അമ്മ 'ഇൻഫർമേഷൻ ഓഫീസർ', മകൻ 'ഐപിഎസ്'; രണ്ട് കോടിയോളം തട്ടിച്ച് വാങ്ങിയത് 12 ആഢംബരകാറുകൾ, ഒടുവിൽ അറസ്റ്റ് 

അമ്മ 'ഇൻഫർമേഷൻ ഓഫീസർ', മകൻ 'ഐപിഎസ്'; രണ്ട് കോടിയോളം തട്ടിച്ച് വാങ്ങിയത് 12 ആഢംബരകാറുകൾ, ഒടുവിൽ അറസ്റ്റ് 

വ്യാജ ശമ്പളസർട്ടിഫിക്കറ്റുണ്ടാക്കി വിവിധ ബാങ്കുകളിൽനിന്നായി രണ്ട്കോടിയോളം രൂപ വായ്പയെടുത്തിട്ടുണ്ടെന്നാണ് കരുതുന്നത്

ഗുരുവായൂർ: അമ്മയും മകനും ചേർന്ന് ബാങ്കുകളെ കബളിപ്പിച്ചു നടത്തിയ കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ് പുറത്തായി. ഐപിഎസുകാരനാണെന്നു മകനും അസിസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസറാണെന്ന് അമ്മയും തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. തലശ്ശേരി തിരുവങ്ങാട്ട് കുനിയിൽ മണൽവട്ടം വീട്ടിൽ ശ്യാമളയും(58) മകൻ വിപിൻ കാർത്തിക്കും (29) ചേർന്നാണ്  ബാങ്കുകളിൽനിന്ന് വായ്പയെടുത്ത് തട്ടിപ്പ് നടത്തിയത്. ശ്യാമളയെ പൊലീസ് അറസ്റ്റു ചെയ്തു. രക്ഷപ്പെട്ടോടിയ വിപിനെ പിടികൂടാനുള്ള ശ്രമത്തിലാണു പൊലീസ്.

വ്യാജ ശമ്പളസർട്ടിഫിക്കറ്റുണ്ടാക്കി വിവിധ ബാങ്കുകളിൽനിന്നായി ഇരുവരും ചേർന്ന് രണ്ട്കോടിയോളം രൂപ വായ്പയെടുത്തിട്ടുണ്ടെന്നാണ് കരുതുന്നത്. ഇതുപയോ​ഗിച്ച് 12ഓളം ആഢംബരകാറികൾ ഇവർ വാങ്ങിയിട്ടുണ്ട്. വായ്പയെടുത്ത് ആഡംബരക്കാറുകൾ വാങ്ങിയശേഷം ഇവ മറിച്ചുവിൽക്കുകയായിരുന്നു. ഒന്നരവർഷത്തിനിടെയാണ് തട്ടിപ്പുകൾ നടത്തിയിട്ടുള്ളത്. 

തലശ്ശേരിയിലും കോഴിക്കോട്ടും വീടുകളുള്ള ഇവർക്ക് ഗുരുവായൂർ താമരയൂരിൽ ഫ്ളാറ്റുമുണ്ട്. ഫ്ളാറ്റിലെ വിലാസത്തിലുള്ള ആധാർ നൽകിയാണ് ബാങ്കിൽ അക്കൗണ്ട് തുടങ്ങുന്നത്.  ഗുരുവായൂരിലെ മിക്ക ബാങ്കുകളിലും അക്കൗണ്ടുള്ള ശ്യാമളയും വിപിനും ഒരു ബാങ്കിൽനിന്ന് വായ്പെടുത്തതിന്റെ തിരിച്ചടവുകൾ പൂർത്തിയാക്കിയതായുള്ള രേഖകൾ വ്യാജമായി തയ്യാറാക്കിയാണ് അടുത്ത ബാങ്കിൽ നൽകുക. അഞ്ചുലക്ഷം രൂപ  മിനിമം ബാലൻസായി കാണിക്കുകയും ചെയ്യും. 

ഇന്ത്യൻ ഓവർസീസ് ബാങ്ക് ഗുരുവായൂർ ശാഖാ മാനേജരുടെ പരാതിയിൽ കേസെടുത്ത് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്.  ബാങ്ക് മാനേജരിൽ നിന്ന് 95 പവനും 25 ലക്ഷം രൂപയും തട്ടിയെടുത്തിട്ടുണ്ട്. വിപിനു കാൻസറാണെന്നും ചികിൽസയ്ക്കു പണം തികയുന്നില്ലെന്നും പറഞ്ഞാണു പല തവണയായി ഇതു കൈക്കലാക്കിയത്.

കാറുകൾ വായ്പയെടുത്ത് വാങ്ങി വിറ്റതിന്റെ  വിശദാംശങ്ങൾ വിപിൻ കാർത്തിക്കിന്റെ ഡയറിയിൽ നിന്നു പൊലീസിനു ലഭിച്ചു. ഒരു കാറും ബുള്ളറ്റും ​ഗുരുവായൂരിലെ ഫ്ലാറ്റിൽ നിന്ന് കസ്റ്റഡിയിലെടുത്തു. ജമ്മുകശ്‌മീരിലെ കുപ്‌വാര ജില്ലയിലെ ഐപിഎസ് ഓഫീസറാണെന്നാണ് വിപിൻ പറഞ്ഞിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com