ശബരിമലയില്‍ വരുമാനത്തിലും ഭക്തരുടെ എണ്ണത്തിലും കുറവില്ല ; ഇതുവരെ എത്തിയത് 32 ലക്ഷം തീര്‍ത്ഥാടകര്‍ ; വരുമാനം  105 കോടി 11 ലക്ഷം രൂപയെന്ന് പദ്മകുമാര്‍

മകരവിളക്കിന് മുന്നോടിയായി ഉന്നതതലയോഗം വിളിച്ചുചേര്‍ക്കും
ശബരിമലയില്‍ വരുമാനത്തിലും ഭക്തരുടെ എണ്ണത്തിലും കുറവില്ല ; ഇതുവരെ എത്തിയത് 32 ലക്ഷം തീര്‍ത്ഥാടകര്‍ ; വരുമാനം  105 കോടി 11 ലക്ഷം രൂപയെന്ന് പദ്മകുമാര്‍

പത്തനംതിട്ട : ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും കുറവുണ്ടായി എന്ന പ്രചാരണം തെറ്റാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍. യുവതീപ്രവേശവുമായി ബന്ധപ്പെട്ട വിഷയങ്ങളെ തുടര്‍ന്ന് ഈ തീര്‍ത്ഥാടനകാലത്തിന്റെ തുടക്കത്തില്‍ ഭക്തരുടെ വരവ് നേരിയ തോതില്‍ കുറവുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അത് മാറി. ഇന്നലെ വരെ ശബരിമലയില്‍ 30 നും 32 ലക്ഷത്തിനും ഇടയില്‍ തീര്‍ത്ഥാടകര്‍ ശബരിമലയില്‍ എത്തിയതായി പ്രസിഡന്റ് പദ്മകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 

കഴിഞ്ഞ വര്‍ഷം മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയില്‍ ആകെയെത്തിയത് 68 ലക്ഷം പേരാണ്. എന്നാല്‍ ഈ തീര്‍ത്ഥാടന കാലയളവില്‍ 39-ാം ദിവസമായ ഇന്നലെ വരെ 32 ലക്ഷത്തോളം പേര്‍ വന്നു കഴിഞ്ഞു. മകരവിളക്ക് ആകുമ്പോഴേക്കും കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുമെന്നാണ് ബോര്‍ഡ് പ്രതീക്ഷിക്കുന്നത്. ശബരിമല തീര്‍ത്ഥാടനത്തെ അട്ടിമറിക്കാന്‍ പ്രചാരണം നടത്തുന്നവര്‍ പെരുപ്പിച്ച കണക്കുകളാണ് പറയുന്നത്. 

നേരത്തെ ദേവസ്വംബോര്‍ഡിന്റെ ഒരു മുന്‍ പ്രസിഡന്റ് പറഞ്ഞത് ശബരിമലയില്‍ ഒരു കോടി തീര്‍ത്ഥാടകര്‍ എത്തിയിരുന്നു എന്നാണ്. എന്നാല്‍ മറ്റൊരു പ്രസിഡന്റ് ഇത് രണ്ട് കോടി തീര്‍ത്ഥാടകര്‍ എന്നാക്കി ഉയര്‍ത്തി. ചിലര്‍ ഇത് അഞ്ചു കോടി വരെയാക്കിയാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. ശബരിമലയില്‍ വരുമാനത്തിന്റെ കാര്യത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. 

കഴിഞ്ഞ വര്‍ഷം 164 കോടി മൂന്നു ലക്ഷത്തി എണ്‍പത്തൊമ്പതിനായിരത്തി മുന്നൂറ്റി അറുപത്തി മൂന്ന് രൂപയാണ് ( 164,03,89,363 രൂപ) ലഭിച്ചത്. എന്നാല്‍ ഈ മണ്ഡലകാലത്ത് 39 ദിവസത്തിനിടെ 105 കോടി 11 ലക്ഷത്തി 93 ആയിരത്തി 417 രൂപ (105,11,93,417 രൂപ) ഇതുവരെ ലഭിച്ചു. കടകള്‍ ലേലം ചെയ്തതുമായി ബന്ധപ്പെട്ട കണക്കുകൂടി ഇതില്‍ ചേര്‍ക്കാനുണ്ട്. കാണിക്ക ഇനത്തില്‍ കഴിഞ്ഞ വര്‍ഷം 39 ദിവസത്തിനിടെ ലഭിച്ചത്  1 കോടി 88 ലക്ഷമായിരുന്നു. എന്നാല്‍ ഇന്നലെ വരെ രണ്ടു കോടി ഒരു ലക്ഷം ലഭിച്ചു. അതായത് കാണിക്ക ഇനത്തില്‍ 14 ലക്ഷത്തിന്റെ വര്‍ധന ഉണ്ടായതായും പദ്മകുമാര്‍ പറഞ്ഞു. 

തീര്‍ത്ഥാടനം അട്ടിമറിക്കാന്‍ നേരത്തെ ചില ശ്രമങ്ങള്‍ നടന്നു. എന്നാല്‍ പൊലീസ് ഇത് ക്രിയാത്മകമായി നേരിട്ടു. മണ്ഡലകാലത്ത് പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങല്‍ ക്രമീകൃതമായിരുന്നു. നിലയ്ക്കല്‍ ബേസ് ക്യാമ്പ് ആക്കണമെന്ന 2007 മാസ്റ്റര്‍ പ്ലാനിന്റെ കണ്‍സെപ്റ്റ് ഇത്തവണ പ്രാവര്‍ത്തികമാക്കി. ഇതില്‍ ചെറിയ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ആദ്യഘട്ടം വിജയമായിരുന്നു. വാഹനപാര്‍ക്കിംഗ്, വെള്ളപ്രശ്‌നം, സ്വീവേജ് തുടങ്ങിയ പ്രശ്‌നങ്ങളിലെ പരാതികള്‍ അടത്തു സീസണ് മുമ്പ് തന്നെ തീര്‍ക്കും. ഇവിടെ 30,000 പേര്‍ക്ക് വിരിവെക്കാന്‍ സൗകര്യം ഒരുക്കാനാണ് ബോര്‍ഡ് ആലോചിക്കുന്നത്. 

മകരവിളക്കിന് മുന്നോടിയായി ഉന്നതതലയോഗം വിളിച്ചുചേര്‍ക്കും. മണ്ഡല പൂജ കാലത്തെ സ്ഥിതിഗതികള്‍ യോഗത്തില്‍ വിലയിരുത്തി ഭക്തര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യം ഒരുക്കാന്‍ ബോര്‍ഡ് ശ്രമിക്കും. ശബരിമലയിലെ അരവണ മോശമാണെന്ന് ചില പ്രാരണം നടക്കുന്നുണ്ട്. അരവണയുടെ പേറ്റന്റുമായി ബന്ധപ്പെട്ട് സിംഗപ്പൂര്‍ കമ്പനി ചില നീക്കങ്ങള്‍ നടത്തുന്നുണ്ട്.  ഇതിന്റെ ഭാഗമായാണോ ശബരിമലയിലെ അരവണ മോശാണെന്ന പ്രചരണം നടക്കുന്നതെന്ന് സംശയമുണ്ടെന്നും പദ്മുമാര്‍ ആരോപിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com