കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ച പിണറായി സംഘിയാണോ?; പരിഹസിച്ച് എന്‍ കെ പ്രേമചന്ദ്രന്‍ 

കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് തന്നെ ബിജെപി പാളയത്തില്‍ കെട്ടാനുളള സിപിഎം ശ്രമത്തെ വിമര്‍ശിച്ച് എന്‍ കെ പ്രേമചന്ദ്രന്‍ എംപി
കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ച പിണറായി സംഘിയാണോ?; പരിഹസിച്ച് എന്‍ കെ പ്രേമചന്ദ്രന്‍ 

ന്യൂഡല്‍ഹി: കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് തന്നെ ബിജെപി പാളയത്തില്‍ കെട്ടാനുളള സിപിഎം ശ്രമത്തെ വിമര്‍ശിച്ച് എന്‍ കെ പ്രേമചന്ദ്രന്‍ എംപി. കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ച മുഖ്യമന്ത്രി സംഘിയാണോയെന്ന് പ്രേമചന്ദ്രന്‍ ചോദിച്ചു. സര്‍ക്കാരിനെ എതിര്‍ക്കുന്നവരെയെല്ലാം സംഘി ആക്കുകയാണ്. ഉദ്ഘാടനം നീട്ടി കൊല്ലം ബൈപ്പാസിന്റെ അവകാശം ഏറ്റെടുക്കാനുള്ള ബോധപൂര്‍വമായ ശ്രമമായിരുന്നു സംസ്ഥാന സര്‍ക്കാരിന്റേതെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ കുറ്റപ്പെടുത്തി. പൂര്‍ത്തീകരിച്ച ഒരു പദ്ധതി അനാവശ്യമായി നീട്ടികൊണ്ടു പോകരുതെന്നും ആര് ഉദ്ഘാടനം ചെയ്താലും തനിക്ക് സന്തോഷമേയുള്ളൂവെന്നും പ്രേമചന്ദ്രന്‍ ഡല്‍ഹിയില്‍ പറഞ്ഞു. 

കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനത്തെച്ചൊല്ലി രാഷ്ട്രീയ പോര് കനക്കുന്നതിനിടയില്‍ പ്രധാനമന്ത്രി ഉദ്ഘാടനത്തിന് എത്തുമെന്ന് ആദ്യം അറിയിച്ചത് എന്‍ കെ പ്രേമചന്ദ്രനാണ്. ജനുവരി 15 വൈകീട്ട് 5.30ന് ബൈപ്പാസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി കഴിഞ്ഞദിവസമാണ് എന്‍.കെ.പ്രേമചന്ദ്രന്‍ വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് പ്രേമചന്ദ്രന് നേരെ വിമര്‍ശനവുമായി സിപിഎം രംഗത്തെത്തിയത്.എന്‍.കെ.പ്രേമചന്ദ്രന്‍ എംപി മുതലെടുപ്പിന് ശ്രമിച്ചെന്ന് മന്ത്രി ജി.സുധാകരന്‍ കുറ്റപ്പെടുത്തി. ഇതിന് മറുപടിയെന്നോണം വാര്‍ത്താസമ്മേളനം നടത്തി പ്രേമചന്ദ്രന്‍ സിപിഎമ്മിനെ കടന്നാക്രമിക്കുകയായിരുന്നു. 

കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി ഇങ്ങോട്ട് ആഗ്രഹം അറിയിച്ചതാണെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ സന്തോഷത്തോടെ സ്വാഗതം ചെയ്തു. വികസനകാര്യങ്ങളില്‍ അനാവശ്യ വാദപ്രതിവാദങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. 

നാലര പതിറ്റാണ്ടത്തെ കാത്തിരിപ്പിനൊടുവിലാണ് കൊല്ലം ബൈപ്പാസ് യാഥാര്‍ഥ്യമാകുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നിസാര കാരണങ്ങള്‍ പറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ റോഡിന്റെ ഉദ്ഘാടനം വൈകിപ്പിക്കുകയാണെന്നായിരുന്നു യുഡിഎഫിന്റെ ആരോപണം. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ തുല്യ പങ്കാളിത്തതോടെ പണിത ബൈപ്പാസ് സംസ്ഥാന സര്‍ക്കാരിന്റെ മാത്രം നേട്ടമായി വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു ബിജെപിയുടെ കുറ്റപ്പെടുത്തല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com