പിണറായി ഭരണത്തിൽ ഹിന്ദുക്കൾ അരക്ഷിതർ ; മലപ്പുറത്ത് സ്ഥിരം പട്ടാള ക്യാമ്പ് വേണമെന്ന് ബിജെപി നേതാവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st April 2018 08:52 AM  |  

Last Updated: 21st April 2018 08:52 AM  |   A+A-   |  

 

മലപ്പുറം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുസർക്കാർ ഭരണത്തിന് കീഴിൽ ഹിന്ദു സമൂഹം അരക്ഷിതരെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. സോഷ്യൽ മീഡിയ ഹർത്താലിന്റെ മറവിൽ തിരൂര്‍, താനൂര്‍ മേഖലകളില്‍ ഹിന്ദുക്കളുടെ കടകള്‍ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയും കൊള്ളയടിക്കുകയുമായിരുന്നു. ഇതിൽ തങ്ങളുടെ പ്രവര്‍ത്തകര്‍ പങ്കെടുത്തതിനെക്കുറിച്ച് കോണ്‍ഗ്രസ്, മുസ്​ലിം ലീഗ്, സിപിഎം നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് കൃഷ്ണദാസ് ആവശ്യപ്പെട്ടു.  

ഹര്‍ത്താലി​ന്റെ മറവില്‍ നടന്നത് വർഗീയ കലാപമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മലപ്പുറത്ത് സ്ഥിരം പട്ടാള ക്യാമ്പ്​ സ്ഥാപിക്കുന്നതിന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെടണം. ആക്രമണങ്ങള്‍ക്ക് പിന്നിലെ അന്തര്‍ദേശീയ ഗൂഢാലോചനയും ദേശീയ-സംസ്ഥാനതലത്തില്‍ നടന്ന ആസൂത്രണവും എൻഐഎ അന്വേഷിക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.

ഹര്‍ത്താലിന് മുമ്പ് മുഖ്യമന്ത്രിയുടെ പ്രതിനിധിയായി മന്ത്രി കെ.ടി ജലീല്‍, പിഡിപി നേതാവ് അബ്​ദുൾ നാസർ മഅ്ദനിയെ സന്ദര്‍ശിച്ചിരുന്നു. ഹർത്താലിന്റെ മറവിലുള്ള ആക്രമണത്തെ ലഘൂകരിക്കാന്‍ ജലീൽ ശ്രമിച്ചതും ഗൂഢാലോചനയുടെ ഭാഗമാണോയെന്നും അന്വേഷിക്കണമെന്ന് പി കെ കൃഷ്ണദാസ് ആവശ്യപ്പെട്ടു.