കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ പലരും ശ്രമിക്കുന്നു ; പാസ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത് സുരക്ഷ മുന്‍നിര്‍ത്തിയെന്ന് ഹൈക്കോടതി

ശബരിമല പാസ് വിഷയത്തില്‍ സർക്കാരിനെ അനുകൂലിച്ച് ഹൈക്കോടതി വീണ്ടും
കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ പലരും ശ്രമിക്കുന്നു ; പാസ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത് സുരക്ഷ മുന്‍നിര്‍ത്തിയെന്ന് ഹൈക്കോടതി

കൊച്ചി : ശബരിമല പാസ് വിഷയത്തില്‍ സർക്കാരിനെ അനുകൂലിച്ച് ഹൈക്കോടതി വീണ്ടും.  കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ പലരും ശ്രമിക്കുന്നുണ്ടെന്ന് കോടതി പറഞ്ഞു. അതുകൊണ്ടാണ് സര്‍ക്കാരിന് പല നിയന്ത്രണങ്ങളും കൊണ്ടു വരേണ്ടി വരുന്നത്. സുരക്ഷ മുന്‍നിര്‍ത്തിയാണ് പാസ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത് തെറ്റാണെന്ന് പറയാനാകില്ല. ചിലര്‍ തിരശ്ശീലയ്ക്ക് പിന്നിലിരുന്ന് കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ടാകും. ഇത് തടയണമെന്നും കോടതി അഭിപ്രായപ്പെട്ടു. 

പാര്‍ക്കിംഗ് ഉറപ്പാക്കാന്‍ മാത്രമാണ് വിവരങ്ങള്‍ ശേഖരിക്കുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മറ്റ് ഉദ്ദേശങ്ങളൊന്നും സര്‍ക്കാരിനില്ല. ഇതര സംസ്ഥാനക്കാര്‍ അവരവരുടെ സ്ഥലങ്ങളിലെ പൊലീസ് സ്റ്റേഷനില്‍ നിന്നാണ് പാസ് വാങ്ങേണ്ടതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 

ഇന്നലെ കേസ് പരിഗണിച്ചപ്പോഴും ശബരിമലയില്‍ പാസ് ഏര്‍പ്പെടുത്താനുള്ള തീരുമാനത്തെ കോടതി അനുകൂലിച്ചിരുന്നു. പാസ് ഏര്‍പ്പെടുത്തിയത് സ്വാഭാവിക നടപടി മാത്രമാണ്. പാസ് നിര്‍ബന്ധമാക്കുന്നത് എങ്ങനെ സഞ്ചാര സ്വാതന്ത്ര്യത്തിന്റെ നിഷേധമാകുമെന്നും കോടതി ചോദിച്ചു. പൊലീസ് നടപടി അക്രമങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ ആയി മാത്രം കണ്ടാല്‍ മതിയെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.

അതിനിടെ, മണ്ഡല, മകരവിളക്ക് പൂജയ്ക്കായി നട തുറക്കുന്ന ശബരിമലയില്‍ സുരക്ഷ ശക്തമാക്കാന്‍ പൊലീസ് തീരുമാനിച്ചു.  5200 പൊലീസുകാരെ ശബരിമലയില്‍ നിയോഗിക്കും. സന്നിധാനത്തും നിലയ്ക്കലും ഓരോ ഐജിമാര്‍ക്കും രണ്ട് എസ്പിമാര്‍ക്കും വീതം ചുമതല നല്‍കി. സന്നിധാനത്ത് ഐജി വിജയ് സാഖറെയും, നിലയ്ക്കലിൽ ഇന്റലിജൻസ് ഐജി അശോക് യാദവും ഡ്യൂട്ടിയിലുണ്ടാകും. എഡിജിപി അനില്‍കാന്തിനും ഐജി മനോജ് എബ്രഹാമിനുമായിരിക്കും സുരക്ഷാക്രമീകരണങ്ങളുടെ മേല്‍നോട്ട ചുമതല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com