പൊതു ആവശ്യങ്ങള്‍ക്ക് നെല്‍വയല്‍ നികത്താന്‍ ഇളവ് സര്‍ക്കാര്‍ പദ്ധതികള്‍ക്കു മാത്രം ; ഭേദഗതിക്ക് സിപിഎം-സിപിഐ ധാരണ

നെല്‍വയല്‍ നികത്താന്‍ സര്‍ക്കാരിന് നേരിട്ട് പങ്കാളിത്തമുള്ള പദ്ധതികള്‍ക്കും ഇളവ് ലഭിക്കും. നിയമത്തിന്റെ പത്താം വകുപ്പിലാണ് ഭേദഗതി വരുത്തുക
പൊതു ആവശ്യങ്ങള്‍ക്ക് നെല്‍വയല്‍ നികത്താന്‍ ഇളവ് സര്‍ക്കാര്‍ പദ്ധതികള്‍ക്കു മാത്രം ; ഭേദഗതിക്ക് സിപിഎം-സിപിഐ ധാരണ

തിരുവനന്തപുരം :  പൊതു ആവശ്യങ്ങള്‍ക്ക് നെല്‍വയല്‍ നികത്താന്‍ ഇളവ് നല്‍കുന്നത് സര്‍ക്കാര്‍ പദ്ധതികള്‍ക്കു മാത്രമാക്കി പരിമിതപ്പെടുത്തും. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ ഭേദഗതി സംബന്ധിച്ച് സിപിഎം-സിപിഐ നേതൃത്വങ്ങള്‍ സംബന്ധിച്ച് ധാരണയായി. ധാരണ പ്രകാരം നെല്‍വയല്‍ നികത്താന്‍ സര്‍ക്കാരിന് നേരിട്ട് പങ്കാളിത്തമുള്ള പദ്ധതികള്‍ക്കും ഈ ഇളവ് ലഭിക്കും. നിയമത്തിന്റെ പത്താം വകുപ്പിലാണ് ഭേദഗതി വരുത്തുക. ഇക്കാര്യം മന്ത്രിസഭായോഗം പരിഗണിക്കും.

നെല്‍വയലും തണ്ണീര്‍ത്തടവും നികത്തുന്നതു ജാമ്യമില്ലാ വകുപ്പുപ്രകാരം ക്രിമിനല്‍ കുറ്റമാക്കുന്ന, നെല്‍വയല്‍തണ്ണീര്‍ത്തട സംരക്ഷണനിയമ ഭേദഗതി ബില്ലിന്റെ കരടു നിര്‍ദേശം നേരത്തെ തയ്യാറായിരുന്നു. മൂന്നുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാക്കണമെന്ന നിയമവകുപ്പിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയത്. വന്‍കിട പദ്ധതികള്‍ക്ക് സര്‍ക്കാരിന്റെ അനുമതിയോടെ നെല്‍വയല്‍ നികത്താമെന്നും കരടില്‍ നിര്‍ദേശിച്ചിരുന്നു. 

എന്നാല്‍ ഈ നിര്‍ദേശത്തിനെതിരെ കൃഷിവകുപ്പ് എതിര്‍പ്പുമായി രംഗത്തുവരികയായിരുന്നു. നെല്‍വയല്‍ സംരക്ഷണ നിയമത്തിന്റെ ഉദ്ദേശശുദ്ധി തകര്‍ക്കുന്നതാണ് നിര്‍ദേശമെന്നായിരുന്നു വകുപ്പിന്റെ നിലപാട്. ഇതേത്തുടര്‍ന്ന് ഇക്കാര്യം മുന്നണി നേതൃത്വങ്ങളുടെ പരിഗണനയ്ക്ക് വിടാന്‍ തീരുമാനിക്കുകയായിരുന്നു. സ്വകാര്യ പദ്ധതികള്‍ക്ക് അനുമതി നല്‍കണമോയെന്ന കാര്യത്തില്‍ മുന്നണിയില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു. കൃഷിവകുപ്പും റവന്യൂവകുപ്പും അതൃപ്തി പ്രകടിപ്പിച്ചതോടെ ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു. 

ഗെയ്ല്‍ പൈപ്പ്‌ലൈന്‍ പദ്ധതിക്കെതിരെയുള്ള സമരമാണ് ഭേദഗതിയിലേക്കു നയിച്ചത്. പദ്ധതിക്കു വേണ്ടി ഇരുപതിലേറെ ഇടങ്ങളില്‍ വയല്‍ നികത്തേണ്ടതായി വരും. എന്നാല്‍ ഇതിനെതിരെ പ്രാദേശിയ വയല്‍ സമിതികള്‍ രംഗത്തെത്തുകയായിരുന്നു. നിലവിലെ നിയമപ്രകാരം നെല്‍വയല്‍ നികത്തുന്നതിന് പഞ്ചായത്തുകളിലെ പ്രാദേശിക വികസന സമിതികളുടെ അംഗീകാരം കൂടി നേടേണ്ടതായിട്ടുണ്ട്. കരട് ഭേദഗതി ബില്‍ മന്ത്രിസഭ അംഗീകരിച്ചാല്‍, അടുത്ത നിയംസഭാ സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com