കൂട്ടുകാരുടെ പ്രണയബന്ധം എതിര്‍ത്തു: ഭീഷണിയെത്തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

തന്നെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്ന സഹപാഠികളായ രണ്ടു പെണ്‍കുട്ടികളുടെയും ഒരു ആണ്‍കുട്ടിയുടെയും പേര് അനഘയുടെ ആത്മഹത്യാ കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്.
കൂട്ടുകാരുടെ പ്രണയബന്ധം എതിര്‍ത്തു: ഭീഷണിയെത്തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

തൃശൂര്‍: സഹപാഠികളുടെ പ്രണയബന്ധത്തെ എതിര്‍ത്തതിന് ഭീഷണി നേരിട്ട വിദ്യാര്‍ഥിനി ജീവനൊടുക്കി. മണ്ണുത്തി മുക്കാട്ടുകര പുത്തന്‍പുരയ്ക്കല്‍ പരേതനായ ബാലന്റെ മകള്‍ അനഘ(18)യാണു തൂങ്ങിമരിച്ചത്. തൃശൂര്‍ കൂട്ടാലയിലെ അമ്മവീട്ടിലാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദ്യാര്‍ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് മുക്കാട്ടുകരയിലെ വീട്ടില്‍നിന്നു കണ്ടെത്തി. 

അമ്മയും അനുജത്തിയുമൊത്ത് വിഷു ആഘോഷിക്കാനായി അമ്മ വീട്ടിലെത്തിയതായിരുന്നു അനഘ. ബാക്കിയുള്ളവര്‍ അടുത്ത ദിവസം വീട്ടിലേക്ക് തിരിച്ച് പോയെങ്കിലും അനഘ അമ്മവീട്ടില്‍ തന്നെ തങ്ങുകയായിരുന്നു. പിന്നീട് അവിടെ വെച്ചാണ് ആത്മഹത്യ ചെയ്തത്. 

തന്നെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്ന സഹപാഠികളായ രണ്ടു പെണ്‍കുട്ടികളുടെയും ഒരു ആണ്‍കുട്ടിയുടെയും പേര് അനഘയുടെ ആത്മഹത്യാ കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്. കൂടാതെ തനിക്ക് ഭീഷണി നേരിടുന്നുണ്ടെന്ന വിവരം മൊബൈല്‍ ഫോണിന്റെ വോയ്‌സ് റെക്കോഡറില്‍ രേഖപ്പെടുത്തുകയും ചെയ്തു. 

തൃശൂര്‍ ചെമ്പൂക്കാവില്‍  അക്കൗണ്ടന്‍സി കോഴ്‌സ് പഠിപ്പിക്കുന്ന സ്വകാര്യസ്ഥാപനത്തിലെ വിദ്യാര്‍ഥിനിയായിരുന്നു അനഘ. തന്റെ കൂടെ പഠിക്കുന്ന ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഇത് അനഘ എതിര്‍ത്തതും ആണ്‍കുട്ടിയുടെ സ്വഭാവത്തെക്കുറിച്ച് പെണ്‍കുട്ടിയോട് മോശമായി സംസാരിച്ചതുമാണ്  അനഘയോട് വൈരാഗ്യമുണ്ടാകാനും പിന്നീട് ഭീഷണിപ്പെടുത്താനും കാരണമായതെന്ന് ബന്ധുക്കള്‍ പറയുന്നു. പ്രണയത്തിലായിരുന്ന സഹപാഠികള്‍  രജിസ്റ്റര്‍ വിവാഹം ചെയ്യാന്‍  തീരുമാനിച്ചിരുന്നു. ഇക്കാര്യം പെണ്‍കുട്ടിയുടെ വീട്ടില്‍ അറിയിക്കുമെന്നും അനഘ സൂചിപ്പിച്ചതും വിനയായി. 

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഇന്ന് ഉച്ചകഴിഞ്ഞ് വടൂക്കര ശ്മശാനത്തില്‍ സംസ്‌കരിക്കും. മൃതദേഹം തഹസില്‍ദാര്‍ ഇന്‍ക്വസ്റ്റ് നടത്തിയശേഷമാണ് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റിയത്. ഇതിനിടെ, മരണത്തിന് ഉത്തരവാദികളായവരുടെ പേരില്‍ കേസെടുക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്നും അവര്‍  അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com