ദുരന്തത്തെ മുതലെടുക്കുന്ന പ്രതിപക്ഷത്തിന് മാധ്യമങ്ങള്‍ സഹായം നല്‍കുന്നു: വെള്ളാപ്പള്ളി നടേശന്‍

ദുരന്തബാധിത മേഖലയില്‍ മുഖ്യമന്ത്രിയെ ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തു
ദുരന്തത്തെ മുതലെടുക്കുന്ന പ്രതിപക്ഷത്തിന് മാധ്യമങ്ങള്‍ സഹായം നല്‍കുന്നു: വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: ദുരന്തത്തെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നതും മാധ്യമങ്ങള്‍ അതിന് സഹായമേകുന്നതും അധഃപതിച്ച സമീപനമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ദുരന്തവേളയില്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കേണ്ടതിനു പകരം അതില്‍നിന്നു മുതലെടുപ്പു നടത്തുന്നത് അധഃപതിച്ച സമീപനമാണെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ശിവഗിരിയിലെ  ശ്രീനാരായണ മഹാസമാധി പ്രതിഷ്ഠയുടെ കനകജൂബിലി ആഘോഷത്തിന് മുന്നോടിയായുള്ള ദിവ്യജ്യോതി പ്രയാണ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ദുരന്തവേളയില്‍ എല്ലാവരും ഒത്തൊരുമിച്ച് ക്രിയാത്മകമായ സഹായമാണ് ചെയ്യേണ്ടത്. അതിന് പകരം സര്‍ക്കാരിനെ കുറ്റപ്പെടുത്തി മുതലെടുക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. ദുരന്തബാധിത മേഖലയില്‍ മുഖ്യമന്ത്രിയെ ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തു. അതിന് മാധ്യമങ്ങള്‍ വലിയ പ്രചാരണമാണ് നല്‍കിയത്. ദുരന്തത്തിന്റെ തീഷ്ണത പുറംലോകത്തെ അറിയിക്കുന്നതിന് പകരം തെറ്റായതിനെയാണ് മഹത്തരമായി അവര്‍ അവതരിപ്പിച്ചത്. ഇത് രാഷ്ട്രീയത്തിലും മാധ്യമ രംഗത്തും ഉണ്ടായ അധഃപതനമാണ് സൂചിപ്പിക്കുന്നതെന്ന് വെള്ളാപ്പള്ളി പറഞ്ഞു. 

ദേവസ്വംബോര്‍ഡ് നിയമനങ്ങളില്‍ സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയത് പിന്നോക്ക ജനതയോടുള്ള അവഗണനയാണെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. സര്‍ക്കാരിനെ അധികാരത്തിലെത്തിച്ച സമൂഹത്തെ മറക്കുകയും താഴെയിറക്കിയവരെ തുണയ്ക്കുകയുമാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ചെയ്തത്. ഈ തീരുമാനം മുഖ്യമന്ത്രി  പിണറായി വിജയന്‍ നടപ്പാക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com