'എം.എല്‍.എ.പിടുത്തക്കാര്‍' കാവിമുണ്ടും പുതച്ച് ഒളിഞ്ഞിരിപ്പുണ്ട്, റിസോര്‍ട്ടിന് പകരം ഇരുമ്പുകൂടുകളില്‍ സൂക്ഷിക്കുക ; കോണ്‍ഗ്രസിന് ഉപദേശവുമായി മന്ത്രി മണി

എംഎല്‍എമാരെ റിസോര്‍ട്ടിന് പകരം നല്ല ഇരുമ്പുകൂടുകളില്‍ പ്രത്യേകം സൂക്ഷിക്കുന്നത് കാവിയില്‍ പൊതിഞ്ഞ പ്രലോഭനങ്ങളില്‍ നിന്ന് രക്ഷനേടാന്‍ സഹായിക്കുമെന്നാണ് ഉപദേശം 
'എം.എല്‍.എ.പിടുത്തക്കാര്‍' കാവിമുണ്ടും പുതച്ച് ഒളിഞ്ഞിരിപ്പുണ്ട്, റിസോര്‍ട്ടിന് പകരം ഇരുമ്പുകൂടുകളില്‍ സൂക്ഷിക്കുക ; കോണ്‍ഗ്രസിന് ഉപദേശവുമായി മന്ത്രി മണി

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ ഭൂരിപക്ഷം നേടിയ കോണ്‍ഗ്രസ് അധികാരത്തിലേറാനുള്ള തയ്യാറെടുപ്പിലാണ്. മുഖ്യമന്ത്രിയെ ചൊല്ലിയുള്ള തര്‍ക്കമാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് തലവേദനയായിട്ടുള്ളത്. നേതാക്കള്‍ ഗ്രൂപ്പ് തിരിഞ്ഞ് രംഗത്തെത്തിയതാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് വെല്ലുവിളിയായത്. 

ഇതിനിടെ, കോണ്‍ഗ്രസ് നേതൃത്വത്തിന് ഉപദേശവുമായി മന്ത്രി എംഎം മണി രംഗത്തെത്തി. മുഖ്യമന്ത്രിയും മന്ത്രിമാരുമാകാന്‍ പിടിവലി നടത്തുന്നതിനിടെ എംഎല്‍എപിടുത്തക്കാര്‍ കാവിമുണ്ടും പുതച്ച് ഒളിഞ്ഞിരിപ്പുണ്ട്. പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് ഭൂരിപക്ഷം തെളിയിക്കുന്നതു വരെയെങ്കിലും ഓരോ എംഎല്‍എമാരെയും റിസോര്‍ട്ടിന് പകരം നല്ല ഇരുമ്പുകൂടുകളില്‍ പ്രത്യേകം സൂക്ഷിക്കുന്നത് കാവിയില്‍ പൊതിഞ്ഞ പ്രലോഭനങ്ങളില്‍ നിന്ന് രക്ഷനേടാന്‍ സഹായിക്കുമെന്നാണ് മണിയുടെ ഉപദേശം. 

എംഎം മണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചൂവടെ

#ഇരുമ്പ്കൂടുകളില്‍ #സൂക്ഷിക്കണം

മദ്ധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നേരിയ ഭൂരിപക്ഷത്തില്‍ വിജയിച്ച കോണ്‍ഗ്രസ് പാര്‍ട്ടി അവിടങ്ങളില്‍ അധികാരത്തിലേറാനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ മുഖ്യമന്ത്രി പദവിയും മന്ത്രി പദവിയും മോഹിച്ചു നടക്കുന്നവരുടെ പിടിവലികളില്‍പ്പെട്ട് ആകെ വലഞ്ഞിരിക്കുകയാണ് രാഹുല്‍ ഗാന്ധിയും കൂട്ടരും. ഇതിനിടയില്‍ 'എം.എല്‍.എ.പിടുത്തക്കാര്‍' കാവിമുണ്ടും പുതച്ച് ഒളിഞ്ഞിരിപ്പുണ്ടെന്ന കാര്യം ശ്രദ്ധിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരമില്ല . പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് ഭൂരിപക്ഷം തെളിയിക്കുന്നതുവരെയെങ്കിലും കോണ്‍ഗ്രസിന്റെ ഓരോ എം.എല്‍.എ. മാരെയും റിസോര്‍ട്ടിനു പകരം നല്ല ഇരുമ്പു കൂടുകളില്‍ പ്രത്യേകം പ്രത്യേകം സൂക്ഷിച്ചാല്‍ കാവിയില്‍ പൊതിഞ്ഞ പ്രലോഭനങ്ങളുമായി ചാടിവീഴുന്ന എം.എല്‍.എ.പിടുത്തക്കാരില്‍ നിന്നും രക്ഷിക്കുകയും ചെയ്യാം, ചാടിപ്പോകുകയുമില്ല. ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വം ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com