'ചെറിയ ശബ്ദം കേട്ടാല്‍ പോലും വിരളുന്ന അവസ്ഥ'; തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വിലക്ക് 

കേരളത്തില്‍ ഇന്ന് ജീവിച്ചിരിപ്പുളളതില്‍ ഏറ്റവും ഉയരമുള്ള ആനയായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉല്‍സവത്തിന് എഴുന്നള്ളിക്കുന്നതിന് വിലക്ക്
'ചെറിയ ശബ്ദം കേട്ടാല്‍ പോലും വിരളുന്ന അവസ്ഥ'; തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വിലക്ക് 

തൃശൂര്‍: കേരളത്തില്‍ ഇന്ന് ജീവിച്ചിരിപ്പുളളതില്‍ ഏറ്റവും ഉയരമുള്ള ആനയായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉല്‍സവത്തിന് എഴുന്നള്ളിക്കുന്നതിന് വിലക്ക്. പതിനഞ്ച് ദിവസത്തേക്കാണ് വനംവകുപ്പ് വിലക്ക് ഏര്‍പ്പെടുത്തിയത്. രണ്ടുദിവസം മുന്‍പ് ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ഉത്സവത്തിനിടെ വിരണ്ടോടിയ ആനയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ചതിന് ശേഷം മാത്രമേ ഈ ആനയെ ഇനി എഴുന്നള്ളിപ്പിന് അനുവദിക്കാന്‍ പാടുള്ളൂ എന്നാണ് വനം വകുപ്പിന്റെ നിര്‍ദേശം. മദപ്പാടിന്റെ ലക്ഷണങ്ങളൊന്നും ഇല്ലെങ്കിലും ചെറിയ ശബ്ദം പോലും കേട്ടാല്‍ വിരളുന്ന അവസ്ഥയുണ്ടെന്നാണ് നിഗമനം.

ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ഉല്‍സവത്തിനിടെ ആനയ്ക്ക് പുറകില്‍ പടക്കംപൊട്ടിച്ചതാണ് ആന വിരണ്ടോടാന്‍ കാരണം. സമീപത്തു നില്‍ക്കുകയായിരുന്നു ബാബുവിനെ ആന ചവിട്ടുകയായിരുന്നു. ഇതിന് മുന്‍പും ഇത്തരത്തില്‍ ജീവനെടുക്കുന്ന സംഭവത്തില്‍ രാമചന്ദ്രന്‍ കുപ്രസിദ്ധനാണ്.

കേരളത്തില്‍ ഇന്ന് ജീവിച്ചിരിപ്പുള്ളതില്‍ ഏറ്റവും ഉയരമുള്ള ആനയാണ് തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ഉടമസ്ഥയിലുള്ള രാമചന്ദ്രന്‍. അമ്പത് വയസിലേറെ പ്രായമുള്ള ആനക്ക് കാഴ്ചശക്തി കുറവാണ്. കേരളത്തില്‍ 'ഏകഛത്രാധിപതി' പട്ടമുള്ള ഏക ആനയും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. ആറ് പാപ്പാന്‍മാരും നാല് സ്ത്രീകളും ഒരു വിദ്യാര്‍ത്ഥിയും ഇന്നലെ മരിച്ച രണ്ടുപേരുള്‍പ്പെടെ 13 പേരാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇടഞ്ഞോടിയതിനിടെ ഇതുവരെ മരിച്ചത്.

 1984 ലാണ് തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തില്‍ ആനയെ നടക്കിരുത്തുന്നത്. തൃശൂര്‍ പൂരത്തിന്റെ ആവേശം പൂര്‍ത്തിയാകുന്നത് രാമചന്ദ്രന്‍ എത്തുമ്പോഴാണ് എന്ന് ആനപ്രേമികള്‍ അടക്കം പറയാറുണ്ട്. എന്നാല്‍ ഈ പ്രായത്തിലും ആനയെ എഴുന്നള്ളിക്കുന്നതിനെതിരെ പലകുറി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ആരാധകരും കമ്മിറ്റിക്കാരുടെ ആവശ്യങ്ങളും പരിഗണിച്ച് ആനയെ എഴുന്നള്ളിക്കാറാണ് പതിവ്.വലിയ തുകയ്ക്കാണ് രാമചന്ദ്രന്‍ ഉല്‍സവത്തിനെത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com