അടിയന്തരമായി കേള്‍ക്കണമെന്നു പറഞ്ഞ ഹര്‍ജിയില്‍ അറസ്റ്റ് തടയാന്‍ ആവശ്യപ്പെട്ടില്ല; ഫലം കണ്ടത് ബിഷപ്പിന്റെ തന്ത്രം?

ജാമ്യാപേക്ഷ ഒരാഴ്ച മാറ്റിവച്ചതിലൂടെ അറസ്റ്റ് വൈകിപ്പിക്കുക എന്ന ബിഷപ്പിന്റെ തന്ത്രം ഫലം കണ്ടതായാണ് സൂചന
അടിയന്തരമായി കേള്‍ക്കണമെന്നു പറഞ്ഞ ഹര്‍ജിയില്‍ അറസ്റ്റ് തടയാന്‍ ആവശ്യപ്പെട്ടില്ല; ഫലം കണ്ടത് ബിഷപ്പിന്റെ തന്ത്രം?

കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ അറസ്റ്റ് വൈകിക്കാനുള്ള തന്ത്രമെന്നു സൂചന. നിയമപരമായി ബിഷപ്പിനെ അറസ്റ്റു ചെയ്യുന്നതിനു തടസമില്ലെങ്കിലും മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി വാദം കേള്‍ക്കാനിരിക്കെ പ്രതിയുടെ അറസ്റ്റ് ഒഴിവാക്കുകയാണ് പൊലീസ് പൊതുവേ സ്വീകരിക്കുന്ന രീതി. ജാമ്യാപേക്ഷ ഒരാഴ്ച മാറ്റിവച്ചതിലൂടെ അറസ്റ്റ് വൈകിപ്പിക്കുക എന്ന ബിഷപ്പിന്റെ തന്ത്രം ഫലം കണ്ടതായാണ് സൂചന.

ബുധനാഴ്ച ചോദ്യം ചെയ്യലിനു ഹാജരാവാനിരിക്കെ ചൊവ്വാഴ്ച രാവിലെയാണ് ബിഷപ്പ് ഹൈക്കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കിയത്. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ബിഷപ്പിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും ഉച്ചയ്ക്കു ഹര്‍ജി കോടതിക്കു മുന്നില്‍ വന്നപ്പോള്‍ അറസ്റ്റ് തടയണമെന്ന വാദം ഉന്നയിച്ചില്ല. അന്വേഷണത്തോടു സഹകരിക്കാമെന്നും അറസ്റ്റ്് ഒഴിവാക്കണമെന്നുമാണ് ഇത്തരം സാഹചര്യത്തില്‍ പ്രതികള്‍ സാധാരണ മുന്നോട്ടുവയ്ക്കുന്ന വാദം. കോടതിയില്‍നിന്നുള്ള പ്രതികൂല നടപടി ഒഴിവാക്കാനാണ് ബിഷപ്പിന്റെ അഭിഭാഷകന്‍ ഇത്തരമൊരു ആവശ്യം മുന്നോട്ടുവയ്ക്കാതിരുന്നത്. 

അറസ്റ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും കോടതി അത് അംഗീകരിക്കാതിരിക്കുകയും ചെയ്യുന്നപക്ഷം നാളെത്തന്നെ അറസ്റ്റ് നടന്നേനെയെന്നാണ് നിയമവൃത്തങ്ങള്‍ വിലയിരുത്തുന്നത്. അറസ്റ്റ് അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചന അധികാരത്തില്‍ വരുന്ന കാര്യമാണെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അറസ്റ്റ് ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിക്കാതെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഒരാഴ്ചത്തേക്കു മാറ്റാന്‍ സാധിച്ചത് അറസ്റ്റ് വൈകിപ്പിക്കാന്‍ സഹായിക്കും എന്നു തന്നെയാണ് ബിഷപ്പിനോട് ഒപ്പമുള്ളവര്‍ കരുതുന്നത്. 25ന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കാനിരിക്കെ, ചോദ്യം ചെയ്യലുമായി സഹകരിക്കുന്ന ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് മടിക്കുമെന്ന് അവര്‍ വിലയിരുത്തുന്നു. 

ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ടാണ് ബിഷപ്പ് അവസാന നിമിഷം മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത് എന്നാണ് നിയമ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. നാളെ രാവിലെ പത്തിനാണ് വൈക്കം ഡിവൈഎസ്പി ഓഫിസില്‍ ബിഷപ്പ് ചോദ്യം ചെയ്യലിനു ഹാജരാവുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com