യുവതിയ്ക്ക് മല ചവിട്ടാന്‍ സുരക്ഷ നല്‍കാന്‍ പൊലീസ് തീരുമാനം ; പമ്പയിലേക്ക് കൊണ്ടുപോകും

കറുകച്ചാല്‍ സ്വദേശിനിയായ ബിന്ദു മല ചവിട്ടാന്‍ സുരക്ഷ തേടി രാവിലെയാണ് എരുമേലി പൊലീസിനെ സമീപിച്ചത്
യുവതിയ്ക്ക് മല ചവിട്ടാന്‍ സുരക്ഷ നല്‍കാന്‍ പൊലീസ് തീരുമാനം ; പമ്പയിലേക്ക് കൊണ്ടുപോകും


പമ്പ : ശബരിമല ദര്‍ശനത്തിനെത്തിയ കറുകച്ചാല്‍ സ്വദേശിനിയെ മല കയറാന്‍ അനുവദിക്കാന്‍ പൊലീസ് തീരുമാനം. കറുകച്ചാല്‍ സ്വദേശിനി ബിന്ദുവിനെ പൊലീസ് സംരക്ഷണത്തോടെ നിലയ്ക്കലെത്തിച്ചു. ഇവിടെ നിന്നും പമ്പയിലേക്ക് കൊണ്ടുപോകാനാണ് തീരുമാനം. കെഎസ്ആര്‍ടിസി ബസില്‍ പൊലീസ് സുരക്ഷയോടെ ഇവരെ പമ്പയിലേക്ക് കൊണ്ടുപോകാനാണ് തീരുമാനിച്ചിട്ടുള്ളത്. കൊച്ചി റേഞ്ച് ഐജി വിജയ് സാഖറെയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം യോഗം ചേര്‍ന്ന ശേഷമാണ് ഇവരെ മുന്നോട്ടുകൊണ്ടുപോകാന്‍ തീരുമാനിച്ചത്. 

രാവിലെയാണ് കറുകച്ചാല്‍ സ്വദേശിനിയായ ബിന്ദു മല ചവിട്ടാന്‍ സുരക്ഷ തേടി എരുമേലി പൊലീസിനെ സമീപിച്ചത്. ഇവര്‍ക്ക് 43 വയസ്സുണ്ടെന്നാണ് സൂചന. ഇപ്പോള്‍ കോഴിക്കോട് താമസിക്കുന്ന ബിന്ദുവിനൊപ്പം രണ്ട് പുരുഷന്മാരും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇരുമുടിക്കെട്ട് ഒന്നും ഇല്ലാതെ എത്തിയ ഇവര്‍ ക്ഷേത്രദര്‍ശനം നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. 

പമ്പയിലെത്തിച്ച ശേഷം അവിടത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശംപ്രകാരം തുടര്‍നടപടി കൈക്കൊള്ളാനാണ് പൊലീസ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്. അതിനിടെ യുവതി എത്തുന്നതറിഞ്ഞ് പമ്പയിലും സന്നിധാനത്തും ഭക്തരുടെ പ്രതിഷേധം ശക്തമായിട്ടുണ്ട്. യുവതിയെ സന്നിധാനത്ത് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നാണ് വിശ്വാസികളുടെ നിലപാട്. തുലാമാസ പൂജകള്‍ക്കായി നട തുറന്നശേഷം ഇതുവരെ പത്തോളം യുവതികളാണ് മല ചവിട്ടാന്‍ എത്തിയത്. എന്നാല്‍ പ്രതിഷേധം കാരണം ആര്‍ക്കും ദര്‍ശനം സാധ്യമായിരുന്നില്ല. 

തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല ക്ഷേത്രം ഇന്ന് രാത്രി പത്തുമണിയ്ക്ക് അടയ്ക്കും. രാത്രി ഏഴുമണിയ്ക്ക് ശേഷം ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടില്ല. ഇന്ന് നട അടച്ചാല്‍ പിന്നെ ചിത്തിര ആട്ട വിശഷത്തിനായി ഒരു ദിവസത്തേക്ക് നവംബര്‍ അഞ്ചിന് വൈകീട്ടാണ് നട തുറക്കുക. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com