ടില്ല. മരിയോ മാന്‍ഡ്‌സുകിച്ച് നേടിയ ഗോളില്‍ ക്രൊയേഷ്യ സമനില പിടിച്ചു. 115-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയില്‍ ക്രൊയേഷ്യ വിജയ ഗോള്‍ നേടുമെന്ന് കരുതിയെങ്കിലും ലൂക്കാ മോഡ്രിച്ചിന്റെ കണക്കൂകൂട്ടല്‍ പിഴയ്ക്കുകയായിരുന്നു. 

എക്‌സ്ട്രാ ടൈമിലേക്കെത്തും വരെ മികച്ച മുന്നേറ്റങ്ങള്‍ക്കൊന്നും സാക്ഷിയാകാതിരുന്ന സോച്ചിയില്‍ രണ്ടാം പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ തിളങ്ങിയത് ഇരു ടീമുകളിലെ ഗോള്‍ കീപ്പര്‍മാര്‍. ഡാനീഷ് ഗോളി ഷ്മിഷേലും ക്രൊയേഷ്യന്‍ ഗോള്‍ കീപ്പര്‍ സുബാസിച്ചും നേര്‍ക്കു നേര്‍ നിന്ന മത്സരത്തില്‍ ഒടുവില്‍ വിജയം സുബാസിച്ചിനൊപ്പം നിന്നു. 

ഇരുടീമുകളും കിക്ക് പാഴാക്കി തുടക്കമിട്ട ഷൂട്ടൗട്ടില്‍, ക്രൊയേഷ്യയ്ക്കുവേണ്ടി ക്രമാരിച്ച്, മോഡ്രിച്ച്, റാക്കിറ്റിച്ച് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ബാദേല്‍, പിവാറിച്ച് എന്നിവരുടെ കിക്കുകള്‍ പാഴായി. ഡെന്‍മാര്‍ക്കിന്റെ കീറിനും ഡെഹ്ലിക്കും മാത്രമാണ് ലക്ഷ്യം കാണാനായത്. എറിക്‌സണ്‍, യോഗേര്‍സണ്‍, ഷോണ്‍ എന്നിവരുടെ കിക്കുകള്‍ ക്രൊയേഷ്യന്‍ ഗോളി സുബാസിച്ച് തടഞ്ഞു. അതോടെ ഡെന്‍മാര്‍ക്ക് പുറത്ത്, ക്രൊയേഷ്യ അകത്ത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com