ശബരിമലയെ കലാപഭൂമിയാക്കാന്‍ സര്‍ക്കാര്‍ ശ്രമം, ജന്മഭൂമി ലേഖനത്തെ കുറിച്ച് അറിയില്ലെന്നും പി എസ് ശ്രീധരന്‍പിളള 

ശബരിമല സ്ത്രീ പ്രവേശനത്തില്‍ നിലപാട് മാറ്റിയ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് രാജിവെച്ച് പുറത്തുപോകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിളള
ശബരിമലയെ കലാപഭൂമിയാക്കാന്‍ സര്‍ക്കാര്‍ ശ്രമം, ജന്മഭൂമി ലേഖനത്തെ കുറിച്ച് അറിയില്ലെന്നും പി എസ് ശ്രീധരന്‍പിളള 

കോട്ടയം: ശബരിമല സ്ത്രീ പ്രവേശനത്തില്‍ നിലപാട് മാറ്റിയ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് രാജിവെച്ച് പുറത്തുപോകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിളള. സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധിക്കെതിരെ പുനപരിശോധന ഹര്‍ജി നല്‍കുന്നത് പരിഗണിക്കുമെന്നായിരുന്നു ദേവസ്വംബോര്‍ഡിന്റെ ആദ്യ നിലപാട്. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് അഭിപ്രായങ്ങള്‍ വെട്ടിവിഴുങ്ങിയതായി ശ്രീധരന്‍ പിളള ആരോപിച്ചു. നിലപാടുമാറ്റത്തിലുടെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അപമാനമായിരിക്കുകയാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

ശബരിമലയില്‍ പ്രായഭേദമെന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കരുത് എന്ന്് ആവശ്യപ്പെട്ട്  മഹിളാ മോര്‍ച്ചയും യുവമോര്‍ച്ചയും നടത്തിയ സമരം വന്‍വിജയമായിരുന്നു.  ബിജെപിയുടെ മുന്നേറ്റത്തില്‍ വിറളി പൂണ്ട് ആര്‍എസ്എസും ബിജെപിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒപ്പമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ദുഷ്പ്രചരണം നടത്തുകയാണ്. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ അപവാദ പ്രചാരണമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്ന് ശ്രീധരന്‍ പിളള കുറ്റപ്പെടുത്തി.

ശബരിമല സ്ത്രീ പ്രവേശനത്തില്‍ തന്ത്രികുടുംബത്തിന് ഒപ്പമാണ് ബിജെപി. ശബരിമലയെ കലാപഭൂമിയാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ശബരിമല സ്ത്രീപ്രവേശനത്തില്‍ വിശ്വാസികള്‍ക്കൊപ്പമാണ് തങ്ങള്‍. കോണ്‍ഗ്രസ് ഈ വിഷയത്തില്‍ ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നത്. സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ആദ്യം ട്വിറ്റ് ചെയ്തു. ഇതിന്റെ ചുവടുപിടിച്ച് പ്രതിപക്ഷനേതാവും കോടതി വിധിയെ അനുകൂലിച്ച് പ്രതികരിച്ചു. എ്ന്നാല്‍ ഇപ്പോള്‍ ബിജെപിയുടെ മുന്നേറ്റത്തില്‍ വിറളിപൂണ്ട് കോണ്‍ഗ്രസ് കളംമാറ്റി ചവിട്ടുകയാണെന്നും ശ്രീധരന്‍പിളള ആരോപിച്ചു. ശബരിമലയില്‍ പ്രായഭേദമെന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധിയെ അനുകൂലിച്ച് പാര്‍ട്ടി മുഖപത്രമായ ജന്മഭൂമിയില്‍ വന്ന ലേഖനത്തെ കുറി്ച്ചുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ലേഖനം വായിച്ചിട്ടില്ലെന്ന് ശ്രീധരന്‍പിളള പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com