വലിയ ശബ്ദത്തില്‍ വീടുകളുടെ ഭിത്തികളില്‍ വിള്ളല്‍ വീഴുന്നു; ഇടുക്കി നിവാസികളെ ഭീതിയിലാഴ്ത്തി അസാധാരണ വിള്ളലുകള്‍ 

ഒരു മാസത്തോളമായി ഭിത്തികളില്‍ വിള്ളലുകള്‍ കാണാന്‍ തുടങ്ങിയിട്ട്
വലിയ ശബ്ദത്തില്‍ വീടുകളുടെ ഭിത്തികളില്‍ വിള്ളല്‍ വീഴുന്നു; ഇടുക്കി നിവാസികളെ ഭീതിയിലാഴ്ത്തി അസാധാരണ വിള്ളലുകള്‍ 

ഇടുക്കി; വീടുകളിലെ ഭിത്തികളില്‍ പ്രത്യക്ഷപ്പെട്ട അസാധാരണമായ വിള്ളലുകളില്‍ ഭയന്ന് നാടും വീടും ഉപേക്ഷിച്ച് പോവാന്‍ നിര്‍ബന്ധിതരാവുകയാണ് ഇടുക്കിയിലെ ഒരു വിഭാഗം ജനങ്ങള്‍. ഇടുക്കിയിലെ വന്നപ്പുറം, രാജകുമാരി, കഞ്ചിയാര്‍,സേനാപതി എന്നീ പഞ്ചായത്തുകളിലെ വീടുകളിലാണ് അസാധാരണമായ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനെ തുടര്‍ന്ന് മൂന്ന് വീടുകളാണ് തകര്‍ന്നുവീണത്. നിരവധി വീടുകള്‍ വലിയ വിള്ളലുകള്‍ വീണ് നശിച്ചു. എന്നാല്‍ വിള്ളലുകളുണ്ടാവാന്‍ കാരണം എന്തെന്നു പോലും അറിയാത്ത അവസ്ഥയാണ്. ഗവണ്‍മെന്റ് സംവിധാനങ്ങളുമായി പ്രദേശവാസികള്‍ ബന്ധപ്പെട്ടെങ്കിലും വ്യക്തമായ ഉത്തരം ഇതുവരെ ലഭിച്ചിട്ടില്ല. 

ഒരു മാസത്തോളമായി ഭിത്തികളില്‍ വിള്ളലുകള്‍ കാണാന്‍ തുടങ്ങിയിട്ട്. ആദ്യം ചെറിയ വിള്ളലുകളാണ് വന്നത്. പിന്നീട് വിള്ളലുകളിലെ വിടവ് വര്‍ധിക്കാന്‍ തുടങ്ങി. അപകടം തിരിച്ചറിയാന്‍ സമയം കിട്ടുന്നതിന് മുന്നേ വളരെ വേഗത്തിലാണ് വിള്ളലുകളുടെ വ്യാപ്തി കൂടിയത്. വലിയ ശബ്ദത്തോടെ വിള്ളലുകള്‍ രൂപപ്പെടാന്‍ തുടങ്ങിയതോടെയാണ് ആളുകള്‍ വീടുകള്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായത്. മേഖലയിലെ അഞ്ച് വീടുകളാണ് പൂര്‍ണമായി തകര്‍ന്നത്. ഏകദേശം 20 വീടുകളാണ് വിള്ളലുകള്‍ വീണത്. ആശങ്കയിലായ നിരവധിപേരാണ് ജീവനും കൈയില്‍ പിടിച്ച് രാത്രിയില്‍ നാടുവിട്ടത്. 

രാത്രിയില്‍ വലിയ വിള്ളല്‍ രൂപപ്പെട്ടതിനെ തുടര്‍ന്നാണ് പ്രദേശവാസിയായ ബേബി ജോസ് വീട് ഉപേക്ഷിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറിയത്. വീട്ടിലെ സാധനങ്ങള്‍ പോലും എടുക്കാനുള്ള സമയം ഇവര്‍ക്ക് ലഭിച്ചില്ല. മേല്‍ക്കൂര താഴേക്ക് വീഴാതിരിക്കാന്‍ മുള കുത്തിവെച്ചിരിക്കുകയാണ് ഇവര്‍. ഇപ്പോള്‍ വാടക വീട്ടിലേക്ക് താമസം മാറ്റിയിരിക്കുകയാണ് ബേബിയും കുടുംബവും. ഇത്തരത്തില്‍ നിരവധി പേരാണ് വീട് ഉപേക്ഷിച്ച് ബന്ധുക്കളുടേയും മറ്റും വീട്ടില്‍ അഭയം തേടിയിരിക്കുന്നത്. വീടുകളുടെ കാലപ്പഴക്കമല്ല വിള്ളലുകള്‍ക്ക് കാരണമാകുന്നത്. പഴയ വീടുകളില്‍ മാത്രമല്ല ഒരു വര്‍ഷം മുന്‍പ് പണിത വീടുകളില്‍ പോലും വിള്ളലുകള്‍ കാണുന്നുണ്ട്. 

ശക്തമായ മഴയുടെ ഭാഗമായിട്ടാണ് ഭിത്തികളില്‍ വിള്ളലുകള്‍ വീഴുന്നത് എന്നാണ് ഇടുക്കി മൈനിങ് ആന്‍ഡ് ജിയോളജി ഡിപ്പാര്‍ട്ട്‌മെന്റിലെ സീനിയര്‍ ജിയോളജിസ്റ്റ് ബി അജയകുമാര്‍ പറയുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com