ജയരാജന്റെ അപ്രമാദിത്തത്തിന് തടയിടാന്‍ നീക്കം ? പി. ശശി സിപിഎമ്മിലേക്ക്  തിരിച്ചുവരവിനൊരുങ്ങുന്നു

പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഒരു മണിക്കൂറോളം  പി ശശിയുമായി കൂടിക്കാഴ്ച നടത്തി
ജയരാജന്റെ അപ്രമാദിത്തത്തിന് തടയിടാന്‍ നീക്കം ? പി. ശശി സിപിഎമ്മിലേക്ക്  തിരിച്ചുവരവിനൊരുങ്ങുന്നു

കോഴിക്കോട്: ലൈം​ഗിക ആരോപണത്തെ തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കിയ സിപിഎം കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി പി ശശി സിപിഎം നേതൃത്വത്തിലേക്ക് തിരിച്ചുവരാനൊരുങ്ങുന്നതായി റിപ്പോർട്ട്. പി ശശിയെ പാർട്ടി സജീവപ്രവർത്തനത്തിലേക്ക് തിരിച്ചുകൊണ്ടുവരിക ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കഴിഞ്ഞദിവസം അദ്ദേഹവുമായി ഒരുമണിക്കൂറോളം സംസാരിച്ചതായാണ് വിവരം. പാർട്ടിയിൽ നിന്ന് പുറത്താക്കിയശേഷം അഭിഭാഷക വൃത്തിയിലേക്ക് ശശി ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. പാർട്ടി നടപടി സ്വീകരിച്ചശേഷവും സിപിഎമ്മിനോട് കൂറു പ്രഖ്യാപിച്ച ശശി, പാർട്ടി നേതാക്കൾ ഉൾപ്പെട്ട കേസുകൾ വാദിച്ചിരുന്നു. 

പാര്‍ട്ടി നേതൃത്വത്തിനുപോലും നിയന്ത്രിക്കാന്‍ കഴിയാത്തവിധം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ കണ്ണൂരില്‍ പിടിമുറുക്കുന്നത് സിപിഎം സംസ്ഥാന നേതൃത്വത്തെ അലോസരപ്പെടുത്തുന്നുണ്ട്. ജയരാജനെ മഹത്വവല്‍ക്കരിച്ചുള്ള സംഗീത ആല്‍ബം ഇറക്കിയതും അര്‍ജുനന്‍, ആഭ്യന്തരമന്ത്രി തുടങ്ങിയ വിശേഷണങ്ങളുമായി പോസ്റ്ററുകള്‍ ഇറക്കിയതും നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. സംസ്ഥാന നേതൃത്വം ഇക്കാര്യത്തിൽ ജയരാജനെ ശാസിക്കുകയും ചെയ്തിരുന്നു.  

പാർ്ട്ടിയിൽ വ്യക്തിപൂജ അനുവദിക്കില്ലെന്ന് പാർട്ടി സംസ്ഥാന നേതൃത്വം കർശന താക്കീത് നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പാർട്ടി സംസ്ഥാനനേതൃത്വവുമായി ജയരാജൻ മാനസികമായി അകൽച്ചയിലാണ്. ജയരാജന്റെ അപ്രമാദിത്തത്തിന് തടയിടാന്‍ ജില്ലയില്‍ പകരക്കാരനില്ലെന്ന അവസ്ഥ മറികടക്കുകയെന്നതാണ് പി. ശശിയെ തിരിച്ചുകൊണ്ടുവരുന്നതിലൂടെ സംസ്ഥാന നേതൃത്വം  ലക്ഷ്യമിടുന്നത്.

ലൈം​ഗിക ആരോപണത്തെത്തുടർന്ന് 2010 ഡിസംബർ 13 നാണ് പി ശശിയെ കണ്ണൂർ ജില്ലാ സെക്രട്ടറി പദവിയിൽ നിന്ന് പുറത്താക്കുന്നത്. ആരോ​ഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ശശിയെ പെരളശ്ശേരി കീഴറ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തുകയും ചെയ്തു. 2010 ഡിസംബർ 31 ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോ​ഗത്തിൽ ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ശശിയെ പിന്തുണച്ച പിണറായി വിജയൻ, അന്വേഷണത്തിനായി വൈക്കം വിശ്വന്റെ നേതൃത്വത്തിൽ പാർട്ടി കമ്മീഷനെ വെച്ചു. 

കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2011 ജൂലൈയിലാണ് ശശിയെ സിപിഎമ്മിൽ നിന്ന് പുറത്താക്കുന്നത്. ഒരു വർഷത്തേക്കായിരുന്നു നടപടി. ശശിയെ പിന്തുണച്ചതിന് സിപിഎം സംസ്ഥാന കമ്മിറ്റിയിൽ  അന്ന് സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന് അടക്കം അതിരൂക്ഷ വിമർശനമാണ് നേരിട്ടത്. 

എന്നാൽ അന്ന്  സെക്രട്ടറിസ്ഥാനം ഒഴിയാന്‍ ഇടയാക്കിയ ആരോപണങ്ങളില്‍നിന്നെല്ലാം ശശി കുറ്റവിമുക്തനായിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ സിപിഎമ്മില്‍ രൂപപ്പെട്ടിട്ടുള്ള പുതിയ രാഷ്ട്രീയധ്രുവീകരണവും തിരിച്ചുവരവിന് വഴിതുറന്നിട്ടുണ്ട്. ഭരണപരിജ്ഞാനവും രാഷ്ട്രീയപാടവവുമുള്ള ശശിയുടെ അനുഭവമികവ് പ്രയോജനപ്പെടുത്തണമെന്ന് പാര്‍ട്ടിയില്‍ അഭിപ്രായം ശക്തമായിട്ടുണ്ട്. മുന്‍മുഖ്യമന്ത്രി ഇ.കെ. നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറി, കെ.എസ്.എഫ്.ഇ. ചെയര്‍മാന്‍, റെയ്ഡ്‌കോ ചെയര്‍മാന്‍ എന്നീ പദവികൾ വഹിച്ചിട്ടുള്ള ശശി തിരിച്ചെത്തിയാല്‍ പാര്‍ട്ടിയില്‍ വീണ്ടും പ്രബലനാകുമെന്നുറപ്പാണ്. ഇതിന് തടയിടാൻ എതിർപക്ഷവും കരുനീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com