ശബരിമലയില്‍ സ്ഥിതി അതീവ ഗുരുതരം; മണ്ഡലക്കാലത്തും പ്രക്ഷോഭത്തിന് സാധ്യത, സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ 

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 23rd October 2018 11:53 AM  |  

Last Updated: 23rd October 2018 11:53 AM  |   A+A-   |  

 

കൊച്ചി: ശബരിമലയില്‍ സ്ഥിതി അതീവ ഗുരുതരമെന്ന് സ്‌പെഷല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍. അക്രമത്തിലും തിരക്കിലും പെട്ട് തീര്‍ത്ഥാടകര്‍ക്കും പൊലീസിനും ജീവാപായം ഉണ്ടാകാമെന്നും ഹൈക്കോടതിയില്‍ സ്‌പെഷല്‍ കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രക്ഷോഭകാരികളും വിശ്വാസം സംരക്ഷിക്കാന്‍ എന്ന പേരില്‍ എത്തിയ കുറച്ചാളുകളും ശബരിമലയില്‍ നിലയുറപ്പിച്ചിരിക്കുന്നു. 50 വയസിന് മുകളിലുളള സ്ത്രീകളെ വരെ തടയുന്ന സ്ഥിതി ഉണ്ടായി. മണ്ഡലക്കാലത്ത് നട തുറക്കുമ്പോഴും ഇവരുടെ സാന്നിധ്യം പ്രതീക്ഷിക്കാമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. 

ശബരിമലയിലെ സ്ഥിതിഗതികളെ കുറിച്ച് ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ വ്യക്തമാക്കിയിരുന്നു. ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരായ പ്രതിഷേധം സംസ്ഥാനത്ത് ആളിക്കത്തുന്ന പശ്ചാത്തലത്തിലായിരുന്നു എ പദ്മകുമാറിന്റെ പ്രസ്താവന.