സുരക്ഷ ഇല്ലെങ്കിലും ശബരിമലയിലെത്തും ; എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്തം സര്‍ക്കാരിന് : തൃപ്തി ദേശായി

ശനിയാഴ്ച ശബരിമലയില്‍ ദര്‍ശനം നടത്തുമെന്നാണ് തൃപ്തി ദേശായിയും സംഘവും അറിയിച്ചിട്ടുള്ളത്
സുരക്ഷ ഇല്ലെങ്കിലും ശബരിമലയിലെത്തും ; എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്തം സര്‍ക്കാരിന് : തൃപ്തി ദേശായി

ന്യൂഡൽഹി :  പൊലീസ് പ്രത്യേക സുരക്ഷ ഒരുക്കിയില്ലെങ്കിലും ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. സുരക്ഷ ആവശ്യപ്പെട്ട് താന്‍ നല്‍കിയ കത്തിന് കേരള സര്‍ക്കാരില്‍ നിന്നും മറുപടി കിട്ടിയിട്ടില്ല. തന്നോടൊപ്പം ഏഴ് സ്ത്രീകളും ദര്‍ശനം നടത്തുന്നത് കൊണ്ടാണ് സുരക്ഷ ആവശ്യപ്പെട്ടത്. ദര്‍ശനത്തിനിടെ എന്തെങ്കിലും സംഭവിച്ചാല്‍ സര്‍ക്കാരിനായിരിക്കും പൂര്‍ണ ഉത്തരവാദിത്തമെന്നും തൃപ്തി ദേശായി വ്യക്തമാക്കി.

തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ ഒരുക്കേണ്ടതില്ലെന്ന് പൊലീസ് തീരുമാനം എടുത്തിരുന്നു. സന്നിധാനത്തെത്തുന്ന എല്ലാ തീര്‍ത്ഥാടകര്‍ക്കുമുള്ള പരിരക്ഷ മാത്രമേ നല്‍കേണ്ടതുള്ളൂ. പ്രത്യേക സുരക്ഷ ആവശ്യപ്പെട്ടുള്ള തൃപ്തിയുടെ കത്തിന് മറുപടി നല്‍കേണ്ടതില്ലെന്നും പൊലീസ് തീരുമാനമെടുത്തിരുന്നു. 
ശനിയാഴ്ച ശബരിമലയില്‍ ദര്‍ശനം നടത്തുമെന്നാണ് തൃപ്തി ദേശായിയും സംഘവും അറിയിച്ചത്.

ദര്‍ശനത്തിനിടെ തനിക്കും സംഘത്തിനും പ്രത്യേക സുരക്ഷ അനുവദിക്കണമെന്ന് വ്യക്തമാക്കി തൃപ്തി മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും കത്തയച്ചിരുന്നു. ശബരിമലയില്‍ എത്തിയാല്‍ കാലുവെട്ടുമെന്ന് ഭീഷണിയുണ്ടെന്നും അതിനാല്‍ വിമാനത്താവളം മുതല്‍ സുരക്ഷ ഒരുക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. 

വിമാനത്താവളത്തില്‍ നിന്ന് കോട്ടയത്തേക്ക് പോയി അന്നവിടെ താമസിച്ച് 17ന് രാവിലെ 5 മണിക്ക് പുറപ്പെട്ട് സന്നിധാനത്ത് 7 മണിയോടെ ദര്‍ശനം നടത്തുമെന്നാണ് കത്തില്‍ പറയുന്നത്. ഇവരുടെ സംഘത്തിന്റെ യാത്രയ്ക്കും താമസത്തിനും സുരക്ഷയ്ക്കും വേണ്ട എല്ലാ ചെലവും സര്‍ക്കാര്‍ വഹിക്കണമെന്ന കാര്യവും ഇവര്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. എന്നാല്‍ പ്രത്യേക സുരക്ഷ അനുവദിക്കാനവില്ലെന്നാണ് പൊലീസ് ഇപ്പോള്‍ അറിയിച്ചത്.

ഭൂമാതാ ബ്രിഗേഡിലെ ആറു സ്ത്രീകള്‍ക്കൊപ്പം ദര്‍ശനത്തിനെത്തുന്ന തനിക്ക് സുരക്ഷ, താമസം, ഭക്ഷണം, യാത്ര തുടങ്ങിയവ സര്‍ക്കാര്‍ ഒരുക്കണമെന്നാണ് തൃപ്തി ദേശായിയുടെ ആവശ്യം. ചെലവുകൾ വഹിക്കണമെന്ന് ആവശ്യപ്പെട്ടു സംസ്ഥാന സർക്കാരിന് ഇവർ കത്തയച്ചിരുന്നു. സമാനമായ സന്ദേശം പ്രധാനമന്ത്രി, മഹാരാഷ്ട്ര മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി എന്നിവർക്കും അയച്ചിട്ടുണ്ട്.

മഹാരാഷ്ട്ര അഹമ്മദ്‌നഗറിലെ ശനി ഷിഗ്ണാപുർ ക്ഷേത്രത്തിലെ സ്ത്രീപ്രവേശം, മുംബൈ ഹാജി അലി ദർഗ സ്ത്രീപ്രവേശം എന്നീ സമരങ്ങളിലൂടെയാണ് തൃപ്തി ശ്രദ്ധ നേടിയത്. ഇതിനിടെ, മണ്ഡല–മകരവിളക്കു കാലത്തു ശബരിമലയിൽ ദർശനത്തിനായി ഓൺലൈനിൽ റജിസ്റ്റർ ചെയ്ത യുവതികളുടെ എണ്ണം 800 ആയി. ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ പേർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com