കോഴിക്കോട്: തീകൊളുത്തി ആത്മഹത്യ ചെയ്ത ഓട്ടോ ഡ്രൈവര്‍ രാജേഷിന്റെ മൃതദേഹം വെസ്റ്റ്ഹില്ലിലെ ശ്മശാനത്തില്‍ ദഹിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് കുടുംബം പിന്മാറി. മൃതദേഹം വീട്ടുവളപ്പില്‍ അടക്കം ചെയ്യാനാണ് തീരുമാനം. പ്രതികളെ രക്ഷിക്കാന്‍ പൊലീസ് ഒത്തുകളിക്കുന്നെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് കുടുംബം പറഞ്ഞു.
മൃതദേഹം റീപോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ സാധ്യതയുണ്ടെന്നും മൃതദേഹവുമായി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുന്ന കാര്യം പരിഗണനയിലാണെന്നും കുടുംബം പറഞ്ഞു. എലത്തൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ മര്‍ദനത്തിനിരയായ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിലായിരുന്ന രാജേഷ് ഇന്നലെ രാത്രിയാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് എലത്തൂരില്‍ വച്ച് രാജേഷിനെ സിപിഎം പ്രാദേശിക നേതാക്കള്‍ അടങ്ങുന്ന സംഘം ആക്രമിച്ചത്. പരിക്കേറ്റ രാജേഷ് ഓട്ടോറിക്ഷയില്‍ സൂക്ഷിച്ചിരുന്ന പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജേഷിനെ പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രാജേഷ് എലത്തൂരില്‍ ഓട്ടോറിക്ഷ ഓടിക്കുന്നത് സിഐടിയു അംഗങ്ങളായ ഓട്ടോറിക്ഷ തൊഴിലാളികള്‍ വിലക്കിയിരുന്നു. ഇതേ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ