ആലപ്പുഴ : ആലപ്പുഴയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രൊബേഷന്‍ എസ്ഐ അടക്കം രണ്ടുപേര്‍ കൂടി അറസ്റ്റില്‍. മാരാരിക്കുളം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്ഐ ലൈജുവിനെ ഇന്നു രാവിലെയാണ് അറസ്റ്റു ചെയ്തത്. കേസില്‍ അറസ്റ്റിലായ രണ്ടാമത്തെ പൊലീസ് ഉദ്യോഗസ്ഥനാണ് ലൈജു. സംഭവത്തില്‍ ഇതോടെ മൂന്നു പേര് പിടിയിലായി. കൂടുതല്‍ പൊലീസുകാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണു സൂചന.
കഴിഞ്ഞ ദിവസം അറസ്റ്റിലായ സിവില്‍ പൊലീസ് ഓഫീസര്‍ നെല്‍സണ്‍ തോമസിനെ പോക്സോ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുവും കേസിലെ ഒന്നാംപ്രതിയുമായ പുന്നപ്ര സ്വദേശി ആതിരയും റിമാന്‍ഡിലാണ്. പെണ്‍കുട്ടിയെ ആതിര പതിവായി പുറത്തുകൊണ്ടുപോകുന്നതില്‍ സംശയം തോന്നി നാട്ടുകാര്‍ തടഞ്ഞതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്.
ആതിരയെ ചോദ്യം ചെയ്തത് വഴിയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പെണ്‍കുട്ടിയെ കാഴ്ചവെച്ചിട്ടുണ്ടെന്ന കാര്യം പൊലീസിന് ലഭിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒട്ടേറെ പൊലീസുകാര്‍ പീഡിപ്പിച്ചതായി ആതിര മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി പി.വി ബേബിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ ജില്ലാ പൊലീസ് മേധാവി രൂപീകരിച്ചിരുന്നു.
പെണ്‍കുട്ടിയുമായി ബന്ധമുണ്ടായിരുന്ന എട്ടുപേരെ ഇതിനകം ചോദ്യംചെയ്തിട്ടുണ്ട്. സംശയത്തിന് ഇടവരുത്താത്ത തരത്തിലുള്ള അന്വേഷണം നടത്തുമെന്നും, പ്രതികള്‍ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ