തോമസ് ചാണ്ടിയുടെ രാജിക്ക് സമ്മര്‍ദമേറുന്നു; നിര്‍ണായക സിപിഎം സംസ്ഥാന സമിതി ഇന്ന് 

ഭൂമി കയ്യേറ്റവിഷയത്തില്‍ മന്ത്രി തോമസ് ചാണ്ടിക്ക് എതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും, സിപിഐയും നിലപാട് കടുപ്പിച്ച പശ്ചാത്തലത്തില്‍ ഇന്നു ചേരുന്ന സിപിഎം സംസ്ഥാന സമിതി യോഗം നിര്‍ണായകമാകും
തോമസ് ചാണ്ടിയുടെ രാജിക്ക് സമ്മര്‍ദമേറുന്നു; നിര്‍ണായക സിപിഎം സംസ്ഥാന സമിതി ഇന്ന് 

തിരുവനന്തപുരം: ഭൂമി കയ്യേറ്റവിഷയത്തില്‍ മന്ത്രി തോമസ് ചാണ്ടിക്ക് എതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും, സിപിഐയും നിലപാട് കടുപ്പിച്ച പശ്ചാത്തലത്തില്‍ ഇന്നു ചേരുന്ന സിപിഎം സംസ്ഥാന സമിതി യോഗം നിര്‍ണായകമാകും. തോമസ് ചാണ്ടി വിഷയത്തില്‍ സര്‍ക്കാരിന് അഡ്വക്കേറ്റ് ജനറല്‍ നിയമോപദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ചേരുന്ന യോഗത്തില്‍ രാജിക്കുളള സമ്മര്‍ദം ഏറാനാണ് സാധ്യത. ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം നിയമോപദേശം എതിരായാല്‍ തോമസ് ചാണ്ടിയെ പിന്തുണയ്‌ക്കേണ്ടെന്ന നിലപാട് സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെ ചേര്‍ന്ന സിപിഐ എക്‌സിക്യൂട്ടീവ്് തോമസ് ചാണ്ടി രാജിവെയ്ക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്. എങ്കിലും എന്‍സിപി മന്ത്രി എന്ന നിലയില്‍ ഇടതുമുന്നണി യോഗം ചേര്‍ന്ന് നിലപാട് സ്വീകരിക്കുന്നതാണ് ഉചിതമെന്ന പൊതു വികാരവും ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ ഞായറാഴ്ച ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ നിര്‍ണായക തീരുമാനം ഉണ്ടാകുമെന്നാണ് പൊതു വിലയിരുത്തല്‍. 

എന്നാല്‍ തോമസ് ചാണ്ടിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച എന്‍സിപി ഇടതുമുന്നണി യോഗത്തില്‍ എന്തുനിലപാട് സ്വീകരിക്കുമെന്നതും രാഷ്ട്രീയ കേരള ഉറ്റുനോക്കുന്ന കാര്യമാണ്. പ്രബലരായ സിപിഎമ്മും സിപിഐയും നിലപാട് കടുപ്പിച്ച സാഹചര്യത്തില്‍ എന്‍സിപിക്ക് പൊതുനിലപാടിന് ചേര്‍ന്ന് നില്‍ക്കേണ്ടിവരുമെന്നാണ് പൊതുധാരണ.  മന്ത്രി തെറ്റു ചെയ്തിട്ടില്ലെന്നാണ് പാര്‍ട്ടി കരുതുന്നതെന്നാണ് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരന്‍ ഇന്നലെ വ്യക്തമാക്കിയത്. ഈ വിഷയത്തില്‍ ഹൈക്കോടതി വിധി വരട്ടെയെന്നാണ് എന്‍സിപി നിലപാട് എന്നും പീതാംബരന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com