കവളപ്പാറയില്‍ കണ്ടെത്താനുള്ളത് 50 പേരെ; തിരച്ചില്‍ ഊര്‍ജിതമാക്കി സൈന്യം

മദ്രാസ് റെജിമെന്റിലെ മുപ്പതംഗ സൈനികരുടെയും എഴുപത്തഞ്ചോളം വരുന്ന പൊലീസിന്റെയും ദുരന്തനിവാരണ സേന, ഫയര്‍ ഫോഴ്‌സ് എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടക്കുന്നത്.
കവളപ്പാറയില്‍ കണ്ടെത്താനുള്ളത് 50 പേരെ; തിരച്ചില്‍ ഊര്‍ജിതമാക്കി സൈന്യം

മലപ്പുറം: പ്രളയത്തില്‍ സംസ്ഥാനത്ത് ഏറ്റവുമധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടമായ കവളപ്പാറയില്‍ ഇനി കണ്ടെത്താനുളള്ളത് അന്‍പത് പേരെ. പ്രദേശത്ത് ഇന്ന് വിപുലമായ രീതിയില്‍ തെരച്ചില്‍ നടത്താനൊരുങ്ങുകയാണ് ഇന്ത്യന്‍ സൈന്യം. വ്യാഴാഴ്ചയുണ്ടായ ദുരന്തത്തില്‍ 63 പേരെയാണ് കാണാതായത്. നാല് മൃതദേഹങ്ങള്‍ ഇന്നലെ കണ്ടെടുത്തതോടെ വീണ്ടെടുത്ത മൃതദേഹങ്ങളുടെ എണ്ണം 13 ആയി. 

രക്ഷാപ്രവര്‍ത്തനം ഇന്ന് നാലാമത്തെ ദിവസത്തേക്ക് നീളുകയാണ്. ഇനി അന്‍പത് പേരെയാണ് കവളപ്പാറയില്‍ കണ്ടെത്താനുള്ളത്. ഇന്ത്യന്‍ സൈന്യം തെരച്ചിലിന്റെ  നേതൃത്വം ഏറ്റെടുക്കാനെത്തുകയും കാലാവസ്ഥ അനുകൂലമാക്കുകയും ചെയ്തതോടെ തെരച്ചില്‍ കുറേക്കൂടി വേഗത്തിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 

കുറേക്കൂടി ശാസ്ത്രീയമായി തെരച്ചില്‍ നടത്തി ഇനി അവശേഷിക്കുന്ന ആളുകളെ കണ്ടെത്താനാണ് ശ്രമമെന്ന് സൈന്യം അറിയിച്ചു. കവളപ്പാറയിലെ മുത്തപ്പന്‍മല ഇടിഞ്ഞാണ് ഇത്ര വലിയം ദുരന്തം സംഭവിച്ചത്. പ്രദേശത്തേക്ക് ഇപ്പോള്‍ പുതിയ റോഡ് വെട്ടി തുടങ്ങിയിട്ടുണ്ട്. ഈ വഴിയിലൂടെ ഹിറ്റാച്ചിയടക്കമുള്ള വലിയ വാഹനങ്ങള്‍ ദുരന്തഭൂമിയുടെ മധ്യത്തിലേക്ക് എത്തിച്ച് രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയിലാക്കാനാണ് ശ്രമം. 

അനുകൂല കാലാവസ്ഥ ആയിരുന്നതിനാല്‍ ഇന്നലെ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായി നടന്നു. ഇന്നലെ  വൈകുന്നേരം മാത്രമാണ് മഴ പെയ്തത്. ഇന്ന് രാവിലെ നേരിയ ചാറ്റല്‍ മഴ മാത്രമേയുള്ളു. മദ്രാസ് റെജിമെന്റിലെ മുപ്പതംഗ സൈനികരുടെയും എഴുപത്തഞ്ചോളം വരുന്ന പൊലീസിന്റെയും ദുരന്തനിവാരണ സേന, ഫയര്‍ ഫോഴ്‌സ് എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടക്കുന്നത്. കൂടാതെ ട്രോമാകെയര്‍ ഉള്‍പ്പെടെയുള്ള വിവിധ സന്നദ്ധ സംഘടനകളും രക്ഷാപ്രവര്‍ത്തനത്തിനെത്തിയിട്ടുണ്ട്. 

ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വീടുകളുടെ അവശിഷ്ടങ്ങള്‍ കേന്ദ്രീകരിച്ചും അതിനോടുചേര്‍ന്ന സ്ഥലങ്ങള്‍ നോക്കിയുമാണ് മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ നടക്കുന്നത്.  അതേസമയം, ദുരന്തമുണ്ടായ സ്ഥലത്തെ ആളുകളെയെല്ലാം സമീപത്തെ ക്യാംപുകളിലേക്ക് മാറ്റിയിട്ടുണ്ട്. ദുരന്തത്തില്‍പ്പെട്ട് മരിച്ചവരുടെ ഉറ്റവരെ അവരുടെ ബന്ധുവീടുകളിലേക്ക് മാറ്റിയിരിക്കുകയാണ്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com