കെ സുരേന്ദ്രനെ ഇന്ന് കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കും ; സുരേന്ദ്രനെ പാര്‍പ്പിച്ച കോഴിക്കോട് ജയിലിന് മുന്നില്‍ ബിജെപിയുടെ നാമജപ പ്രതിഷേധം

സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ചതില്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ സുരേന്ദ്രന്‍ ഇന്ന് പത്തനംതിട്ട  സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും
കെ സുരേന്ദ്രനെ ഇന്ന് കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കും ; സുരേന്ദ്രനെ പാര്‍പ്പിച്ച കോഴിക്കോട് ജയിലിന് മുന്നില്‍ ബിജെപിയുടെ നാമജപ പ്രതിഷേധം


കോഴിക്കോട് : ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ ഇന്ന് കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കും. കണ്ണൂര്‍ മജിസ്‌ട്രേറ്റ് കോടതിയുടെ പ്രൊഡക്ഷന്‍ വാറന്റ് പരിഗണിച്ചാണ് സുരേന്ദ്രനെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കുന്നത്. രാവിലെ 11 മണിയോടെയാണ് സുരേന്ദ്രനെ കോടതിയില്‍ ഹാജരാക്കുക. അതിനിടെ സുരേന്ദ്രനെ പാര്‍പ്പിച്ചിട്ടുള്ള കോഴിക്കോട് ജയിലിന് പുറത്ത് ബിജെപി പ്രവര്‍ത്തകര്‍ നാമജപ പ്രതിഷേധം നടത്തുകയാണ്. സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുന്നു എന്നാരോപിച്ചാണ് പ്രതിഷേധം. 

അതിനിടെ ശബരിമല സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ചതില്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ കെ സുരേന്ദ്രന്‍ ഇന്ന് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും. ചിത്തിര ആട്ട വിശേഷ സമയത്ത് മകന്റെ കുഞ്ഞിന്റെ ചോറൂണിനെത്തിയ തൃശ്ശൂര്‍ സ്വദേശിനി ലളിതയെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്നാണ് സുരേന്ദ്രനെതിരെയുള്ള കേസ്. ഇതില്‍ പതിമൂന്നാം പ്രതിയാണ് സുരേന്ദ്രന്‍. റാന്നി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി സുരേന്ദ്രന്റെ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു.

ജയില്‍ മാറണമെന്നത് അടക്കമുള്ള സുരേന്ദ്രന്റെ ആവശ്യങ്ങളും കോടതി ഇന്ന് പരിഗണിച്ചേക്കും. ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് ലഭിച്ചശേഷം ഇക്കാര്യത്തില്‍ തീരുമാനം എടുക്കാമെന്നായിരുന്നു കോടതി വ്യക്തമാക്കിയിരുന്നത്. നിരോധനാജ്ഞ ലംഘിച്ച കേസില്‍ നേരത്തെ സുരേന്ദ്രന് ജാമ്യം ലഭിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com