അമിത് ഷാ നിയോഗിച്ച ബിജെപി എംപിമാരുടെ സംഘം കേരളത്തില്‍ ; തന്ത്രി, പന്തളം കൊട്ടാര പ്രതിനിധി എന്നിവരെ കാണും; ഗവര്‍ണറുമായും കൂടിക്കാഴ്ച

പ്രക്ഷോഭത്തിനിടെ ഭക്തര്‍ക്കുനേരേ നടന്ന അതിക്രമങ്ങളും പ്രവര്‍ത്തകര്‍ക്ക് നേരേയുണ്ടായ അറസ്റ്റും അന്വേഷിക്കാനാണ് സമിതിയെ നിയോഗിച്ചിരിക്കുന്നത്
അമിത് ഷാ നിയോഗിച്ച ബിജെപി എംപിമാരുടെ സംഘം കേരളത്തില്‍ ; തന്ത്രി, പന്തളം കൊട്ടാര പ്രതിനിധി എന്നിവരെ കാണും; ഗവര്‍ണറുമായും കൂടിക്കാഴ്ച

പത്തനംതിട്ട : ശബരിമലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി  ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിയോഗിച്ച എംപിമാരുടെ നാലംഗ സംഘം ഇന്ന് കേരളത്തിലെത്തും. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി  സരോജ് പാണ്ഡെ എംപി, പട്ടിക ജാതി മോര്‍ച്ച ദേശീയാധ്യക്ഷന്‍ വിനോദ് സോംകാര്‍ എംപി,  പ്രഹ്ലാദ് ജോഷി എംപി, നളിന്‍ കുമാര്‍ കട്ടീല്‍ എംപി  എന്നിവരാണ് സംഘത്തിലുള്ളത്. 

സംഘം രാവിലെ ബിജെപി കോര്‍ കമ്മറ്റി അംഗങ്ങള്‍, ശബരിമല കര്‍മ്മ സമിതി എന്നിവരുമായി ചര്‍ച്ച നടത്തും.  തുടര്‍ന്ന് ഉച്ചക്കു ശേഷം ഗവര്‍ണര്‍ പി സദാശിവവുമായി  കൂടിക്കാഴ്ച നടത്തും.  തുടര്‍ന്ന് പന്തളത്തേക്ക് തിരിക്കും. ശബരിമല തന്ത്രി, പന്തളം കൊട്ടാരം പ്രതിനിധി എന്നിവരെയും കാണും. പ്രക്ഷോഭത്തിനിടെ ഭക്തര്‍ക്കുനേരേ നടന്ന അതിക്രമങ്ങളും പ്രവര്‍ത്തകര്‍ക്ക് നേരേയുണ്ടായ അറസ്റ്റും അന്വേഷിക്കാനാണ് സമിതിയെ നിയോഗിച്ചിരിക്കുന്നത്. 

സംഘം ഇന്നും നാളെയുമായി സംസ്ഥാനത്ത് തെളിവെടുപ്പ് നടത്തും. പൊതു ജനങ്ങള്‍, വിശ്വാസികള്‍, ശബരിമല കര്‍മ്മ സമിതി നേതാക്കള്‍,ശബരിമലയില്‍ നാമജപത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ടവര്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍, പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവരുമായി എംപിമാരുടെ സംഘം ചര്‍ച്ച നടത്തും. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ജയിലിലായ കെ സുരേന്ദ്രനെയും സംഘം സന്ദര്‍ശിച്ചേക്കും. 

ശബരിമലയില്‍ നടക്കുന്ന സമരങ്ങളെക്കുറിച്ചും സമരക്കാര്‍ക്കുനേരെ നടക്കുന്ന അക്രമങ്ങളെക്കുറിച്ചും സമിതി പഠിക്കുമെന്ന് ബി ജെ പി വ്യക്തമാക്കിയിരുന്നു. വിഷയം പഠിച്ച ശേഷം  15 ദിവസത്തിനകം അമിത് ഷായ്ക്ക് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com