16ന് അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു,പ്രവചിച്ചത് 20 സെന്റിമീറ്റര്‍ മഴ; മുഖ്യമന്ത്രിയുടെ വാദം തളളി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം 

സംസ്ഥാനത്ത് പ്രളയത്തിന് കാരണമായ അതിതീവ്രമഴ സംബന്ധിച്ച് മുന്നറിയിപ്പ് ലഭിച്ചിരുന്നില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അവകാശവാദം കേന്ദ്രകാലാവസ്ഥ നിരീക്ഷണകേന്ദ്രം തളളി
16ന് അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു,പ്രവചിച്ചത് 20 സെന്റിമീറ്റര്‍ മഴ; മുഖ്യമന്ത്രിയുടെ വാദം തളളി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം 

ന്യൂഡല്‍ഹി:സംസ്ഥാനത്ത് പ്രളയത്തിന് കാരണമായ അതിതീവ്രമഴ സംബന്ധിച്ച് മുന്നറിയിപ്പ് ലഭിച്ചിരുന്നില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അവകാശവാദം കേന്ദ്രകാലാവസ്ഥ നിരീക്ഷണകേന്ദ്രം തളളി .ഓഗസ്റ്റ് രണ്ടാം വാരത്തിലെ അതി തീവ്രമഴയെ കുറിച്ച് കൃത്യമായ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സംസ്ഥാനത്തെ കനത്തമഴയെകുറിച്ച് ചീഫ് സെക്രട്ടറി, അഡീഷണല്‍ ചീഫ് സെക്രട്ടറി, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, ജില്ലാ കലക്ടര്‍മാര്‍ എന്നിവരെ യഥാസമയം അറിയിച്ചിരുന്നതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഓഗസ്റ്റ് ഒന്‍പതിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലും ഇക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നു.

 ഇടുക്കി ജില്ലയില്‍ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് ഓഗസ്റ്റ് 12ന് മുന്നറിയിപ്പ് നല്‍കി. ഇതിന്റെ തുടര്‍ച്ചയായി ഓഗസ്റ്റ് 14 മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിലയില്‍ ഇടുക്കി ജില്ലയില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. ഇത്തരം മുന്നറിയിപ്പുകള്‍ പ്രതിദിനം വെബ്‌സെറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കൂടാതെ തിരുവനന്തപുരം ഓഫീസിലും അറിയിച്ചിട്ടുണ്ട്. ജില്ലാതലത്തില്‍ മഴയുടെ സാധ്യതയും മുന്നറിയിപ്പുകളും, തീവ്രതയ്ക്ക് അനുസരിച്ച് അലര്‍ട്ടുകളും പ്രതിദിനം മൂന്നുതവണ അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്. അഞ്ചുദിവസത്തെ കാലാവസ്ഥ പ്രവചനവും തുടര്‍ന്നുളള രണ്ടുദിവസത്തെ നിരീക്ഷണവും ചീഫ് സെക്രട്ടറിയെ ഇ-മെയില്‍ വഴി അറിയിച്ചു. പതിവ് നടപടിയുടെ ഭാഗമായി കാറ്റ്, കനത്ത മഴയ്ക്കുളള സാധ്യത എന്നിവയും മുന്നറിയിപ്പായി ഇതൊടൊപ്പം നല്‍കാറുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.   

ഓഗസ്റ്റ് 14-ാം തീയതി അന്നും 15നും കനത്തമഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും റെഡ് അലര്‍ട്ടും ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചു. 16ന് സംസ്ഥാനത്തൊട്ടാകെ അതിതീവ്രമഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന്, 15ന്് മുന്നറിയിപ്പ് നല്‍കിയിരുന്നതായും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 24 മണിക്കൂറിനുളളില്‍ 20 സെന്റിമീറ്റര്‍ വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്.   ഇതേത്തുടര്‍ന്ന് എല്ലാ ജില്ലകളിലും റെഡ് അലര്‍ട്ട് നല്‍കി. 17നും ഏഴു ജില്ലകളില്‍ റെഡ് അലര്‍ട്ടും അവശേഷിക്കുന്ന ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിരുന്നതായി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 

കാലാവസ്ഥാ വകുപ്പിന്റെ പ്രവചനത്തില്‍ ഗണ്യമായ പിശകുകള്‍ ഉണ്ടായിരുന്നതായി പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍  ചേര്‍ന്ന പ്രത്യേക നിയമസഭ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തിയിരുന്നു. കാലാവസ്ഥാ വകുപ്പ് ഒരു സമയത്തും അതിതീവ്ര മഴയുടെ മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കാലാവസ്ഥാ വകുപ്പിന്റെ കണക്ക് അനുസരിച്ച് 7 മുതല്‍ 11 സെന്റി മീറ്റര്‍ വരെയുള്ള മഴ ശക്തമായ മഴയാണ്. 20 സെന്റിമീറ്റര്‍ വരെയുള്ള മഴയെ അതിശക്തമായ മഴയെന്നും, 20 സെന്റീമീറ്ററിന് മുകളിലുള്ള മഴയെ അതി തീവ്ര മഴയെന്നുമാണ് കണക്കാക്കിയിട്ടുള്ളത്. എന്നാല്‍ ആഗസ്റ്റ് മാസത്തില്‍ ഒരിക്കല്‍ പോലും അതീ തീവ്ര മഴയുടെ മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com