ദിലീപിന് എതിരായ കുറ്റപത്രം ചോര്‍ന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ കോടതി നിര്‍ദേശം

പൊലീസ് കുറ്റപത്രം ചോര്‍ത്തി മാധ്യമങ്ങള്‍ക്കു നല്‍കിയെന്ന പരാതിയില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്
ദിലീപിന് എതിരായ കുറ്റപത്രം ചോര്‍ന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ കോടതി നിര്‍ദേശം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം ചോര്‍ന്നതിനെക്കുറിച്ച് അന്വേഷണം നടത്താന്‍ കോടതി നിര്‍ദേശം. പൊലീസ് കുറ്റപത്രം ചോര്‍ത്തി മാധ്യമങ്ങള്‍ക്കു നല്‍കിയെന്ന, കേസിലെ പ്രതി ദിലീപിന്റെ പരാതിയില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. 

ദിലീപിനെ പ്രതിയാക്കി നടത്തിയ തുടരന്വേഷണത്തിന്റെ കുറ്റപത്രം പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെ മാധ്യമങ്ങളില്‍ വാര്‍ത്തയായതിന് എതിരെയാണ് ദിലീപ് കോടതിയെ സമീപിച്ചത്. കുറ്റപത്രം ചോര്‍ത്തി നല്‍കിയത് തനിക്കെതിരായ പൊലീസിന്റെ ഗൂഢനീക്കമാണെന്നും ഹര്‍ജിയില്‍ ദിലീപ് ആരോപിച്ചിരുന്നു.

കുറ്റപത്രം ചോര്‍ന്നതില്‍ പൊലീസിന്റെ പങ്ക് തെളിയിക്കുന്നതിനായി കുറ്റപത്രം സമര്‍പ്പിച്ച ദിവസം ദൃശ്യമാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ഉള്‍പ്പെടുത്തിയ പെന്‍െ്രെഡവ് ദിലീപിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. തന്നെ അപകീര്‍ത്തി പെടുത്താന്‍ അന്വേഷണ സംഘം മനപൂര്‍വ്വം ശ്രമിക്കുകയാണെന്ന് ദിലീപ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. പൊലീസ് ക്ലബ്ബില്‍ നടന്ന നീക്കങ്ങളുടെ ഭാഗമായാണ് കുറ്റപത്രം മാധ്യമങ്ങള്‍ക്കു ലഭിച്ചത്. മറ്റ് മാര്‍ഗങ്ങളിലൂടെ കുറ്റപ്പത്രം ചോരുന്നതിന് പൊലീസ് ക്ലബ്ബിന്റെ പരിസരത്ത് ഒരു ഫോട്ടോസ്റ്റാറ്റ് കടപോലും ഉണ്ടായിരുന്നില്ലെന്നും ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു.

അതേസമയം കുറ്റപത്രം ചോര്‍ത്തിയത് പ്രതിഭാഗമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആരോപിച്ചു. ദിലീപ് 'ഹരിശ്ചന്ദ്രന്‍' അല്ല. ദിലീപ് നേരത്തെ ഫോണ്‍ രേഖ ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. നിര്‍ണായകമായ ഫോണ്‍രേഖകള്‍ അടക്കമുള്ള തെളിവുകള്‍ ദിലീപ് കോടതിയില്‍ അപേക്ഷ നല്‍കി കൈപ്പറ്റിയിരുന്നു. ഇത് ദിലീപ് മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നു. ഇത്തരത്തിലുള്ള ദിലീപ് ഹരിശ്ചന്ദ്രന്‍ ചമയേണ്ടെന്നായിരിരുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അടക്കം 12 പ്രതികള്‍ക്കെതിരായ അനുബന്ധ കുറ്റപത്രം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ പൊലീസ് സമര്‍പ്പിക്കുന്നതിനു തൊട്ടുമുന്‍പാണ് ചോര്‍ന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com