മന്ത്രി കെ ടി ജലീലിനെ നിയമസഭയ്ക്ക് അകത്തും പുറത്തും ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം ; ജലീലിന്റെ പ്രസംഗം കുറ്റം സമ്മതിച്ച രീതിയിലെന്ന് ചെന്നിത്തല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th December 2018 12:30 PM  |  

Last Updated: 04th December 2018 12:30 PM  |   A+A-   |  

 

തിരുവനന്തപുരം : ബന്ധു നിയമന അഴിമതി നടത്തിയ മന്ത്രി കെ ടി ജലീലിനെ നിയമസഭയിലും പുറത്തും ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്. സഭയ്ക്ക് പുറമെ, ജലീല്‍ പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികളും യുഡിഎഫ് ബഹിഷ്‌കരിക്കുമെന്ന് ചെന്നിത്തല അറിയിച്ചു.


ബന്ധു നിയമനത്തിൽ മറുപടി പറഞ്ഞ മന്ത്രി ജലീൽ കുറ്റം സമ്മതിച്ച രീതിയിലാണ്​ പ്രസംഗിച്ചത്​. അഴിമതിക്ക്​ മറുപടി പറയാതെ ആദരണീയനായ പാണക്കാട്​ തങ്ങളെ പോലും അപമാനിക്കാനാണ്​ ജലീൽ ശ്രമിച്ചത്​.യൂത്ത്​ ലീഗ്​ നേതാക്കൾ ഉന്നയിച്ച ആരോപണം അക്ഷരം പ്രതി ശരിയാണെന്നും ചെന്നിത്തല പറഞ്ഞു. 
 
സഭാ നടപടികളോട്​ സഹകരിക്കാമെന്ന്​ അറിയിച്ചിട്ടും മന്ത്രിമാർ അടക്കമുള്ളവർ പ്രതിപക്ഷത്തെ പ്രകോപിപ്പിക്കുകയാണ്​ ചെയ്തത്. ധൈര്യമുണ്ടെങ്കിൽ നടുത്തലത്തിലിറങ്ങാൻ ആവശ്യപ്പെട്ടു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അടക്കമുള്ളവരാണ് പ്രകോപനത്തിന് ശ്രമിച്ചത്. ട്രഷറി ബെഞ്ചിലാണ് ഇരിക്കുന്നതെന്ന ബോധം പോലും ഇല്ലാതെയാണ് ഇവരുടെ പ്രവർത്തിയെന്നും ചെന്നിത്തല പറഞ്ഞു. 

പ്രതിപക്ഷാംഗങ്ങളുടെ പ്രസംഗം തടസപ്പെടുത്താൻ മന്ത്രിമാർ ശ്രമിച്ചതായി പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ ആരോപിച്ചു. താന്‍ തെറ്റായതും നിയമവിരുദ്ധവുമായ യാതൊന്നും ചെയ്തിട്ടില്ലെന്ന് മന്ത്രി കെടി ജലീൽ‌ മറുപടി പറഞ്ഞു. സാധാരണ നടപടി മാത്രമാണ് ഉണ്ടായത്. ഇതിനെതിരെ തെറ്റിദ്ധാരണ പരത്താന്‍ ചിലര്‍ ശ്രമിക്കുകയായിരുന്നു. 

12 വര്‍ഷമായി സഭയിലുള്ള ആളാണ് താന്‍. ഇതുവരെ തെറ്റായ ഒന്നും ചെയ്തിട്ടില്ല. തന്റെ പൊതു ജീവിതം സംശുദ്ധമാണ്. ഇതുവരെ ഒരാളോടും അനീതിയും അന്യായവും ചെയ്തിട്ടില്ല. പ്രവര്‍ത്തിപരിചയം നോക്കിയാണ് അദീബിനെ നിയമിച്ചത്. തെറ്റ് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും ജലീൽ പറ‍ഞ്ഞു. ജലീൽ ചട്ട ലംഘനമോ സത്യപ്രതിജ്ഞാ ലംഘനമോ നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രിയും പറഞ്ഞു.  ബന്ധുനിയമനത്തെ ചൊല്ലി ഭരണപക്ഷവുമായുണ്ടായ വാക്കേറ്റത്തെ തുടർന്ന്​ പ്രതിപക്ഷം സഭ ബഹിഷ്​കരിച്ചു.