ഓണ്‍ലൈനില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് ഇനി കാത്തിരിക്കേണ്ട; ഓണ്‍ലൈന്‍ ഭക്ഷണവ്യാപാരം ബഹിഷ്‌കരിക്കാന്‍ കൊച്ചിയിലെ ഹോട്ടലുകള്‍

ഡിസംബര്‍ 1 മുതല്‍ ബഹിഷ്‌കരണം കൊണ്ടുവരാനാണ് കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ജില്ലാകമ്മിറ്റിയുടെ തീരുമാനം
ഓണ്‍ലൈനില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് ഇനി കാത്തിരിക്കേണ്ട; ഓണ്‍ലൈന്‍ ഭക്ഷണവ്യാപാരം ബഹിഷ്‌കരിക്കാന്‍ കൊച്ചിയിലെ ഹോട്ടലുകള്‍

കൊച്ചി; കുറഞ്ഞ നാളുകള്‍ കൊണ്ട് കൊച്ചിയില്‍ വന്‍ സ്വീകാര്യത നേടിയ ഓണ്‍ലൈന്‍ ഭക്ഷണവ്യാപാരത്തിന് പൂട്ട് വീഴുന്നു. ഓണ്‍ലൈന്‍ ഭക്ഷണവ്യാപാരം ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിലാണ് കൊച്ചിയിലെ ഹോട്ടലുകള്‍. ഓണ്‍ലൈന്‍ കമ്പനികളുടെ ചൂഷണത്തിലും ചെറുകിട ഭക്ഷണ വ്യാപാര മേഖലയിലെ ബഹുരാഷ്ട്ര ഓണ്‍ലൈന്‍ കമ്പനികളുടെ പ്രവര്‍ത്തനത്തില്‍ പ്രതിഷേധിച്ചുമാണ് നടപടി. ഡിസംബര്‍ 1 മുതല്‍ ബഹിഷ്‌കരണം കൊണ്ടുവരാനാണ് കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ജില്ലാകമ്മിറ്റിയുടെ തീരുമാനം.

ഓണ്‍ലൈന്‍ ഭക്ഷണ വില്‍പ്പനയുടെ പേരില്‍ കമ്പനികള്‍ ഹോട്ടലുടമകളെ ചൂഷണം ചെയ്യുന്നുണ്ടെന്നാണ് പ്രധാന പരാതി. സര്‍വീസ് ചാര്‍ജായി ഹോട്ടലുടമകളില്‍ നിന്നു ബില്ലിന്റെ 30 ശതമാനവും അതിന്റെ 18 ശതമാനം ജിഎസ്ടിയായുമാണ് അവര്‍ ഈടാക്കുന്നത്. കൂടാതെ ഓഫറുകളുടെ പേരിലും ഹോട്ടലുകളെ ചൂഷണം ചെയ്യുന്നു. ഇതുമൂലം വന്‍ നഷ്ടമാണ് ഹോട്ടലുടമകള്‍ അനുഭവിക്കുന്നതെന്ന് സംഘടനാ നേതാക്കള്‍ പറഞ്ഞു.

വന്‍ ഓഫറുകള്‍ നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിച്ച് ചെറുകിട ഭക്ഷണവ്യാപാര മേഖല കൈയടക്കുകയും തുടര്‍ന്ന് ഇപ്പോള്‍ നല്‍കുന്ന ഓഫറുകളുടെ നഷ്ടം പൊതുജനങ്ങളില്‍നിന്ന് ഈടാക്കുവാനുമുള്ള കോര്‍പ്പറേറ്റ് തന്ത്രമാണ് ഓണ്‍ലൈന്‍ കമ്പനികള്‍ നടത്തുന്നതെന്നു കെഎച്ച്ആര്‍എ ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com