പ്രളയം പെരിയാറിനെ അടിച്ചു കഴുകി; ചെളിയിലൂടെയല്ല, ഇപ്പോള്‍ പെരിയാര്‍ ഒഴുകുന്നത് തെളിമണലിലൂടെ, കടവുകളില്‍ വന്‍ മണല്‍ശേഖരം

മുന്‍പ് പുഴമണലില്‍ നിറയെ ചെളിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതല്ല അവസ്ഥ. മുഴുപ്പുകൂടിയ മണല്‍തരികളുള്ള മണ്ണാണ് കരകളിലും അടിത്തട്ടിലും അടിഞ്ഞിരിക്കുന്നത്
പ്രളയം പെരിയാറിനെ അടിച്ചു കഴുകി; ചെളിയിലൂടെയല്ല, ഇപ്പോള്‍ പെരിയാര്‍ ഒഴുകുന്നത് തെളിമണലിലൂടെ, കടവുകളില്‍ വന്‍ മണല്‍ശേഖരം


കൊച്ചി: കുത്തിയൊലിച്ചെത്തിയ മലവെള്ളം പുഴകള്‍ക്കും കരകള്‍ക്കും സമ്മാനിച്ചത് സുന്ദരമായ മണല്‍ത്തിട്ടകള്‍. പ്രളയപ്പാച്ചിലില്‍ അടിത്തട്ടില്‍ അടിഞ്ഞ ചെളിയെല്ലാം നീങ്ങിയതോടെ സ്വര്‍ണനിറത്തിലുള്ള മണല്‍ത്തിട്ടയിലൂടെ ഒഴുകുകയാണ് പെരിയാറും കൈവഴികളും. പ്രളയം കഴിഞ്ഞതോടെയാണ് പെരിയാറിന്റെ അടിത്തട്ടിലും കടവുകളിലും മണല്‍ ശേഖരം കണ്ടുതുടങ്ങിയത്. 

മുന്‍പ് പുഴമണലില്‍ നിറയെ ചെളിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതല്ല അവസ്ഥ. മുഴുപ്പുകൂടിയ മണല്‍തരികളുള്ള മണ്ണാണ് കരകളിലും അടിത്തട്ടിലും അടിഞ്ഞിരിക്കുന്നത്. ചെളികഴുകി അരെച്ചെടുത്ത പോലുള്ള സ്വര്‍ണനിറത്തിലെ മണല്‍ എല്ലാവര്‍ക്കും അത്ഭുതമാവുകയാണ്. ശിവരാത്രി, പരുന്തുറാഞ്ചി മണപ്പുറങ്ങളില്‍ ലോഡുകണക്കിന് മണലാണ് അടിഞ്ഞുകൂടിയിരിക്കുന്നത്. 

കാഞ്ഞൂര്‍ പാറപ്പുറം തിരുവലംഞ്ചുഴി നരസിംഹസ്വാമി ക്ഷേത്രത്തിന് സമീപം അതിമനോഹരമായ മണപ്പുറമാണ് പ്രളയശേഷം രൂപംകൊണ്ടിരിക്കുന്നത്. പ്രദേശത്തുണ്ടായിരുന്ന മംഗലത്തുകടവാണ് മണപ്പുറമായി രൂപം മാറിയിരിക്കുന്നത്. കാലടി കാഞ്ഞൂര്‍ വഴി ഒഴുകുന്ന പെരിയാര്‍ ഇതുവഴിയാണ് ഒഴുകുന്നത്. പ്രളയത്തിന്റെ സമ്മാനം കാണാന്‍ നിരവധി പേരാണ് ഇപ്പോള്‍ പ്രദേശത്ത് എത്തുന്നത്. 

ഇതുപോലെ നിരവധി പുഴക്കരകളാണ് മണല്‍ത്തിട്ടകളായി രൂപമാറ്റം വന്നിരിക്കുന്നത്. പ്രളയസമയത്ത് അടിയൊഴുക്കു ശക്തമായതിനാലാണ് അടിത്തട്ടിലെ ചെളികള്‍ നീങ്ങി മണല്‍ അടിയാന്‍ കാരണമായത്. കൂടാതെ പെരിയാറിലെ അനധികൃത മണലൂറ്റലിനെ തുടര്‍ന്ന് കാലടി, ആലുവ പാലങ്ങളിലെ തൂണുകള്‍ അപകടാവസ്ഥയിലായിരുന്നു. പ്രളയത്തില്‍ തൂണുകള്‍ക്ക് ചുറ്റും കുറച്ച് മണല്‍ അടിഞ്ഞുകൂടിയിട്ടുണ്ട്.

എന്നാല്‍ ചെളിമാറി നല്ല മണല്‍ നിറഞ്ഞതോടെ വീണ്ടും മണല്‍ഊറ്റുകാര്‍ പ്രവര്‍ത്തനം ശക്തമാക്കിയിരിക്കുകയാണ്. മണല്‍ കടത്തി വില്‍ക്കാന്‍ മണല്‍ മാഫിയ സംഘങ്ങള്‍ രംഗത്തെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പെരിയാറിലെ ജലനിരപ്പ് കുറഞ്ഞതും ഇവര്‍ക്ക് ഗുണകരമായിട്ടുണ്ട്. പണ്ട് തോട്ടി കുത്തിയാണ് മണല്‍ വാരിയതെങ്കില്‍ ഇപ്പോള്‍ മണല്‍ കോരിയെടുക്കുകയാണ്. പ്രളയം സമ്മാനിച്ച മണല്‍ ലേലം ചെയ്ത് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന ആവശ്യവുമായി ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. 
ട്ട
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com