പ്രളയത്തില്‍ പശു ഒഴുകിയെത്തി, നാട്ടുകാര്‍ കരയ്ക്കു കയറ്റിയ പശുവിനായി എത്തിയത് അഞ്ച് ഉടമകള്‍; ടാഗ് പരിശോധിച്ചപ്പോള്‍ അഞ്ചും വ്യാജന്മാര്‍

കേരളത്തില്‍ പ്രളയമുണ്ടായപ്പോള്‍ വീട്ടുസാധനങ്ങളും ജീവജാലങ്ങളുമുള്‍പ്പെടെ വെള്ളത്തില്‍ ഒഴുകി നടക്കുകയാണ്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മൂവാറ്റുപുഴ: കേരളത്തില്‍ പ്രളയമുണ്ടായപ്പോള്‍ വീട്ടുസാധനങ്ങളും ജീവജാലങ്ങളുമുള്‍പ്പെടെ വെള്ളത്തില്‍ ഒഴുകി നടക്കുകയാണ്. ജീവനും കൊണ്ട് വീടുവിട്ടിറങ്ങിയപ്പോള്‍ ഉടുത്ത വസ്ത്രമല്ലാതെയൊന്നും കയ്യില്‍ കരുതാനായില്ല. അതിനിടെ പ്രളയ ജലത്തില്‍ ഒഴുകിയെത്തിയ ഒരു പശുവിന്റെ ഉടമസ്ഥാവകാശം സ്ഥാപിക്കാനായി അഞ്ചു പേരാണ് എത്തിയത് . 

ഒടുവില്‍ പരിശോധനയില്‍ അവര്‍ അഞ്ചു പേരും പശുവിന്റെ ഉടമകളല്ലെന്നു തെളിഞ്ഞു. വാളകം മേക്കടമ്പിലാണു മലവെള്ളപ്പാച്ചിലില്‍ പശു ഒഴുകിയെത്തിയത്. പശുവിനെ നാട്ടുകാര്‍ കരയ്ക്കു കയറ്റി. നല്ല ലക്ഷണമൊത്ത പശുവിനെ കണ്ടതോടെ ചിലര്‍ അതിനെ കെട്ടിപ്പിടിച്ചു കരയാനും തിരികെ കിട്ടയതിലുള്ള ആഹ്ലാദം പ്രകടിപ്പിക്കാനും തുടങ്ങി. അഞ്ചു പേരും ഒന്നിനൊന്ന് അഭിനയം മെച്ചമാക്കി.

പശുവിന്റെ യഥാര്‍ഥ ഉടമ ആരെന്ന് തര്‍ക്കമായതോടെ, പ്രദേശത്തെ ഹോമിയോ ഡോക്ടര്‍ പശുവിന്റെ ചെവിയിലെ ഇന്‍ഷുറന്‍സ് ടാഗ് കണ്ടെത്തി. തുടര്‍ന്ന് ഊരമനയിലെ വെറ്ററിനറി ഡോക്ടറുടെ സഹായം തേടി. ഇന്‍ഷുറന്‍സ് ടാഗിലെ നമ്പര്‍ ഉപയോഗിച്ച് ഐടി സെല്ലിലെ ഉദ്യോഗസ്ഥര്‍ പശുവിന്റെ യഥാര്‍ഥ ഉടമയാരെന്നു കണ്ടെത്തി. 

റാക്കാട് എടക്കരയില്‍ ബേബിയുടേതായിരുന്നു പശു. ഇതോടെ വ്യാജ ഉടമകള്‍ മുങ്ങി.  ബേബിയുടെ വീട്ടിലും തൊഴുത്തിലും വെള്ളം കയറിയിരുന്നു. വീട്ടിലുള്ളവരെ രക്ഷിക്കുന്നതിനിടയില്‍ പശുവിനെ അഴിച്ചു വിട്ടു. വെള്ളം കയറി സര്‍വതും തകര്‍ന്ന വീട്ടിലേക്കു ബേബി പശുവിനെ തിരികെ കൊണ്ടുപോയിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com