കുടുംബത്തില്‍ പിറന്നവര്‍ ശബരിമലയില്‍ പോകില്ലെന്ന നിലപാടുള്ളവര്‍ മുന്നണിക്ക് ബാധ്യത ; എല്‍ഡിഎഫ് വികസനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് വി എസ്

വര്‍ഗീയ കക്ഷികള്‍ക്കുള്ള ഇടത്താവളമല്ല ഇടതുമുന്നണി. സ്ത്രീ വിരുദ്ധതയും സവര്‍ണ മനോഭാവവും ഉള്ളവര്‍ മുന്നണിയില്‍ വേണ്ടെന്ന് വി എസ്
കുടുംബത്തില്‍ പിറന്നവര്‍ ശബരിമലയില്‍ പോകില്ലെന്ന നിലപാടുള്ളവര്‍ മുന്നണിക്ക് ബാധ്യത ; എല്‍ഡിഎഫ് വികസനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് വി എസ്

തിരുവനന്തപുരം : ഇടതുമുന്നണി വിപുലീകരണത്തില്‍ അതൃപ്തി അറിയിച്ച് മുതിര്‍ന്ന സിപിഎം നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി എസ് അച്യുതാനന്ദന്‍. സ്ത്രീ വിരുദ്ധതയും സവര്‍ണ മനോഭാവവും ഉള്ളവര്‍ മുന്നണിയില്‍ വേണ്ടെന്ന് വി എസ് പറഞ്ഞു. 

കാലഹരണപ്പെട്ട ആചാരങ്ങള്‍, സ്ത്രീവിരുദ്ധത തുടങ്ങിയവ ഉയര്‍ത്തിപ്പിടിക്കുന്നവര്‍, വര്‍ഗീയ കക്ഷികള്‍ തുടങ്ങിയവര്‍ക്കുള്ള ഇടത്താവളമല്ല ഇടതുമുന്നണി. കുടുംബത്തില്‍ പിറന്നവര്‍ ശബരിമലയില്‍ പോകില്ലെന്ന നിലപാടുള്ളവര്‍ മുന്നണിക്ക് ബാധ്യതയാകുമെന്നും വിഎസ് പറഞ്ഞു. ആര്‍ ബാലകൃഷ്ണപിള്ളയുടെ പേരെടുത്ത് പറയാതെയാണ് വി എസ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. 

ഇന്ത്യന്‍ ഭരണഘടന വിശകലനം ചെയ്ത് സുപ്രിംകോടതി ശരിയായ നിലയില്‍ വിലയിരുത്തിയ സ്ത്രീ സമത്വം ഉറപ്പാക്കുന്ന ആശയത്തെ പ്രത്യക്ഷമായും പരോക്ഷമായും എതിര്‍ക്കുന്നവരുണ്ട്. പുരുഷന്മാര്‍ക്ക് ചെല്ലാവുന്ന ഇടങ്ങളില്‍ സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് ഭരണഘടനാവിരുദ്ധമാണെന്ന ഇടതുപക്ഷ നിലപാടാണ് സുപ്രിംകോടതി ഉയര്‍ത്തിപ്പിടിച്ചതെന്നും വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.

ശബരിമല വിഷയത്തില്‍ വിശ്വാസികളെ അനുകൂലിച്ച് ബാലകൃഷ്ണപിള്ള നേരത്തെ രംഗത്തുവന്നിരുന്നു. ആചാരങ്ങള്‍ സംരക്ഷിക്കണമെന്നതാണ് തന്റെ നിലപാട്. കുടുംബത്തില്‍ പിറന്ന യുവതികളാരും ശബരിമലയില്‍ പോകാന്‍ തയ്യാറാകില്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞിരുന്നു. 

കഴിഞ്ഞ ദിവസം ചേര്‍ന്ന എല്‍ഡിഎഫ് യോഗമാണ് ആര്‍ ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ് ബി, ഐഎന്‍എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ്, ലോക് താന്ത്രിക് ജനതാദള്‍ എന്നീ പാര്‍ട്ടികളെ മുന്നണിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com