ഡ്യൂപ്ലിക്കേറ്റ് റേഷന്‍ കാര്‍ഡുകള്‍ സെപ്തംബര്‍ 2 മുതല്‍ വിതരണം ചെയ്യും

ഡ്യൂപ്ലിക്കേറ്റ് റേഷന്‍ കാര്‍ഡുകള്‍ സെപ്തംബര്‍ 2 മുതല്‍ വിതരണം ചെയ്യും
ഡ്യൂപ്ലിക്കേറ്റ് റേഷന്‍ കാര്‍ഡുകള്‍ സെപ്തംബര്‍ 2 മുതല്‍ വിതരണം ചെയ്യും

കൊച്ചി: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് റേഷന്‍ കാര്‍ഡുകള്‍ നഷ്ടപ്പെട്ടവര്‍ക്കും നനഞ്ഞ് ഉപയോഗ്യമല്ലാതാകുകയും ചെയ്തവര്‍ക്ക് ഡ്യൂപ്ലിക്കേറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിന് നടപടി. സെപ്തംബര്‍ രണ്ടു മുതല്‍ ഡ്യൂപ്ലിക്കേറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യും. സെപ്തംബര്‍ 10ാം തീയതിയോടെ ഡ്യൂപ്ലിക്കേറ്റ് റേഷന്‍ കാര്‍ഡ് വിതരണം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന എറണാകുളം, തൃശൂര്‍ ജില്ലകളിലെ ജില്ല, താലൂക്ക്, സപ്ലൈ ഓഫീസര്‍മാരുടെയും സിറ്റി റേഷനിംഗ് ഓഫീസര്‍മാരുടെയും യോഗത്തില്‍ സിവില്‍ സപ്ലൈസ് വകുപ്പ് സെക്രട്ടറി മിനി ആന്റണിയാണ് തീരുമാനം അറിയിച്ചത്.

സിഡിറ്റ്, ഐടി മിഷന്‍, എന്‍ഐസി എന്നിവയുടെ നേതൃത്വത്തില്‍ ഡ്യൂപ്ലിക്കേറ്റ് കാര്‍ഡുകള്‍ പ്രിന്റ് ചെയ്ത് നല്‍കുന്നതിനുള്ള സംവിധാനം എല്ലാ താലൂക്ക് സപ്ലൈ ഓഫീസുകളിലും ഒരുക്കും. പ്രത്യേകം തയാറാക്കിയ അപേക്ഷാ ഫോമിനൊപ്പം സ്വന്തം നിലയിലുള്ള സത്യവാങ്ങ്മൂലവും മാത്രം സമര്‍പ്പിച്ചാല്‍ മതിയാകും. അപേക്ഷ ഫോമുകള്‍ എല്ലാ ജില്ലാ, താലൂക്ക് സപ്ലൈ ഓഫീസുകളിലും ലഭ്യമാകും. കൂടാതെ സിവില്‍ സപ്ലൈസ് വകുപ്പിന്റെ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തും ഉപയോഗിക്കാം. 

ഡ്യൂപ്ലിക്കേറ്റ് കാര്‍ഡിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതിന് എല്ലാ സപ്ലൈ ഓഫീസുകളിലും പ്രത്യേക ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനമാരംഭിക്കും. അപേക്ഷ ലഭിച്ച് മൂന്നു ദിവസത്തിനകം ഡ്യൂപ്ലിക്കേറ്റ് കാര്‍ഡുകള്‍ പ്രിന്റ് ചെയ്ത് ലാമിനേറ്റ് ചെയ്ത് നല്‍കും. ഇത്തരത്തില്‍ വിതരണം ചെയ്യുന്ന കാര്‍ഡുകളില്‍ 2018 ജൂലൈഓഗസ്റ്റ് മാസത്തിലെ പ്രളയത്തോടനുബന്ധിച്ച് വിതരണം ചെയ്തത് എന്ന് സീല്‍ ചെയ്തിരിക്കും. കൂടാതെ ഉപയോഗശൂന്യമായ കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കണം. പഞ്ചായത്ത് തലത്തിലോ താലൂക്ക് അടിസ്ഥാനത്തിലോ അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ജില്ല സപ്ലൈ ഓഫീസര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

വിവിധ ആവശ്യങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് അവശ്യരേഖയായതിനാലാണ് കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് ഉടന്‍ കാര്‍ഡ് ലഭ്യമാക്കുന്നത്. ഇന്നു (ഓഗസ്റ്റ് 29) വൈകിട്ട് മുതല്‍ എല്ലാ താലൂക്ക് സപ്ലൈ ഓഫീസുകളിലും പ്രിന്റര്‍, ടോണര്‍, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍ എന്നീ സൗകര്യങ്ങള്‍ സിഡിറ്റ് സജ്ജമാക്കും. 

നേരത്തേ ലഭിച്ചിട്ടുള്ള റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് മാത്രമാണ് ലഭിക്കുക. കാര്‍ഡിന്മേലുള്ള പരാതികള്‍, തിരുത്തലുകള്‍ എന്നിവ ഇപ്പോള്‍ അനുവദിക്കില്ല. വെള്ളം കയറിയ റേഷന്‍ കടകളില്‍ കേടുവന്ന ഭക്ഷ്യധാന്യം ജില്ല കളക്ടറുടെയം തദ്ദേശ സ്ഥാപനങ്ങളുടെയും പിന്തുണയോടെ നിര്‍മ്മാര്‍ജനം ചെയ്യണം. പൊതുസ്ഥലങ്ങളിലോ ജലാശയങ്ങളിലോ ഇവ തളളരുത്. ഗോഡൗണുകളില്‍ നിന്നും ഡിപ്പോകളില്‍ നിന്നും കേടായ ഭക്ഷ്യധാന്യങ്ങളുടെയും അവശേഷിക്കുന്ന സ്‌റ്റോക്കിന്റെയും കണക്കെടുപ്പ് അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നും മിനി ആന്റണി നിര്‍ദേശിച്ചു. സര്‍ക്കാര്‍ ഗോഡൗണുകളിലെയും ഭക്ഷ്യധാന്യങ്ങളുടെ കണക്കെടുപ്പ് പൂര്‍ത്തിയാക്കി സ്‌റ്റോക്കുകള്‍ പുനക്രമീകരിച്ച് റേഷന്‍ ലഭ്യത ഉറപ്പാക്കണമെന്നും മിനി ആന്റണി നിര്‍ദേശിച്ചു. 

റേഷന്‍ വിതരണം സുഗമമാക്കുന്നതിന് എല്ലാ നടപടികളും സ്വീകരിക്കണം. സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ച് കിലോ അരി വിതരണവും ഉടന്‍ പൂര്‍ത്തിയാക്കണം. ഇനിയും അരി വാങ്ങിയിട്ടില്ലാത്തവര്‍ ഉടന്‍ വാങ്ങണം. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് സംസ്ഥാനത്തിന് ലഭിച്ച അരി അടക്കമുള്ള ഭക്ഷ്യസാധനങ്ങള്‍ പ്രത്യേകം കിറ്റുകളാക്കി പ്രളയബാധിതര്‍ക്ക് നല്‍കാനുള്ള നടപടികള്‍ ജില്ല കളക്ടറുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com