ഭക്തര്‍ക്ക് ആശ്വാസനടപടി ; സ്വകാര്യവാഹനങ്ങള്‍ക്ക് പമ്പയിലേക്ക് അനുമതി; ഹൈക്കോടതി ഉത്തരവ്

പമ്പയില്‍ സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിങ്ങ് അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു
ഭക്തര്‍ക്ക് ആശ്വാസനടപടി ; സ്വകാര്യവാഹനങ്ങള്‍ക്ക് പമ്പയിലേക്ക് അനുമതി; ഹൈക്കോടതി ഉത്തരവ്

കൊച്ചി : ശബരിമല ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് ആശ്വാസം. ഭക്തരുടെ സ്വകാര്യ വാഹനങ്ങളെ പമ്പയിലേക്ക് കടത്തിവിടാന്‍ ഹൈക്കോടതി ഉത്തരവ്. 12 സീറ്റ് വരെയുള്ള വാഹനങ്ങളെ പമ്പയിലേക്ക് കടത്തിവിടാനാണ് കോടതി നിര്‍ദേശിച്ചത്. പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാമെന്ന് സര്‍ക്കാര്‍ കോടതിയെ ഇന്ന് നിലപാട് അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

ഭക്തരുടെ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിട്ടാല്‍ എന്താണ് സംഭവിക്കുക എന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. ഭക്തരുടെ യാത്ര സുഖകരമാക്കുകയല്ലേ വേണ്ടതെന്നും കോടതി ചോദിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങളെ കടത്തിവിടാന്‍ അനുവദിക്കാമെന്ന് സര്‍ക്കാര്‍ നിലപാട് മാറ്റിയത്. നിലയ്ക്കല്‍ പമ്പ റൂട്ടിലെ ഗതാഗതക്കുരുക്കും അഅപകടങ്ങളുമാണ് നിരോധനം ഏര്‍പ്പെടുത്തിയതിന് കാരണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ഇനി മുതല്‍ അയ്യപ്പദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് സ്വകാര്യ വാഹനത്തില്‍ പമ്പയില്‍ ഇറങ്ങാനാകുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതുവരെ സ്വകാര്യ വാഹനങ്ങളിലെത്തുന്ന ഭക്തര്‍ നിലയ്ക്കലില്‍ ഇറങ്ങി കെഎസ്ആര്‍ടിസി ബസില്‍ കയറിയാണ് പമ്പയിലേക്ക് പോകേണ്ടിയിരുന്നത്. ഇതിലാണ് സര്‍ക്കാര്‍ ഇളവ് അനുവദിച്ചത്.

എന്നാല്‍ പമ്പയില്‍ സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിങ്ങ് അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഭക്തരെ ഇറക്കിയ ശേഷം സ്വകാര്യ വാഹനങ്ങള്‍ നിലയ്ക്കലേക്ക് പോകണം. ദര്‍ശനം കഴിഞ്ഞ് തിരികെ എത്തുന്ന ഭക്തര്‍ക്ക് സ്വകാര്യം വാഹനം പമ്പയിലേക്ക് വരുത്തി മടങ്ങി പോകാവുന്നതാണെന്നും സര്‍ക്കാര്‍ അറിയിച്ചു. അതേസമയം നിലയിക്കല്‍-പമ്പ റൂട്ടില്‍ ഏതെങ്കിലും തരത്തില്‍ ഗതാഗത തടസ്സം ഉണ്ടായാല്‍ അതിനനുസരിച്ചുള്ള ക്രമീകരണം നടത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

നിലവില്‍ നിലയ്ക്കല്‍-പമ്പ റൂട്ടില്‍ സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിങ്ങ് അനുവദിക്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. സര്‍ക്കാരിന്‍രെ പുതിയ നിലപാടിനെ കെഎസ്ആര്‍ടിസി എതിര്‍ത്തേക്കും. ഇപ്പോള്‍ നിലയ്ക്കല്‍-പമ്പ റൂട്ടില്‍ കെഎസ്ആര്‍ടിസി മാത്രമാണ് സര്‍വീസ് നടത്തുന്നത്. സ്വകാര്യ വാഹനങ്ങളെ പമ്പയിലേക്ക് കടത്തിവിടുന്നതോടെ തങ്ങളുടെ വരുമാനത്തില്‍ കുത്തനെ ഇടിവുണ്ടാകും എന്നതാണ് കെഎസ്ആര്‍ടിസി ചൂണ്ടിക്കാണിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com