നടിയെ ആക്രമിച്ച കേസ് : ഏഴാം പ്രതി ചാര്‍ളിയെ ദിലീപുമായി അടുപ്പമുള്ളവര്‍ സ്വാധീനിച്ചു..?

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th November 2017 01:25 PM  |  

Last Updated: 19th November 2017 01:25 PM  |   A+A-   |  

dileep-produced-in-court_c5224b3a-6954-11e7-ae46-9bfe7bf72e96

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ഏഴാം പ്രതി ചാര്‍ളിയെ ദിലീപുമായി അടുപ്പമുള്ളവര്‍ സ്വാധീനിച്ചതായി അന്വേഷണസംഘം സംശയിക്കുന്നു. കേസിലെ മുഖ്യപ്രതികളായ പള്‍സര്‍ സുനിയ്ക്കും കൂട്ടാളി വിനീഷിനും കോയമ്പത്തൂരില്‍ ഒളിത്താവളം ഒരുക്കി കൊടുത്തയാളാണ് ചാര്‍ളി. ഇയാളെ കേസില്‍ മാപ്പുസാക്ഷിയാക്കാനും, കേസില്‍ ഗൂഢാലോചന നടത്തിയ ദിലീപിനെ ഏഴാം പ്രതിയാക്കാനുമായിരുന്നു അന്വേഷണസംഘത്തിന്റെ തീരുമാനം. എന്നാല്‍ രഹസ്യമൊഴി നല്‍കിയ ചാര്‍ളിയുടെ പിന്നീടുള്ള സംശയകരമായ നിലപാടുകളാണ് ഈ തീരുമാനം മാറ്റിയത്. 

ദിലീപുമായി അടുപ്പമുള്ള അഭിഭാഷകനാണ് ചാര്‍ളിയെ സ്വാധീനിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. ഇതുസംബന്ധിച്ച ചില തെളിവുകള്‍ പൊലീസിന് ലഭിച്ചതായാണ് സൂചന. രഹസ്യമൊഴി നല്‍കിയ ചാര്‍ളി, പിന്നീട് എറണാകുളം സിജെഎം കോടതിയില്‍ ഹാജരാകേണ്ടതായിരുന്നു. എന്നാല്‍ പിന്നീട് ഹാജരാകാന്‍ ചാര്‍ളി കൂട്ടാക്കിയില്ല. ഇതേത്തുടര്‍ന്ന് പൊലീസ് കോയമ്പത്തൂരില്‍ ചാര്‍ളിയുടെ വീട്ടിലെത്തി. അപ്പോള്‍ കേസുമായി ബന്ധപ്പെട്ട് പൊലീസ് പറയുന്ന പ്രകാരം ഇനി എവിടെയും ഹാജരാകേണ്ടെന്ന് ചിലര്‍ തന്നോട് പറഞ്ഞതായി ചാര്‍ളി വെളിപ്പെടുത്തുകയായിരുന്നു. 

ഇതേത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ദിലീപുമായി അടുപ്പമുള്ള കൊച്ചിയിലെ അഭിഭാഷകന്‍ ചാര്‍ളിയെ വിളിച്ച് മാപ്പുസാക്ഷിയാകാന്‍ പോകരുതെന്ന് നിര്‍ദേശം നല്‍കിയതെന്ന് കണ്ടെത്തിയത്. ഇതു സംബന്ധിച്ച ഫോണ്‍ രേഖകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ കോടതിയെ അറിയിക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. 

ചൊവ്വാഴ്ച ദിലീപിന്റെ വിദേശത്തുപോകണമെന്ന അപേക്ഷ പരിഗണിക്കുമ്പോള്‍ ഇക്കാര്യവും അന്വേഷണസംഘം കോടതിയില്‍ ചൂണ്ടിക്കാട്ടും. ദിലീപ് രാജ്യത്തിന് വെളിയില്‍ പോയാല്‍ ഇതുപോലെ, നിരവധി സാക്ഷികള്‍ സ്വാധീനിക്കപ്പെടുമെന്നും, അത് കേസ് ദുര്‍ബലപ്പെടാന്‍ ഇടയാക്കുമെന്നും അറിയിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.