ഉടമയുടെ പേര് ഇടയ്ക്കിടെ വിളിച്ചുപറഞ്ഞ് ബഹളമുണ്ടാക്കി; കള്ളന്മാരെ കുടുക്കിയ തത്ത താരമായി 

വളര്‍ത്തുമൃഗങ്ങളെ വില്‍ക്കുന്ന കടയില്‍ നിന്ന് തത്തകളെ മോഷ്ടിച്ച മൂന്നംഗ സംഘം പിടിയില്‍
ഉടമയുടെ പേര് ഇടയ്ക്കിടെ വിളിച്ചുപറഞ്ഞ് ബഹളമുണ്ടാക്കി; കള്ളന്മാരെ കുടുക്കിയ തത്ത താരമായി 

കൊച്ചി: വളര്‍ത്തുമൃഗങ്ങളെ വില്‍ക്കുന്ന കടയില്‍ നിന്ന് തത്തകളെ മോഷ്ടിച്ച മൂന്നംഗ സംഘം പിടിയില്‍. ഉടമയുടെ പേര് ഇടയ്ക്കിടെ വിളിച്ചുപറഞ്ഞു ബഹളം വച്ച തത്തയാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്. 

കലൂര്‍ മാര്‍ക്കറ്റിനോടുചേര്‍ന്നു വളര്‍ത്തുമൃഗങ്ങളുടെ കടയില്‍ നിന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് രണ്ട് ആഫ്രിക്കന്‍ ഗ്രേ  തത്തകളും നാലു കൊക്ടീല്‍ പക്ഷികളും ഒരു പേര്‍ഷ്യന്‍ പൂച്ചയും മോഷണം പോയത്. സിസിടിവി ദൃശ്യങ്ങള്‍ക്കുപുറമേ യഥാര്‍ഥ ഉടമയുടെ പേര് തത്ത ഇടയ്ക്കിടെ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നതാണ് മോഷ്ടാക്കളെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത്. ഒരെണ്ണത്തിന് 60,000രൂപ വില വരുന്നതാണ് ഇവര്‍ മോഷ്ടിച്ച തത്ത. പൂച്ചയ്ക്ക് 12,000രൂപയും കൊക്ടീലിന് 2000രൂപയും വിലയുണ്ട്. 

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ രണ്ട് പ്രതികളെകുറിച്ച് പൊലീസിന് സൂചന ലഭിച്ചിരുന്നു. ഇവരുടെ ഫോട്ടോ കടയുടമ തിരിച്ചറിഞ്ഞതോടെ അന്വേഷണം ഊര്‍ജിതപ്പെടുത്തി. അടുത്ത ദിവസങ്ങളില്‍ ഇവര്‍ ഇടയ്ക്കിടെ കടയില്‍ വന്നിരുന്നെന്ന് ഉടമ പറഞ്ഞു. അഫ്രിക്കന്‍ തത്തകള്‍ അപരിചതരുമായി പെട്ടെന്ന് ഇണങ്ങില്ലെന്നും അവ ബഹളം വയ്ക്കുമെന്നും മനസിലാക്കിയ പ്രതികള്‍ തത്തയുമായി പരിചയം ഉണ്ടാക്കിയെടുക്കാനാണ് കടയിലെത്തിയിരുന്നത്. എന്നാല്‍ മോഷ്ടിച്ച തത്ത ഇടയ്ക്കിടെ ഉടമയുടെ പേര് വിളിച്ചുപറയുന്നത് സമീപവാസികളുടെ ശ്രദ്ധയില്‍പെട്ടതോടെ കാര്യങ്ങള്‍ എളുപ്പമായി. പൊലീസ് നടത്തിയ പരിശോധനയില്‍ മോഷ്ടിച്ച തത്തകളെയും പൂച്ചയെയും പ്രതികളുടെ വീടുകളില്‍ നിന്ന് കണ്ടെടുത്തു. 

എളമക്കര സ്വദേശികളായ സിറാജ്(38), അനില്‍കുമാര്‍(53), ബാലകൃഷ്ണന്‍(40) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. സിറാജ് അനികുമാര്‍ എന്നിവലര്‍ വിവിധ സ്റ്റേഷനുകളില്‍ മോഷണ കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com