പി ജയരാജന്‍ ജയിച്ചാല്‍ കൂടുതല്‍ ആര്‍എംപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടും; തോല്‍പ്പിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് കെകെ രമ

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്നും പി ജയരാജന്‍ വിജയയിച്ചാല്‍ കൂടുതല്‍ ആര്‍എംപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമെന്ന് ഭയക്കുന്നുവെന്ന് കെകെ രമ
പി ജയരാജന്‍ ജയിച്ചാല്‍ കൂടുതല്‍ ആര്‍എംപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടും; തോല്‍പ്പിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് കെകെ രമ

വടകര: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്നും പി ജയരാജന്‍ വിജയയിച്ചാല്‍ കൂടുതല്‍ ആര്‍എംപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമെന്ന് ഭയക്കുന്നുവെന്ന് ആര്‍എംപി നേതാവ് കെകെ രമ. ആര്‍എംപിയെ ഇല്ലാതാക്കാനായി ജയരാജന്‍ പ്രവര്‍ത്തിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും രമ പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് രമ ഇത് പറഞ്ഞിരിക്കുന്നത്. 

ഞങ്ങളുടെ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ട്. ഞങ്ങളുടെ പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകാന്‍ ഞങ്ങള്‍ തയ്യാറാണ്. അതുകൊണ്ടാണ് പാര്‍ട്ടിയുടെ നയങ്ങള്‍ക്ക് വിപരീതമായി ജയരാജനെ പുറത്താക്കാനായി കോണ്‍ഗ്രസിനെ പിന്തുണക്കുന്നത് എന്ന് രമ കൂട്ടിച്ചേര്‍ത്തു. 

പരാജയ ഭീതിയാല്‍ ആര്‍എംപിയുടെ പ്രതിച്ഛായ തകര്‍ക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും രമ പറഞ്ഞു. ഞങ്ങള്‍ യുഡിഎഫിന്റെ ഭാഗമല്ല. കോണ്‍ഗ്രസിനോടും യുഡിഎഫിനോടും ഒരിക്കലും ആര്‍എംപി യോജിച്ച് പോകില്ല. പൊതു ശത്രുവിനെ പുറത്താക്കാനുള്ള തെരഞ്ഞെടുപ്പ് തന്ത്രം മാത്രമാണ് ഇപ്പോഴത്തെ പിന്തുണ. അതിനര്‍ത്ഥം ആര്‍എംപി എപ്പോഴും യുഡിഎഫിന് പിന്തുണ കൊടുക്കം എന്നല്ല- രമ പറഞ്ഞു. 

കോണ്‍ഗ്രസും അക്രമ രാഷ്ട്രീയം നടത്തുന്നുണ്ട്. പക്ഷേ അവരില്‍ നിന്നും ഞങ്ങള്‍ക്ക് ഭീഷണി നേരിടേണ്ടി വന്നിട്ടില്ല. ആര്‍എംപി പ്രവര്‍ത്തകരുടെ ജീവന് ഭീഷണി സിപിഎമ്മില്‍ നിന്നാണെന്നും രമ പറഞ്ഞു. മത്സരിക്കുന്ന മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ഉടന്‍ പ്രഖ്യാപിക്കുമെന്നും ബിജെപിയുടെ ഫാസിസ്റ്റ് നയങ്ങള്‍ക്കും സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന് എതിരെയും പോരാടുമെന്നും രമ കൂട്ടിച്ചേര്‍ത്തു. 

സിപിഎമ്മും ബിജെപിയും ഒരുപോലെ ആര്‍എംപിയുടെ ശത്രുക്കളാണ്. എന്ത് വില കൊടുത്തും ബിജെപിയുടെ ഫാസിസ്റ്റ് നിലപാടുകളില്‍ നിന്ന് രാജ്യത്തെ രക്ഷിക്കണം. ഞങ്ങളുടെ പ്രവര്‍ത്തകരുടെ സുരക്ഷയ്ക്കായി സിപിഎമ്മിനെയും അടക്കി നിര്‍ത്തണം- സിപിഎമ്മാണോ ബിജെപിയാണോ പ്രധാന എതിരാളി എന്ന ചോദ്യത്തിന് മറപടിയായി രമ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com