ശബരിമല സ്ത്രീ പ്രവേശനം : സര്‍ക്കാര്‍ നിലപാടില്‍ ദുരുദ്ദേശമെന്ന് ബിജെപി ; മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ ഹിത പരിശോധന നടത്തും

വിശ്വാസത്തെ അടിച്ചമര്‍ത്താന്‍ നോക്കിയാല്‍ വിശ്വാസികളോടൊപ്പം നില്‍കുമെന്ന് ശ്രീധരന്‍ പിള്ള
ശബരിമല സ്ത്രീ പ്രവേശനം : സര്‍ക്കാര്‍ നിലപാടില്‍ ദുരുദ്ദേശമെന്ന് ബിജെപി ; മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ ഹിത പരിശോധന നടത്തും

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവിഷയത്തില്‍ സര്‍ക്കാര്‍ എടുക്കുന്ന നിലപാടുകളില്‍ ദുരുദ്ദേശമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന്‍പിള്ള. വിധിയുടെ പകര്‍പ്പ് കിട്ടുന്നതിന് മുമ്പ് ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കും, അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കും എന്നു പറയുന്നതില്‍ നിഗൂഢതയുണ്ട്. സിപിഎമ്മിന്റെ മനസ്സിലിരുപ്പ് നടപ്പാക്കാന്‍, വിശ്വാസത്തെ അടിച്ചമര്‍ത്താന്‍ നോക്കിയാല്‍ വിശ്വാസികളോടൊപ്പം നില്‍കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. 

നിരീശ്വരവാദത്തില്‍ അധിഷ്ഠിതമായ പാര്‍ട്ടിയാണ് സംസ്ഥാനം ഭരിക്കുന്നത്. സ്ത്രീ പ്രവേശനത്തില്‍ ഉയര്‍ന്നുവന്ന വിവാദങ്ങളെ മുതലെടുക്കാനാണ് സിപിഎമ്മും ഇടത് സര്‍ക്കാരും ശ്രമിക്കുന്നത്. ശബരിമല ക്ഷേത്രത്തിന്റെ സവിശേഷതയും ആരാധാനാക്രമത്തിലെ അടിസ്ഥാന തത്വങ്ങളെയും മറച്ചുവച്ചാണ് സംസ്ഥാനസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. സന്യാസി നിത്യബ്രഹ്മചാരി സങ്കല്‍പത്തില്‍, ഭക്തന്‍ മാലയിട്ടാല്‍ അയ്യപ്പനായി മാറുന്ന വിശ്വാസം കോടതിയെ സര്‍ക്കാര്‍ ധരിപ്പിച്ചില്ലെന്ന് കോടതി വിധിയിലൂടെ വ്യക്തമാണ്. 

ആരാധാനക്രമത്തില്‍ മാറ്റം വരുത്താതെ, നിഷ്ഠയോടെ വേണം വിവേചനം കൂടാതെയുള്ള ആരാധന നടത്തേണ്ടത്. അതിനായി തന്ത്രിമാര്‍, ആധ്യാത്മിക പണ്ഡിതര്‍, പന്തളം രാജകുടുംബം, സന്യാസി ശ്രേഷ്ഠര്‍, എന്നിവരുടെ അഭിപ്രായ സമന്വയം നടത്തണം. വലിയൊരു വിഭാഗത്തിന്റെ വിശ്വാസത്തെ സംബന്ധിക്കുന്ന വിഷയത്തില്‍ വിധി പകര്‍പ്പ് കിട്ടും മുമ്പ് സ്ത്രീപ്രവേശനം നടത്തുമെന്ന് പറയുകയല്ല വേണ്ടത്.

സ്ത്രീ പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ ഹിത പരിശോധന നടത്തുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. സിപിഎം ഗോപാല സേന രൂപീകരിച്ചപ്പോള്‍ പ്രവര്‍ത്തകര്‍ ശബരിമലയ്ക്ക് പോകരുതെന്നും ആ പണം ഗോപാലസേനയ്ക്ക് യൂണിഫോമിന് നല്‍കണമെന്നും പറഞ്ഞ പാര്‍ട്ടിയാണ് സംസ്ഥാനം ഭരിക്കുന്നത്. ഇപ്പോള്‍ അങ്ങനെ ഒരു ആഹ്വാനം നല്‍കാന്‍ സിപിഎമ്മിന് ധൈര്യമുണ്ടോ എന്നും പി എസ് ശ്രീധരന്‍പിള്ള ചോദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com