രഥയാത്ര ആരംഭിക്കുന്നത് 62 ബിഷപ്പുമാരുടെയും 12 ഇസ്‌ലാമിക പണ്ഡിതന്‍മാരുടെയും അനുഗ്രഹത്തോടെ: പി.എസ് ശ്രീധരന്‍പിള്ള

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ നടത്താന്‍ പോകുന്ന രഥയാത്ര വര്‍ഗീയവത്കരിക്കാന്‍ സിപിഎം ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള
രഥയാത്ര ആരംഭിക്കുന്നത് 62 ബിഷപ്പുമാരുടെയും 12 ഇസ്‌ലാമിക പണ്ഡിതന്‍മാരുടെയും അനുഗ്രഹത്തോടെ: പി.എസ് ശ്രീധരന്‍പിള്ള

തിരുവനവന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ നടത്താന്‍ പോകുന്ന രഥയാത്ര വര്‍ഗീയവത്കരിക്കാന്‍ സിപിഎം ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള. ഡിജിപി ഓഫീസിന് മുന്നില്‍ നടക്കുന്ന ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രഥയാത്ര തുടങ്ങിയാല്‍ വര്‍ഗീയ കലാമുണ്ടാകുമെന്ന് പ്രചരിപ്പിക്കുന്നത് ന്യൂനപക്ഷ വോട്ട്  ശേഖരിക്കാണ്. 62 ക്രിസ്തീയ ബിഷപ്പ്മാരുടെയും 12 ഇസ്‌ലാമിക പണ്ഡിതന്‍മാരുടെയും നൂറ് കണക്കിന് സന്യാസിമാരുടെയും അനുഗ്രഹം നേടിക്കൊണ്ടാണ് രഥയാത്ര ആരംഭിക്കുന്നത്. അത് ചെറുത്തുതോല്‍പ്പിക്കാന്‍ ഇടതു സര്‍ക്കാരിന് കഴിയില്ല. നിരീശ്വരവാദികള്‍ തകര്‍ന്ന് തരിപ്പണമാകുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. 

ഇവിടെ കെട്ടിപ്പൊക്കിയ തടസ്സങ്ങളെല്ലാം വിശ്വാസികള്‍ തട്ടിമാറ്റും. ഞങ്ങളാരും കോടതിവിധികളെ വെല്ലുവിളിച്ചിട്ടില്ല. വിധി പറഞ്ഞ കോടതിയെ ഞങ്ങള്‍ പരിഹസിച്ചിട്ടിമില്ല. വിധിയെ വിമര്‍ശിക്കാനുള്ള അവകാശം പൗരന്റെ മൗലികാവകാശമാണ്. ആത്യന്തികമായി ഏത് കോടതിക്കും അപ്പുറത്ത് ജനഹിതമാണ് ജനാധിപത്യത്തിന്റെ മര്‍മ്മം.പിണറായി വിജയന്‍ ജനങ്ങളുടെ വികാരം ഉള്‍ക്കൊള്ളണം. 99ശതമാനം ഹിന്ദു സ്ത്രീകളും യുവതീപ്രവേശനം വേണ്ടെന്നാണ് പറയുന്നത്. മനുഷ്യമനസ്സുകളെ ഉള്‍ക്കൊള്ളാന്‍ പിണറായി വിജയന് കഴിയണം. അടിച്ചമര്‍ത്താനാണ് ശ്രമമെങ്കില്‍ ഇന്ത്യ ഒട്ടാകെയുള്ള അവസാന ബിജെപിക്കാരന്റെയും രക്തം സമര്‍പ്പിച്ച് സമരം മുന്നോട്ടുകൊണ്ടുപോകാന്‍ ബിജെപി തയ്യാറാണ്. 

അമിത് ഷാ ബുദ്ധിയുള്ള കഴിവുള്ള പ്രാപ്തനായ നേതാവായതുകൊണ്ടാണ് കമ്മ്യൂണിസ്റ്റുകാരന്റെ തൃപുര വരെ ബിജെപി വിജയിച്ചതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. പിണറായി വിജയന്‍ പോളിറ്റ് ബ്യൂറോയില്‍ ചെന്ന ശേഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഗ്രാഫ് താഴോട്ടാണ്. ആരുമില്ല ആശാനും വിളക്കും മാത്രമായി തകര്‍ന്നുകൊണ്ടിരിക്കുന്നു. അഞ്ചാംതീയതി ശബരിമലയില്‍ യുവതികളെ കൊണ്ടുവരാന്‍ സിപിഎം പണം കൊടുത്തും പരിശീലനം കൊടുത്തും തയ്യാറാക്കുന്നുവെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com