ഉടുമുണ്ടില്ലാതെ മുസ്ലീം ലീഗ് നേതാവിനെ റോഡിലൂടെ നടത്തി പൊലീസിന്റെ റോഡ് ഷോ; എസ്‌ഐക്കെതിരേ പരാതി

വീട്ടില്‍ നിന്ന് ഇറക്കി 400 മീറ്ററോളം ദൂരമാണ് മുണ്ടില്ലാതെ ഷിബുവിനെ നടത്തിയത്
ഉടുമുണ്ടില്ലാതെ മുസ്ലീം ലീഗ് നേതാവിനെ റോഡിലൂടെ നടത്തി പൊലീസിന്റെ റോഡ് ഷോ; എസ്‌ഐക്കെതിരേ പരാതി

തിരുവനന്തപുരം: ഉടുമുണ്ട് അഴിച്ച് മുസ്ലീം ലീഗ് ജില്ലാ നേതാവിനെ നടുറോഡിലൂടെ നടത്തി പൊലീസ്. പാര്‍ട്ടിയുടെ തിരുവനന്തപുരം ജില്ലാ കൗണ്‍സില്‍ അംഗം ഷിബു കല്ലറയെയാണ് മുണ്ടില്ലാതെ നടത്തി പൊലീസ് റോഡ് ഷോ നടത്തിയത്. ഇതിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വലിയ വിവാദങ്ങള്‍ക്കാണ് കാരണമായിരിക്കുന്നത്. 

കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവമുണ്ടാകുന്നത്. ഷിബുവിന്റെ അച്ഛന്റെ സഹോദരന്റെ വീട്ടിലെത്തിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. വീട്ടില്‍ നിന്ന് ഇറക്കി 400 മീറ്ററോളം ദൂരമാണ് മുണ്ടില്ലാതെ ഷിബുവിനെ നടത്തിയത്. വിവാഹം നടക്കുന്ന ഓഡിറ്റോറിയത്തിന്റെ മുന്നിലൂടെയാണ് കൊണ്ട് പോയത്. സ്‌റ്റേഷനിലെത്തിച്ച ശേഷവും തനിക്ക് ഉടുക്കാന്‍ മുണ്ട് നല്‍കിയില്ല. കോടതിയില്‍ ഹാജരാക്കാന്‍ നേരത്ത് മാത്രമാണ് തുണി നല്‍കിയതെന്നാണ് ഷിബു പറയുന്നത്. റോഡിലൂടെ കൊണ്ടുപോകുന്നതിനിടെ എസ്‌ഐ പറഞ്ഞത് ഒരു റോഡ് ഷോ നടത്തി കളയാം എന്നാണെന്നും ഷിബു ആരോപിച്ചു.

സംഭവത്തില്‍ പാങ്ങോട് എസ്‌ഐ നിയാസിന്റെ പേരില്‍ ഡിജിപി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയതായി ഷിബു പറഞ്ഞു. പൊലീസ് കംപ്ലയ്ന്റ് അതോറിറ്റിക്കും പരാതി നല്‍കാനുള്ള തയാറെടുപ്പിലാണ്. ജൂലായില്‍ നടന്ന ഒരു സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് തന്നോട് എസ്‌ഐക്ക് വൈരാഗ്യമുണ്ടെന്നാണ് ഷിബു പറയുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് തന്റെ സഹപ്രവര്‍ത്തകന്‍ ഷാജഹാനെ എസ്‌ഐ അറസ്റ്റ് ചെയ്ത് വിവസ്ത്രനാക്കി ലോക്കപ്പില്‍ നിര്‍ത്തി. ഇതിനെതിരേ പരാതി നല്‍കിയതിന്റെ പ്രതികാരമായാണ് തനിക്കെതിരേ കള്ളക്കേസ് ചുമത്തിയിരിക്കുന്നതെന്ന് ഷിബു പറഞ്ഞു. 

എന്നാല്‍ ആരോപണങ്ങള്‍ പൊലീസ് തള്ളി. ചെക്ക് കേസില്‍ പ്രതിയാണ് ഷിബുവെന്നും കല്ലറയിലുള്ള ബാറിന് സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയതെന്നും പാങ്ങോട് എസ്‌ഐ നിയാസ് അറിയിച്ചു. പൊലീസിനെ കണ്ടതോടെ രക്ഷപ്പെടാന്‍ നോക്കിയ ഷിബുവിനെ പിന്നീട് പിടികൂടിയപ്പോള്‍ നിക്കര്‍ മാത്രമാണ് ധരിച്ചിരുന്നത്. അതിന് ശേഷം പുതിയ മുണ്ടും ആഹാരവുമെല്ലാം പൊലീസാണ് വാങ്ങി നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com