പൊലീസുകാരെ മര്‍ദിച്ച സംഭവം : ഏഴുപേര്‍ക്കെതിരെ കേസെടുത്തു ; അക്രമത്തിന് പിന്നില്‍ എസ്എഫ്‌ഐക്കാരാണോ എന്ന് പരിശോധിച്ചുവരികയാണെന്ന് പൊലീസ്

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ, കണ്ടാലറിയാവുന്ന ഏഴുപേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്ത്
പൊലീസുകാരെ മര്‍ദിച്ച സംഭവം : ഏഴുപേര്‍ക്കെതിരെ കേസെടുത്തു ; അക്രമത്തിന് പിന്നില്‍ എസ്എഫ്‌ഐക്കാരാണോ എന്ന് പരിശോധിച്ചുവരികയാണെന്ന് പൊലീസ്

തിരുവനന്തപുരം : തിരുവനന്തപുരത്ത് ട്രാഫിക് നിയമം തെറ്റിച്ച് യു ടേണ്‍ എടുത്തത് ചോദ്യം ചെയ്ത പൊലീസുകാരെ മര്‍ദിച്ച സംഭവത്തില്‍ ഏഴു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ, കണ്ടാലറിയാവുന്ന ഏഴുപേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്ത്. എന്നാല്‍ ഇവര്‍ എസ്എഫ്‌ഐക്കാരാണോ എന്നതില്‍ സ്ഥിരീകരണമില്ലെന്ന് പൊലീസ് വ്യക്തമാക്കി. 

ഇക്കാര്യം പരിശോധിച്ചുവരികയാണ്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിക്കുമെന്നും പൊലീസ് അധികൃതര്‍ സൂചിപ്പിച്ചു. അതേസമയം പൊലീസുകാരെ അക്രമിച്ചവരില്‍ ബഹുഭൂരിപക്ഷവും എസ്എഫ്‌ഐ പ്രവര്‍ത്തകരാണെന്ന് റിപ്പോര്‍ട്ടുണ്ട്. എസ്എഫ്‌ഐ പ്രവര്‍ത്തകനായ ആരോമലാണ് അക്രമത്തിന് നേതൃത്വം നല്‍കിയതെന്നും പൊലീസ് തിരിച്ചറിഞ്ഞതായി സൂചനയുണ്ട്. 

തിരുവനന്തപുരം പാളയത്ത് വെച്ചായിരുന്നു സംഭവം. ട്രാഫിക്ക് നിയമം ലംഘിച്ച് യുടേണ്‍ എടുത്ത ബൈക്ക് ട്രാഫിക്ക് പൊലീസ് ഉദ്യോഗസ്ഥനായ അമല്‍ കൃഷ്ണ തടഞ്ഞതാണ് ബൈക്കിലെത്തിയ യുവാവിനെ പ്രകോപിപ്പിച്ചത്. പൊലീസിനെ ആക്രമിച്ചതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സഹപ്രവര്‍ത്തകര്‍ മര്‍ദനമേല്‍ക്കുമ്പോള്‍ മറ്റു പൊലീസുകാര്‍ നോക്കിനില്‍ക്കുകയായിരുന്നു. മര്‍ദനത്തില്‍ നിന്നും ഒരുവിധം രക്ഷപ്പെട്ട പൊലീസുകാരന്‍ കണ്‍ട്രോള്‍ റൂമില്‍ വിളിച്ചശേഷം, കൂടുതല്‍ പൊലീസെത്തിയാണ് അക്രമികളെ പിടികൂടിയത്. 

എന്നാല്‍ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ കൂടുതല്‍ പ്രവര്‍ത്തകരെത്തി, പൊലീസ് കസ്റ്റഡിയിലുള്ളവരെ ബലമായി മോചിപ്പിക്കുകയായിരുന്നു. അക്രമത്തിന് ശേഷം ബൈക്കില്‍ രക്ഷപ്പെട്ടവരെ പിടികൂടാനും ആയിട്ടില്ല. ക്രൂരമര്‍ദനമേറ്റ പൊലീസുകാര്‍ തിരുവനന്തപുരം ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്. എന്നാല്‍ അക്രമത്തിന് പിന്നില്‍ എസ്എഫ്‌ഐക്ക് പങ്കില്ലെന്നാണ് ജില്ലാ പ്രസിഡന്റ് ഷിജിത്ത് പറഞ്ഞത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com