വിരമിച്ച ജീവനക്കാരുടെ അവകാശമാണ് പെന്‍ഷന്‍ ; കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ കൊടുത്തേ തീരൂവെന്ന് ഹൈക്കോടതി

കെഎസ്ആര്‍ടിയുടെ സാമ്പത്തിക പ്രതിസന്ധി പെന്‍ഷന്‍ നല്‍കാതിരിക്കാനുള്ള കാരണമായി കാണാനാവില്ലെന്ന് ഹൈക്കോടതി
വിരമിച്ച ജീവനക്കാരുടെ അവകാശമാണ് പെന്‍ഷന്‍ ; കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ കൊടുത്തേ തീരൂവെന്ന് ഹൈക്കോടതി

കൊച്ചി : കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ കൊടുത്തേ തീരുവെന്ന് ഹൈക്കോടതി. വിരമിച്ച ജീവനക്കാരുടെ അവകാശമാണ് പെന്‍ഷന്‍. കെഎസ്ആര്‍ടിയുടെ സാമ്പത്തിക പ്രതിസന്ധി പെന്‍ഷന്‍ നല്‍കാതിരിക്കാനുള്ള കാരണമായി കാണാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. പെന്‍ഷന്‍കാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. 

നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ കെഎസ്ആര്‍ടിസിയും സര്‍ക്കാരും കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇതില്‍ സാമ്പത്തിക പ്രതിസന്ധിയാണ് പെന്‍ഷന്‍ മുടങ്ങാന്‍ കാരണമായതായി ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ ഈ വാദം കോടതി തള്ളി. സാമ്പത്തിക പ്രതിസന്ധി പെന്‍ഷന്‍ നല്‍കാതിരിക്കാനുള്ള കാരണമായി കാണാനാവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. പെന്‍ഷന്‍ നിരാകരിക്കാനോ, അനന്തമായി നീട്ടാനോ കെഎസ്ആര്‍ടിസിക്ക് അവകാശമില്ലെന്നും കോടതി ഉത്തരവിട്ടു. 

സ്ഥാപനത്തിന് വേണ്ടി രക്തവും വിയര്‍പ്പും ഒഴുക്കിയവരാണ് പെന്‍ഷന്‍കാര്‍. വിരമിച്ചശേഷം അവര്‍ക്ക് മെച്ചപ്പെട്ട ജീവിതം ലക്ഷ്യമിട്ടാണ് സൂമൂഹ്യക്ഷേമം മുന്‍നിര്‍ത്തി പെന്‍ഷന്‍ നല്‍കിവരുന്നത്. 2002 ല്‍ കോടതി കെഎസ്ആര്‍ടിസി വിഷയം പരിഗണിച്ചപ്പോള്‍ ഒരു നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. പെന്‍ഷന്‍ ആനുകൂല്യത്തിനായി, ഓരോ ദിവസത്തെയും കളക്ഷനില്‍ നിന്ന് 10 ശതമാനം തുക ട്രഷറിയിലെ അക്കൗണ്ടില്‍ പ്രത്യേകമായി നിക്ഷേപിക്കണമെന്നാണ് നിര്‍ദേശിച്ചത്. ഈ രീതിയില്‍ പണം കൈകാര്യം ചെയ്തിരുന്നെങ്കില്‍ ഇത്ര രൂക്ഷമായ പ്രശ്‌നം നേരിടേണ്ടി വരില്ലായിരുന്നെന്നും കോടതി അഭിപ്രായപ്പെട്ടു. 

രാവിലെ കെഎസ്ആര്‍ടിസ് പെന്‍ഷന്‍ പ്രശ്‌നം നിയമസഭയില്‍ അടിയന്തര പ്രമേയമായി പ്രതിപക്ഷം ഉന്നയിച്ചിരുന്നു. കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ പ്രശ്‌നം പൂര്‍ണമായി പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ മറുപടി നല്‍കി.  കെഎസ്ആര്‍ടിസിയെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കാനാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പെന്‍ഷന്‍കാരോട് സര്‍ക്കാരിനോട് പ്രതിബദ്ധതയുണ്ട്. പെന്‍ഷന്‍ പൂര്‍ണമായും കൊടുക്കാന്‍ നടപടിയുണ്ടാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com