'സഹിക്കാൻ കഴിയുന്നില്ല, ഇതാണോ സർക്കാർ എനിക്കുതരാമെന്ന് പറഞ്ഞ നീതി'ഉള്ളുപിടഞ്ഞ് നീനു ചോദിക്കുന്നു

കെവിൻ മരിച്ചിട്ട് ഒരുവർഷം തികയുന്ന ദിവസംതന്നെ പൊലീസ് ഉദ്യോ​ഗസ്ഥനെ തിരിച്ചെടുത്തപ്പോൾ ഞാനാകെ തകർന്നുപോയെന്നും ഇതാണോ സർക്കാർ തനിക്ക് തരാമെന്ന് പറഞ്ഞ നീതിയെന്ന് നീനു ചോദിച്ചു
'സഹിക്കാൻ കഴിയുന്നില്ല, ഇതാണോ സർക്കാർ എനിക്കുതരാമെന്ന് പറഞ്ഞ നീതി'ഉള്ളുപിടഞ്ഞ് നീനു ചോദിക്കുന്നു

കെവിൻ വധക്കേസിൽ ശിക്ഷ നേരിട്ട പൊലീസ് ഉദ്യോ​ഗസ്ഥനെ തിരിച്ചെടുത്തതിനെ രൂക്ഷമായി വിമർശിച്ച് കെവിന്റെ ഭാര്യ നീനു.  കെവിൻ മരിച്ചിട്ട് ഒരുവർഷം തികയുന്ന ദിവസംതന്നെ പൊലീസ് ഉദ്യോ​ഗസ്ഥനെ തിരിച്ചെടുത്തപ്പോൾ ഞാനാകെ തകർന്നുപോയെന്നും ഇതാണോ സർക്കാർ തനിക്ക് തരാമെന്ന് പറഞ്ഞ നീതിയെന്ന് നീനു ചോദിച്ചു. കെവിൻ വധക്കേസ് അന്വേഷണത്തിൽ വീഴ്ചവരുത്തിയതിനെത്തുടർന്ന് പിരിച്ചുവിട്ട ഗാന്ധിനഗർ മുൻ എസ്.ഐ. എം.എസ്. ഷിബുവിനെ കഴിഞ്ഞ ദിവസമാണ് തിരിച്ചെടുത്തത്. 

‘‘എനിക്ക് പാർട്ടിയോ രാഷ്ട്രീയമോ ഒന്നുമില്ല. കെവിൻ ചേട്ടന്റെ മരണത്തിന് കാരണക്കാരായവരിൽ ഒരാൾ വീണ്ടും കാക്കിയണിയുമ്പോൾ സഹിക്കാൻ കഴിയുന്നില്ല. ചേട്ടനു ജീവൻ നഷ്ടമായപ്പോൾ അയാൾക്ക്‌ ജോലിപോലും നഷ്ടമാകുന്നില്ല. ഇതാണോ എനിക്കുതരാമെന്ന് സർക്കാർ പറഞ്ഞ നീതി’’ നീനു ചോദിച്ചു. പൊലീസുകാരന് ജോലി തിരിച്ചു കിട്ടിയെന്ന് അച്ഛൻ പറഞ്ഞപ്പോൾ ഉള്ളു പിടഞ്ഞു. മനോവിഷമം കാരണം അച്ഛനും അമ്മയും സഹോദരിയുംകൂടി ആത്മഹത്യചെയ്യുമെന്നാണ് ആദ്യം അച്ഛൻ പറഞ്ഞത്. അപ്പോൾ സങ്കടം ഉള്ളിലൊതുക്കി അവരെ ആശ്വസിപ്പിച്ചത് താനാണെന്നും നീനു പറയുന്നു. 

കെവിന്റെ മരണത്തിന് പ്രധാന കാരണക്കാരിൽ ഒരാൾ ആ പോലീസുകാരനാണെന്നും  എന്നെ ബലമായി വീട്ടുകാർക്ക് പിടിച്ചുകൊണ്ടുപോകാൻ സമ്മതം കൊടുത്തതും അയാളാണെന്നുമാണ് നീനു പറയുന്നത്. മജിസ്ട്രേറ്റിനുമുന്നിലും കോടതിയിലും അയാൾക്ക് എതിരായി മൊഴികൊടുത്തപ്പോൾ താൻ ഇതെല്ലാം പറഞ്ഞു. എന്റെ മൊഴിയിൽ വിശ്വസിച്ച് അയാളെ പുറത്താക്കിയപ്പോൾ സന്തോഷിച്ചയാളാണ് ‍ഞാൻ. ഇപ്പോൾ തരംതാഴ്ത്തിയാണെന്ന ന്യായംപറഞ്ഞ് തിരിച്ചെടുക്കുന്നു. എങ്കിൽ എന്തിനാ അന്ന് പുറത്താക്കിയതെന്നാണ് എനിക്ക് മനസ്സിലാകാത്തതെന്നും നീനു പറഞ്ഞു. 

കെവിനേയും ബന്ധു അനീഷിനേയും തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പൊലീസ് സ്റ്റേഷനിൽ എത്തി രേഖാമൂലം പരാതി നൽകിയിരുന്നു എന്നാൽ എസ്ഐ അത് അവ​ഗണിച്ചു. അതിന് മുൻപത്തെ ദിവസവും കെവിനോട് മോശമായാണ് പൊലീസ് പെരുമാറിയതെന്നും നീനു പറയുന്നു. ഡി.ജി.പി.പോലും അറിയാതെ എസ്.ഐ.യെ തിരിച്ചെടുത്തെന്നാണ് പറയുന്നത്. ഇത് സാധ്യമാണോ എന്നാണ് നീനു ചോദിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com