ഷൂക്കൂര്‍ വധക്കേസ് വിചാരണ കണ്ണൂരിന് പുറത്തേക്ക് മാറ്റണമെന്ന് സിബിഐ ; എതിര്‍പ്പുമായി പ്രതിഭാഗം ; കേസ് 19 ലേക്ക് മാറ്റി

കേസില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ വിചാരണ കണ്ണൂരിന് പുറത്തേക്ക് മാറ്റണമെന്നാണ്  കോടതിയില്‍ സിബിഐ വാദിച്ചത്
ഷൂക്കൂര്‍ വധക്കേസ് വിചാരണ കണ്ണൂരിന് പുറത്തേക്ക് മാറ്റണമെന്ന് സിബിഐ ; എതിര്‍പ്പുമായി പ്രതിഭാഗം ; കേസ് 19 ലേക്ക് മാറ്റി

കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ വിചാരണ കണ്ണൂരിന് പുറത്തേക്ക് മാറ്റണമെന്ന് സിബിഐ. കൊച്ചി സിബിഐ സ്‌പെഷ്യല്‍ കോടതിയിലേക്ക് വിചാരണ മാറ്റണമെന്നാണ് സിബിഐ ആവശ്യമുന്നയിച്ചത്. ഷൂക്കൂര്‍ വധക്കേസില്‍ ജയരാജനെയും ടി വി രാജേഷിനെയും പ്രതി ചേര്‍ത്തുകൊണ്ടുള്ള സിബിഐ കുറ്റപത്രം പരിഗണിക്കുമ്പോഴായിരുന്നു സിബിഐ ആവശ്യം ഉന്നയിച്ചത്. 

കേസില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ വിചാരണ കണ്ണൂരിന് പുറത്തേക്ക് മാറ്റണമെന്നാണ്  കോടതിയില്‍ സിബിഐ വാദിച്ചത്.  എന്നാല്‍ സിബിഐ ആവശ്യത്തെ പ്രതിഭാഗം എതിര്‍ത്തു. സിബിഐ ആവശ്യപ്പെട്ട പ്രകാരമാണ് കേസ് തലശ്ശേരി കോടതിയിലേക്ക് മാറ്റിയത്. ഇനിയും വിചാരണ കോടതി മാറ്റേണ്ട ആവശ്യമില്ല. സിബിഐ കുറ്റപത്രം സമര്‍പ്പിച്ചതോടെ സാഹചര്യം മാറിയെന്നും പ്രതിഭാഗം അഭിഭാഷകര്‍ അഭിപ്രായപ്പെട്ടു. 

സിപിഎമ്മിന്റെ ശക്തികേന്ദ്രമായ തലശ്ശേരിയില്‍ പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിക്കെതിരെ കൊലക്കുറ്റം ചുമത്തിക്കൊണ്ട് കേസില്‍ വിചാരണ നടന്നാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും സുതാര്യമായ വിചാരണ നടക്കില്ലെന്നും ഷുക്കൂറിന്റെ കുടുംബവും ആശങ്ക പ്രകടിപ്പിച്ചിരുന്നു. അതിനാല്‍ കേസിന്റെ വിചാരണ എറണാകുളത്തോ തിരുവനന്തപുരത്തോ നടത്തണമെന്നും ഷുക്കൂറിന്റെ സഹോദരന്‍ ആവശ്യപ്പെട്ടിരുന്നു. 

കേസില്‍ പി ജയരാജന്‍ ഇന്ന് കോടതിയില്‍ ഹാജരായിരുന്നില്ല. അവധി അപേക്ഷ നല്‍കി. ടി വി രാജേഷ് എംഎല്‍എയും സിപിഎം  ഏരിയാ സെക്രട്ടറി പി പി സുരേഷനും അടക്കം കേസിലെ 28 മുതല്‍ 32 വരെയുള്ള പ്രതികള്‍ കോടതിയില്‍  വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചു. കൂടുതല്‍ വാദം കേള്‍ക്കാനായി കേസ് ഈ മാസം 19 ലേക്ക് മാറ്റി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com