പാര്‍ട്ടി ഓഫീസ് പീഡനം: തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വ്യാജ പ്രചാരണമെന്ന് മന്ത്രി ബാലന്‍

സിപിഎം ചെര്‍പ്പുളശ്ശേരി ഏര്യ കമ്മിറ്റി ഓഫീസില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വ്യാജ പ്രചാരണം മാത്രമാണെന്ന് മന്ത്രി എകെ ബാലന്‍
പാര്‍ട്ടി ഓഫീസ് പീഡനം: തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വ്യാജ പ്രചാരണമെന്ന് മന്ത്രി ബാലന്‍

തിരുവനന്തപുരം: സിപിഎം ചെര്‍പ്പുളശ്ശേരി ഏര്യ കമ്മിറ്റി ഓഫീസില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വ്യാജ പ്രചാരണം മാത്രമാണെന്ന് മന്ത്രി എകെ ബാലന്‍. ഇത്തരം പ്രചാരണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് തന്നെ ഭാവിയില്‍ ഇത് തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു. 

തെരഞ്ഞെടുപ്പ് കാലമായതിനാല്‍ ഇത്തരം ആരോപണങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന് പാലക്കട് മണ്ഡലത്തിലെ എല്‍ഡിഎഫ്് സ്ഥാനാര്‍ത്ഥിയും എംപിയുമായ എംബി രാജേഷ് പറഞ്ഞു. 

തന്നെ പ്രണയം നടിച്ച് പീഡിപ്പിക്കുയായിരുന്നു എന്നാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. മാര്‍ച്ച് 16ന് ഉച്ചയ്ക്ക് ഒരു മണിയോടെ മണ്ണൂര്‍ നഗരിപ്പുറത്തു ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംഭവം പുറംലോകം അറിഞ്ഞത്. ഇത് സംബന്ധിച്ച്  പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിന്റെ അമ്മയായ യുവതിയെ കണ്ടെത്തി. തുടര്‍ന്ന് ഇരുപതുകാരിയായ യുവതിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ചോദ്യം ചെയ്തു. ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം എന്ന നിലയില്‍ കേസെടുത്തെങ്കിലും യുവതിയുടെ മൊഴിയെടുത്തതോടെയാണ് ചിത്രം മാറുന്നത്.

താന്‍ പീഡിപ്പിക്കപ്പെട്ടതാണെന്ന് യുവതി പൊലീസിന് മുമ്പാകെ മൊഴി നല്‍കി. എസ്എഫ്‌ഐ പ്രവര്‍ത്തകായിരിക്കെ പാര്‍ട്ടി ഓഫീസിലെത്തിയ താന്‍ അതേ സംഘടനയില്‍പ്പെട്ട ഒരു യുവാവുമായി പരിചയത്തിലായെന്നും ഇയാള്‍ പ്രണയം നടിച്ച് പീഡിപ്പിച്ചെന്നുമാണ് പരാതി. ചെര്‍പ്പുളശ്ശേരിയിലെ ഒരു കോളേജില്‍ പഠിക്കുന്ന കാലത്ത് മാഗസിന്‍ തയ്യാറാക്കാന്‍ പാര്‍ട്ടി ഓഫീസിലെത്തിയപ്പോള്‍ അവിടെ വച്ചും പീഡിപ്പിക്കപ്പെട്ടെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്. 

ഇതോടെ ആരോപണ വിധേയനായ യുവാവിനെയും പൊലീസ് അന്വേഷണത്തില്‍ ഉള്‍പ്പെടുത്തി ചോദ്യം ചെയ്തു. സ്ഥലത്തെ ഒരു വര്‍ക് ഷോപ്പ് തൊഴിലാളിയാണ് യുവാവെന്നാണ് വിവരം. ഈ വീട്ടില്‍ താന്‍ പോയിട്ടുണ്ടെന്ന് യുവാവ് മൊഴി നല്‍കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com