പുത്തുമലയിലുണ്ടായത് ഉരുൾപ്പൊട്ടലല്ല; ഭീമൻ മണ്ണിടിച്ചിൽ; പഠനം

പുത്തുമലയിലുണ്ടായത് ഉരുൾപ്പൊട്ടലല്ല; ഭീമൻ മണ്ണിടിച്ചിൽ; പഠനം

ഒൻപത് സ്ഥലങ്ങളിലുണ്ടായ മണ്ണിടിച്ചിൽ ഒരുമിച്ചു താഴേക്കു കുത്തിയൊലിച്ച് 20 ഹെക്ടർ ഭൂമിയാണ് ഒലിച്ചുപോയതെന്നും പഠനം വ്യക്തമാക്കുന്നു

കൽപറ്റ: വയനാട്ടിലെ പുത്തുമലയിലുണ്ടായത് ഉരുൾപ്പൊട്ടലല്ലെന്ന് കണ്ടെത്തൽ. സോയിൽ പൈപ്പിങ് മൂലമുണ്ടായ ഭീമൻ മണ്ണിടിച്ചിലാണ് പുത്തുമലയിലുണ്ടായതെന്ന് മണ്ണ് സംരക്ഷണ വകുപ്പ് നടത്തിയ പഠനത്തിൽ കണ്ടെത്തി. ഒൻപത് സ്ഥലങ്ങളിലുണ്ടായ മണ്ണിടിച്ചിൽ ഒരുമിച്ചു താഴേക്കു കുത്തിയൊലിച്ച് 20 ഹെക്ടർ ഭൂമിയാണ് ഒലിച്ചുപോയതെന്നും പഠനം വ്യക്തമാക്കുന്നു. 

പുത്തുമലയിലെ മേൽമണ്ണിന് 1.5 മീറ്റർ മാത്രമേ ആഴമുള്ളൂ. താഴെ ചെരിഞ്ഞു കിടക്കുന്ന വൻ പാറക്കെട്ടും. മേൽമണ്ണിനു 2.5 മീറ്റർ എങ്കിലും ആഴമില്ലാത്ത മലമ്പ്രദേശങ്ങളിൽ വൻ പ്രകൃതി ദുരന്തങ്ങൾക്കു സാധ്യത കൂടുതലാണ്. ചെറിയ  ഇടവേളകളിൽ രണ്ട് തവണ പുത്തുമലയ്ക്കുമേൽ മണ്ണിടിച്ചിറങ്ങി. അഞ്ച് ലക്ഷം ടൺ മണ്ണാണ് ഒറ്റയടിക്കു പുത്തുമലയിൽ വന്നുമൂടിയതെന്നും പഠനത്തിൽ കണ്ടെത്തി.

ഒരാഴ്ചയോളം പുത്തുമലയിൽ അതിതീവ്ര മഴ പെയ്തു. പാറക്കെട്ടുകൾക്കും വൻ മരങ്ങൾക്കുമൊപ്പം അഞ്ച് ലക്ഷം ഘന മീറ്റർ വെള്ളവും കുത്തിയൊലിച്ചതോടെ ഒരു ഗ്രാമം തന്നെ ഇല്ലാതായി.

പ്രദേശത്ത് 1980കളിൽ വലിയ തോതിൽ മരംമുറി നടന്നിരുന്നു. തേയിലത്തോട്ടങ്ങൾക്കായി നടത്തിയ മരം മുറിക്കൽ കാലാന്തരത്തിൽ സോയിൽ പൈപ്പിങ്ങിന് ഇടയാക്കിയിട്ടുണ്ടെന്നാണു മണ്ണ് സംരക്ഷണ വകുപ്പ് നടത്തിയ പ്രാഥമിക പഠനത്തിലെ വിലയിരുത്തൽ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com