ഖേദം പ്രകടിപ്പിച്ചിട്ടും മണിയെ വിടാതെ പെമ്പിളൈ ഒരുമൈ; രാജിവെക്കണമെന്നാവശ്യം  

സമരത്തിന് എത്തുന്നവരെ സിഐടിയു പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നു എന്ന് പെമ്പുളൈ ഒരുമൈ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു
ഖേദം പ്രകടിപ്പിച്ചിട്ടും മണിയെ വിടാതെ പെമ്പിളൈ ഒരുമൈ; രാജിവെക്കണമെന്നാവശ്യം  

മൂന്നാര്‍:മന്ത്രി എംഎം മണിയുടെ വിവാദ പ്രസ്താവനയില്‍ പ്രതിഷേധിച്ച് മൂന്നാറില്‍ പെമ്പുളൈ ഒരുമൈ പ്രവര്‍ത്തകര്‍ നടത്തുന്ന പ്രതിഷേധം രണ്ടാം ദിവസത്തിലേക്ക് കടന്നു. മന്ത്രി മണി നേരിട്ടെത്തി മാപ്പ് പറയാതെ പിന്നോട്ടില്ല എന്നാണ് പെമ്പുളൈ ഒരുമൈ പ്രവര്‍ത്തകരുടെ തീരുമാനം. മന്ത്രി രാജിവെക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. വിഷയത്തില്‍ പ്രതിഷേധിച്ച എന്‍ഡിഎ പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു. കോണ്‍ഗ്രസ് ഇന്ന് കരിദിനവും ആചരിക്കുന്നുണ്ട്. 

സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയിട്ടുണ്ട്. സമരത്തിന് എത്തുന്നവരെ സിഐടിയു പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നു എന്ന് പെമ്പുളൈ ഒരുമൈ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. 

എന്‍ഡിഎ ആഹ്വാനം ചെയ്ത് ഹര്‍ത്താല്‍ മൂന്നാറില്‍ പൂര്‍ണ്ണമാണ്. അതേസമയം ഇന്നലെത്തന്നെ മണി ഖേദം പ്രകടിപ്പിച്ചിരുന്നു.പരാമര്‍ശം വിഷമമുണ്ടാക്കിയതില്‍ ഖേദിക്കുന്നു. സ്ത്രീ സമൂഹത്തോട് എന്നും ബഹുമാനമാണെന്നും അഞ്ച് പെണ്‍മക്കളുടെ പിതാവായ തന്നെ ആരോപണങ്ങള്‍ വേദനിപ്പിക്കുന്നെന്നും എംഎം മണി അറിയിച്ചു.എന്നാല്‍ സമരം ചെയ്യുന്നവരോട് സമരം അവസാനിപ്പിക്കണം എന്ന് പറയില്ലെന്നും മണി പറഞ്ഞു. 

പെമ്പിളൈ ഒരുമൈ സമരകാലത്ത് കുടിയും സകലവൃത്തികേടുകളും നടന്നിട്ടുണ്ട്. സമരസമയത്ത് അവിടെ കാട്ടിലായിരുന്നു പരിപാടി. പെമ്പിളൈ ഒരുമ വന്നു അന്ന് കുടിയും സകല വൃത്തികേടുകളും നടന്നു. മനസ്സിലായില്ലേ? ആ വനത്തില് അടുത്തുള്ള കാട്ടിലായിരുന്നു പണി എന്ന്. ഒരു ഡിവൈഎസ്പിയും ഉണ്ടായിരുന്നു. എല്ലാവരും കൂടെക്കൂടി. ഇതൊക്കെ ഞങ്ങള്‍ക്കറിയാമെന്നുമായിരുന്നു മന്ത്രിയുടെ വിവാദ പ്രസംഗം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com