തുടര്‍ച്ചയായി ബാങ്കുകള്‍ അവധി, യുപിഐ ആപ്ലിക്കേഷനുകള്‍ മുഖേനെയുളള തട്ടിപ്പുകള്‍ക്ക് സാധ്യത; മുന്നറിയിപ്പുമായി പൊലീസ്

ബാങ്കുകള്‍ കാര്‍ഡ് സംബന്ധമായ വിവരങ്ങള്‍ക്ക് ഉപഭോക്താക്കളെ ഫോണില്‍ ബന്ധപ്പെടാറില്ലെന്നും ഇങ്ങനെ ആവശ്യപ്പെട്ട് വിളിക്കുന്നവര്‍ക്ക് വിവരങ്ങള്‍ നല്‍കരുതെന്നും പൊലീസ്
തുടര്‍ച്ചയായി ബാങ്കുകള്‍ അവധി, യുപിഐ ആപ്ലിക്കേഷനുകള്‍ മുഖേനെയുളള തട്ടിപ്പുകള്‍ക്ക് സാധ്യത; മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം: ബാങ്കുകള്‍ കാര്‍ഡ് സംബന്ധമായ വിവരങ്ങള്‍ക്ക് ഉപഭോക്താക്കളെ ഫോണില്‍ ബന്ധപ്പെടാറില്ലെന്നും ഇങ്ങനെ ആവശ്യപ്പെട്ട് വിളിക്കുന്നവര്‍ക്ക് വിവരങ്ങള്‍ നല്‍കരുതെന്നും പൊലീസ്. യുപിഐ അഥവാ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് പൊലീസിന്റെ മുന്നറിയിപ്പ്. 

ഇവര്‍ നല്‍കുന്ന എസ്എംഎസ്സുകള്‍ മറ്റ് നമ്പരുകളിലേക്ക് ഫോര്‍വേഡ് ചെയ്യരുത്. ഇത്തരത്തില്‍  വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കില്‍  ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്താല്‍  മാത്രമേ അക്കൗണ്ടില്‍നിന്ന് തുക നഷ്ടപ്പെടുന്നത് തടയാനാകൂ. ശനിയാഴ്ച മുതല്‍  തുടര്‍ച്ചയായി ബാങ്കുകള്‍ അവധിയായതിനാല്‍  യുപിഐ മുഖാന്തിരമുള്ള തട്ടിപ്പുകള്‍ക്ക് ഇത്തരക്കാര്‍ ഉപഭോക്താക്കളെ വിളിക്കാനുള്ള സാധ്യതയുണ്ട്. ആയതിനാല്‍  ബാങ്ക് ഉപഭോക്താക്കള്‍ ജാഗ്രത പുലര്‍ത്തണമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണര്‍ പി പ്രകാശ്  അറിയിച്ചു.

തട്ടിപ്പുകള്‍ക്ക് ഇരയാവുന്ന ഉപഭോക്താക്കള്‍ക്ക് അക്കൗണ്ടില്‍നിന്ന് കാശ് നഷ്ടപ്പെടുന്നത് മനസിലായാലും കാള്‍സെന്റര്‍ മുഖാന്തിരം തടയാനാവില്ലെന്നതാണ് തട്ടിപ്പുകാര്‍ക്ക് അനുകൂലമാവുന്നത്. ബാങ്കിങ് കാള്‍ സെന്റര്‍ വിളിച്ച് കാര്‍ഡ് ബ്ലോക്ക് ചെയ്താലും യുപിഐ ആപ്ലിക്കേഷന്‍ മുഖാന്തിരമുള്ള ഇടപാടുകള്‍ അക്കൗണ്ടില്‍ നിന്ന് തട്ടിപ്പുകാര്‍ക്ക് യഥേഷ്ടം നടത്താനാകും. ബാങ്കില്‍ നിന്നാണെന്ന് അവകാശപ്പെട്ട് വിളിക്കുന്നവര്‍ക്ക് യാതൊരുവിധ വിവരങ്ങളും നല്‍കാതിരിക്കുകയാണ് ഏക പോംവഴിയെന്ന് കമീഷണര്‍ അറിയിച്ചു.

ബാങ്കില്‍നിന്നെന്ന് അവകാശപ്പെട്ടാണ് ഉപഭോക്താവിന് ഫോണ്‍ വരുന്നത്. വിളിക്കുന്നയാള്‍ ഉപഭോക്താവിന്റെ പേരും ബാങ്കില്‍  നല്‍കിയിട്ടുള്ള വിവരങ്ങളും കൃത്യമായി പറയും. തുടര്‍ന്ന് ചിപ്പ് പതിപ്പിച്ച പുതിയ ഡെബിറ്റ് കാര്‍ഡ് അനുവദിക്കുന്നതിന്റെ ഭാഗമായി ഒരു എസ്എംഎസ് ഫോണിലേക്ക് അയച്ചുതരുന്നത് മറ്റൊരു നമ്പരിലേക്ക് ഫോര്‍വേഡ് ചെയ്യാന്‍ ആവശ്യപ്പെടും. അതിനുശേഷം ഉപഭോക്താവിന്റെ ഫോണിലേക്ക് വരുന്ന വണ്‍ ടൈം പാസ്‌വേര്‍ഡ് (ഒടിപി) ചോദിച്ച് മനസ്സിലാക്കും. ഇത് എംപിന്‍ ക്രിയേറ്റ് ചെയ്യുന്നതിന് യുപിഐ നല്‍കുന്നതാണ്. ഇവ ചെയ്യുന്നതോടുകൂടി തട്ടിപ്പ് നടത്തുന്നയാള്‍ നമ്മുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച് യുപിഐ ആപ്ലിക്കേഷന്‍ ആക്ടിവേറ്റ് ചെയ്യും. ഇതോടെ അയാള്‍ക്ക് നമ്മുടെ അക്കൗണ്ടിലെ കാശ് ഇഷ്ടമുള്ള രീതിയില്‍  വിനിയോഗിക്കാനാകും. വളരെപെട്ടെന്ന്  മറ്റ് മൊബൈല്‍  വാലറ്റുകളിലേക്ക് നമ്മുടെ അക്കൗണ്ടിലെ കാശ് മുഴുവന്‍ മാറ്റുകയാണ് സാധാരണ ഇവര്‍ ചെയ്യാറുള്ളതെന്നും കമീഷണര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com