പാലായിൽ സീനിയർ നേതാവിനെ സ്ഥാനാർത്ഥിയാക്കാൻ ജോസഫ് വിഭാ​ഗം ; കേരള കോൺ​ഗ്രസിലെ പിളർപ്പ് യുഡിഎഫിന് തലവേദന

കെ എം മാണിയുടെ നിര്യാണത്തോടെ ഒഴിവു വന്ന പാലായിലെ ഉപതെരഞ്ഞെടുപ്പാകും മുന്നണിയെ ഏറെ പ്രതിസന്ധിയിലാക്കുക
പാലായിൽ സീനിയർ നേതാവിനെ സ്ഥാനാർത്ഥിയാക്കാൻ ജോസഫ് വിഭാ​ഗം ; കേരള കോൺ​ഗ്രസിലെ പിളർപ്പ് യുഡിഎഫിന് തലവേദന

കോട്ടയം : കേരള കോൺഗ്രസിലെ പിളർപ്പ് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പ്രതിസന്ധിയിലാക്കും. പ്രധാന ഘടകകക്ഷിയായ കേരള കോൺഗ്രസിലെ ഇരുവിഭാഗവും മുന്നണിയിൽ തുടരട്ടെയെന്ന സമീപനമാണ് യുഡിഎഫിനുള്ളത്. 1982-ലെ സമാന സാഹചര്യമാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഉപതെരഞ്ഞടുപ്പുകളിൽ ഇരുവിഭാ​ഗവും പരസ്പരം ഏറ്റുമുട്ടൽ തുടർന്നാൽ യുഡിഎഫ് കനത്ത തിരിച്ചടിയാകും നേരിടുക. 

കെ എം മാണിയുടെ നിര്യാണത്തോടെ ഒഴിവു വന്ന പാലായിലെ ഉപതെരഞ്ഞെടുപ്പാകും മുന്നണിയെ ഏറെ പ്രതിസന്ധിയിലാക്കുക. പാർട്ടി തങ്ങളോടൊപ്പമാണെന്ന് ഉറപ്പിക്കാനായി രണ്ടു വിഭാ​ഗവും സ്ഥാനാർത്ഥിത്വത്തിന് ശ്രമിക്കുമെന്നുറപ്പാണ്. ജോസ് കെ മാണി പക്ഷത്തിന് പാലായെ സംബന്ധിച്ച് വൈകാരിക തലം കൂടിയുണ്ട്. 

മാണിയിൽ നിന്നും തങ്ങൾക്കൊപ്പം ചേർന്ന സീനിയർ നേതാവിനെ സ്ഥാനാർത്ഥിയാക്കാനാണ് ജോസഫ് വിഭാ​ഗത്തിന്റെ നീക്കം. ഇത്തരത്തിൽ പ്രഖ്യാപനം നടത്തി യുഡിഎഫിനെ പ്രതിരോധത്തിലാക്കിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. പാലായിൽ വിട്ടുവീഴ്ചയ്ക്ക് ജോസ് കെ മാണിയും തയ്യാറാകില്ല.  മാണിയുടെ സ്വന്തം മണ്ഡലമായ പാലായിൽ മാണി മത്സരിച്ച 13 തെരഞ്ഞെടുപ്പുകളിലും വിജയിച്ച ചരിത്രമാണുള്ളത്. അവിടെ മാണിക്കുശേഷം ആരെന്ന്  ജോസ് കെ മാണി വിഭാഗം ഇതുവരെ തീരുമാനിച്ചിട്ടില്ല.

മുന്നണിയിലെ ഘടക കക്ഷികൾക്കിടയിലും നേതാക്കൾക്കിടയിലും ജോസഫിനോടും ജോസ് കെ മാണിയോടുമുള്ള അടുപ്പവും തീരുമാനത്തെ സ്വാധീനിക്കും. ഫലത്തിൽ എന്തു തീരുമാനമെടുത്താലും ഒരുകൂട്ടർ അതൃപ്തിയുമായി കടുത്ത നിലപാടിലേക്ക് നീങ്ങുമെന്നുറപ്പാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com